'പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചുവെച്ചു.... സത്യത്തിന്റെ ചുരുള്‍ അഴിയുമോ?' രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമായി ആരോഗ്യമന്ത്രിയുടെ പോസ്റ്റ്! വിദേശത്തേക്ക് വിഗ്രഹങ്ങള്‍ കടത്തിയതും കള്ളപ്പണം വെളുപ്പിച്ചതും ആര്? സോണിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ 'പിണറായിസം'; വീണാ ജോര്‍ജ്ജ് പറയുന്നത് എന്ത്? ശബരിമലയില്‍ സിപിഎമ്മും പ്രതീക്ഷയില്‍
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിഗൂഢത നിറഞ്ഞ സോഷ്യല്‍ മീഡിയ പോസ്റ്റ് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. 'പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചുവെച്ചു. സത്യത്തിന്റെ ചുരുള്‍ അഴിയുമോ?' എന്നിങ്ങനെ മൂന്ന് വരികള്‍ മാത്രമുള്ള മന്ത്രിയുടെ പോസ്റ്റാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. എന്തിനെക്കുറിച്ചാണ് മന്ത്രി ഇത്തരമൊരു കുറിപ്പ് പങ്കുവെച്ചതെന്ന കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും നിലവില്‍ ലഭ്യമല്ല. അതിനിടെ സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ചിത്രം സിപിഎം പ്രചരണായുധമാക്കും. ഇതിന്റെ തുടക്കമാണ് ആരോഗ്യമന്ത്രിയുടെ പോസ്റ്റ് എന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രതികരണം വന്നതെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമുണര്‍ത്തുന്നുണ്ട്. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചാണോ മന്ത്രി സൂചിപ്പിച്ചതെന്നാണ് ഭൂരിഭാഗം പേരും കമന്റുകളിലൂടെ ചോദിക്കുന്നത്. ശബരിമല കേസില്‍ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഗോവര്‍ദ്ധനും മുന്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി എന്ത് ബന്ധമാണുള്ളതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ പോസ്റ്റ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ശബരിമലയെ സിപിഎമ്മും പ്രചരണായുധമാക്കും എന്നാണ് ഈ പോസ്റ്റും നല്‍കുന്ന സൂചന.
മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി ചോദ്യങ്ങളുമായി അണികളും രാഷ്ട്രീയ നിരീക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ള കേസിലെ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചാണോ അതോ വകുപ്പുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാര്യമാണോ മന്ത്രി ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. സത്യം പുറത്തുവരുമെന്ന മന്ത്രിയുടെ ആത്മവിശ്വാസം വലിയൊരു രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണോ എന്നും പലരും സംശയിക്കുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ രാഷ്ട്രീയത്തില്‍ വലിയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കും ബെല്ലാരി സ്വദേശി ഗോവര്‍ദ്ധനും അന്നത്തെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി എന്ത് ബന്ധമാണുള്ളതെന്ന മുഖ്യമന്ത്രിയുടെ ചോദ്യം കോണ്‍ഗ്രസ് കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കുമെന്നാണ് സിപിഎം പ്രതീക്ഷ.
ശബരിമലയില്‍ നിന്ന് കടത്തിയ അമൂല്യവസ്തുക്കളുടെ ഇടപാടുകള്‍ക്ക് ഡല്‍ഹിയിലെ ഉന്നത സ്വാധീനം ഉപയോഗിക്കപ്പെട്ടോ എന്ന സംശയമാണ് മുഖ്യമന്ത്രി ഇതിലൂടെ പ്രകടിപ്പിച്ചത്. പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ ശേഖരിച്ചിരിക്കുന്ന തെളിവുകളില്‍ പലതും ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്നതാണെന്നും, ഇത് ഉടന്‍ പുറത്തുവരുമെന്നുമാണ് എല്‍ഡിഎഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം, രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് സര്‍ക്കാര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന നിലപാടിലാണ് പ്രതിപക്ഷം. എന്നാല്‍, മുഖ്യമന്ത്രി നേരിട്ട് സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതോടെ കേസ് അതീവ ഗൗരവകരമായ ഒരു ഘട്ടത്തിലേക്ക് മാറിയിരിക്കുകയാണ്. വിദേശത്തേക്ക് വിഗ്രഹങ്ങള്‍ കടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കൂടി ഈ കേസില്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
