സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ? ഷിംജിതയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് എന്തിന്? അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? സോഷ്യല്‍ മീഡിയയില്‍ ദീപക്കിനെ കൊലയ്ക്കു കൊടുത്ത യുവതി പിടിയിലാകുമ്പോള്‍ ജാമ്യം ലഭിക്കാന്‍ അവസരം നല്‍കരുതെന്ന് കുടുംബം; ഷിംജിത 14 ദിവസത്തേക്ക് റിമാന്‍ഡില്‍
ഷിംജിതയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് എന്തിന്?
കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ കേസില്‍ ഷിംജിത മുസ്തഫ അറസ്റ്റിലായതിന് പിന്നാലെ ജാമ്യം ലഭിക്കാന്‍ അവസരം നല്‍കരുതെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും ഈ അവസ്ഥ ഒരു മാതാപിതാക്കള്‍ക്കും വരരുതെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. അതിനിടെ, പ്രതി ഷിംജിതയെ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാത്തി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം വിമര്‍ശനമുന്നയിക്കുന്നു. ഷിംജിതയെ പൊലീസ് സഹായിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച കുടുംബം സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ എന്നും ചോദിക്കുന്നു.
ഷിംജിതയെ പൊലീസ് വാഹനത്തില്‍ കയറ്റാതെ സ്വകാര്യ വാഹനത്തില്‍ കയറ്റിയത് എന്തിന്? ഷിംജിതയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം ചോദിക്കുന്നു. അറസ്റ്റ് വൈകിയതിനാല്‍ തെളിവ് നശിപ്പിക്കപ്പെട്ടിട്ടുണ്ടാകും. ഒരു പ്രതിക്ക് ഇത്രയേറെ സംരക്ഷണം ഒരുക്കുന്നതെന്തിനെന്നും ദീപക്കിന്റെ കുടുംബം ചോദിക്കുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ന് ഉച്ചയോടെയാണ് ഷിംജിതയെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. അല്‍പ്പസമയത്തിനകം ഇവരെ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്നാണ് വിവരം. ഷിംജിതക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ഷിംജിതക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഷിംജിത കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസില്‍ വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നും ദുരുദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും കാട്ടി ഷിംജിത വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവയ്ക്കുകയും ഇത് വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തു. 20 ലക്ഷത്തിലേറെ പേര്‍ വീഡിയോ കാണുകയും നിരവധിയാളുകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നാണ് കുടുംബവും സുഹൃത്തുക്കളും പറയുന്നത്. കഴിഞ്ഞ ജനുവരി 18-നാണ് ദീപക് ജീവനൊടുക്കിയത്.
ലൈംഗികാതിക്രമം നടന്നതായി ആരോപിക്കപ്പെടുന്ന പയ്യന്നൂരിലെ ബസ് ജീവനക്കാരുടെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. നിയമനടപടികള്‍ പുരോഗമിക്കവെ, ദീപക്കിന്റെ കുടുംബം തങ്ങളുടെ പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ്.
