സംഘടനകള്‍ അല്ല, കോടതികള്‍ ഭരണഘടനയെ വ്യാഖ്യാനിക്കട്ടെ; ക്രൈസ്തവ സ്‌കൂളുകളില്‍ മാത്രം മുസ്ലീം മതാചാരങ്ങള്‍ നടപ്പാക്കാന്‍ ചിലര്‍ ഇറങ്ങുന്നത് പതിവായത് കൊണ്ടാണ് പറയേണ്ടി വരുന്നത്; പല വിഷയങ്ങളിലും വിദ്യാഭ്യാസ മന്ത്രി രാവിലെ പറയുന്നതല്ല വൈകിട്ട് പറയുന്നത്; ഹിജാബ് വിവാദത്തില്‍ വിമര്‍ശനവുമായി ദീപികയുടെ മുഖപ്രസംഗം

ഹിജാബ് വിവാദത്തില്‍ വിമര്‍ശനവുമായി ദീപികയുടെ മുഖപ്രസംഗം

Update: 2025-10-20 09:31 GMT

തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് വിമര്‍ശനവുമായി ദീപിക ദിനപത്രം. വിഷയത്തില്‍ വീണ്ടും മുഖപ്രസംഗം എഴുതിയാണ് ദീപിക രംഗത്തുവന്നത്. സംഘടനകള്‍ അല്ല, കോടതികള്‍ ഭരണഘടനയെ വ്യാഖ്യാനിക്കട്ടെ എന്ന് തലക്കെട്ടിലാണ് മുഖപ്രസംഗം.

ക്രൈസ്തവ സ്‌കൂളുകളില്‍ മാത്രം മുസ്ലീം മതാചാരങ്ങള്‍ നടപ്പാക്കാന്‍ ചിലര്‍ ഇറങ്ങുന്നത് പതിവായത് കൊണ്ടാണ് അത് പറയേണ്ടി വരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. പല വിഷയങ്ങളിലും രാവിലെ പറയുന്നതല്ല വൈകിട്ട് പറയുന്നതെന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെയും പത്രം വിമര്‍ശിക്കുന്നു. കന്യാസ്ത്രീ ധരിച്ചിരിക്കുന്നത് കന്യാസ്ത്രീയുടെ യൂണിഫോം ആണെന്നും അത് വിദ്യാര്‍ഥിനിക്ക് ബാധകമല്ലെന്നും ദീപിക.

വിദ്യാര്‍ഥിനിക്ക് എന്തെങ്കിലും വിഷമം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റിന് ആകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ശരിയല്ല. സ്വന്തം പാര്‍ട്ടിയുടെ സമ്മര്‍ദം കൊണ്ട് ഒടുവില്‍ മന്ത്രിക്ക് മാനേജ്‌മെന്റുകളുടെ ആവശ്യം ന്യായമാണെന്ന് പറയേണ്ടി വന്നില്ലേ എന്നും ദീപികയുടെ ചോദ്യം. പല വിഷയങ്ങളിലും മന്ത്രി രാവിലെ പറയുന്നതല്ല വൈകിട്ട് പറയുന്നത്.

മന്ത്രിയെ ഭരണഘടന സംരക്ഷകനായി ചിത്രീകരിക്കുന്ന മതമൗലികവാദികളുടെ സംഘടനകളുടെയും അവരുടെ ഒളിപ്പോരാളികളുടെ മതതാല്‍പര്യങ്ങളും മന്ത്രി അറിയണം. വെറുമൊരു വ്യായാമ നൃത്തത്തിന്റെ പേരില്‍ പോലും ഇവരുടെ പ്രതികരണം ഓര്‍ക്കുന്നത് നന്നെന്നും ദീപിക വിമര്‍ശിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ അഴിഞ്ഞാടുന്ന മതഭ്രാന്തനെ ഭയന്ന് മതവിശ്വാസികള്‍ മാറിനില്‍ക്കരുത്.

രാഷ്ട്രീയത്തെയും മതം വിഴുങ്ങിയ കാലത്ത് മതസൗഹാര്‍ദം നിലനിര്‍ത്താന്‍ യഥാര്‍ഥ മതവിശ്വാസികളുടെ സ്ഥിരം വേദി ഉണ്ടാകണം. പറഞ്ഞാല്‍ തീരാത്തതൊന്നും ഇവിടെയില്ല. മഹാപ്രളയങ്ങളെ കൈകോര്‍ത്ത് അതിജീവിച്ചവര്‍ മതഭ്രാന്തിന്റെ കുത്തൊഴുക്കില്‍ പരസ്പരം കൈവിടരുതെന്നും ദീപിക മുഖപ്രസംഗം.

ദീപികയുടെ മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:

സംഘടനകളല്ല, ഭരണഘടനയെ കോടതി വ്യാഖ്യാനിക്കട്ടെ

ശാന്തമായി മുന്നോട്ടുപോയിരുന്ന ഒരു സ്‌കൂളില്‍ തുടങ്ങിവച്ച ഹിജാബ് വിവാദത്തിന് വിദ്യാഭ്യാസമന്ത്രി കൊടുത്ത പിന്തുണയെ മതമൗലികവാദികളും രാഷ്ട്രീയ മുതലെടുപ്പുകാരും വിദഗ്ധമായി ഏറ്റെടുത്തു. യൂണിഫോം കോഡ് നിര്‍ബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഉണ്ടെന്നും ഹിജാബ് അനുവദിക്കണമെന്നു വിധിക്കാനാകില്ലെന്നുമുള്ള 2018ലെ കേരള ഹൈക്കോടതി വിധി നിലനില്‍ക്കേയാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ എന്തോ ഭരണഘടനാലംഘനം നടത്തിയെന്നു പ്രചരിപ്പിക്കുന്നത്.

നിലവില്‍ പല ക്രൈസ്തവ സ്‌കൂളുകളും ഹിജാബ് അനുവദിക്കുന്നുണ്ട്. അതുപോലെ സെന്റ് റീത്താസ് പോലെയുള്ള സ്‌കൂളുകളുടെ തീരുമാനവും മാനിക്കപ്പെടണം. അതിനപ്പുറം, ഹിജാബ് വിഷയത്തിലെ ഭരണഘടനാ വ്യാഖ്യാനങ്ങള്‍ കോടതി നടത്തട്ടെ. അത്തരം വിധികള്‍ എന്തായാലും മാനിക്കാന്‍ ക്രൈസ്തവര്‍ക്കറിയാം.

പക്ഷേ, മതസംഘടനകളും അഭ്യുദയകാംക്ഷികളും നടത്തുന്ന വ്യാഖ്യാനങ്ങളും കുത്തിത്തിരിപ്പും സ്വീകാര്യമല്ല. സമീപകാലത്ത്, ക്രൈസ്തവ സ്‌കൂളുകളില്‍ മാത്രം മുസ്ലിം മതാചാരങ്ങള്‍ നടപ്പാക്കാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് പതിവായതുകൊണ്ടാണ് അതു പറയേണ്ടിവരുന്നത്. കഴിഞ്ഞ നിലന്പൂര്‍ തെരഞ്ഞെടുപ്പിലും ഓരോ മതമൗലികവാദ സംഘടനകളെ ഒക്കത്തിരുത്തിയവര്‍ക്കും താലിബാനെ താലോലിക്കുന്നവര്‍ക്കുമൊക്കെ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്.

പക്ഷേ, വിദ്യാഭ്യാസത്തെയെങ്കിലും വെറുതെ വിടണം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ യഥാര്‍ഥ മതേതര വിശ്വാസികള്‍ നിശബ്ദരായിരിക്കരുത്. മതനേതാക്കള്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കണം. മതഭ്രാന്തുകളെ വിദ്യാലയങ്ങളുടെ പടി കയറ്റാതിരിക്കാന്‍ നമുക്കൊരു സ്ഥിരം സംവിധാനമുണ്ടാകണം. ഭിന്നിക്കാനല്ല, കൈ കോര്‍ക്കാന്‍ ഇതാണു സമയം.

ചില അവാസ്തവങ്ങളെ ചൂണ്ടിക്കാണിച്ചില്ലെങ്കില്‍ നുണകള്‍ അതിവേഗം ലോകംചുറ്റിവരും. ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീ, ഹിജാബ് ധരിച്ച വിദ്യാര്‍ഥിനിയോട് അതു പാടില്ലെന്നു പറയുന്നത് എന്തു വിരോധാഭാസമാണെന്നു പറഞ്ഞത് വിദ്യാഭ്യാസ മന്ത്രിയാണ്. സര്‍, കന്യാസ്ത്രീ ധരിച്ചിരിക്കുന്നത് അവരുടെ യൂണിഫോമാണ്.

വിദ്യാര്‍ഥികള്‍ക്കു നിഷ്‌കര്‍ഷിച്ചിരുന്ന യൂണിഫോം കന്യാസ്ത്രീകള്‍ക്കോ മറ്റധ്യാപകര്‍ക്കോ ബാധകമല്ല. മുസ്ലിം സ്‌കൂളുകളില്‍ ഉള്‍പ്പെടെ മതവേഷം ധരിക്കുന്ന അധ്യാപകരുണ്ട്. ആ വേഷം ധരിക്കാന്‍ മുസ്ലിം മാനേജ്‌മെന്റും വിദ്യാര്‍ഥികളെ അനുവദിക്കാറില്ല. അതുപോലെ അനിവാര്യമായ മതാചാരങ്ങള്‍ (എസെന്‍ഷ്യല്‍ റിലിജിയസ് പ്രാക്റ്റിസ്) ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം അനുവദനീയമാണ്. ഹിജാബിന്റെ കാര്യത്തില്‍ അത്തരമൊരു തീരുമാനം ഉണ്ടായാല്‍ അതു നടപ്പാക്കുന്നതില്‍ ആര്‍ക്കുമില്ല രണ്ടഭിപ്രായം.

പക്ഷേ, നിലവില്‍ യൂണിഫോമിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ തീരുമാനമെടുക്കും. അതിനു മാനേജ്‌മെന്റിന് പൂര്‍ണ അധികാരമുണ്ടെന്ന് 2018ല്‍ കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും 2022ല്‍ കര്‍ണാടക ഹൈക്കോടതിയും വിധിച്ചിട്ടുള്ളതാണ്.

ഇതിനെതിരേയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ചില്‍ ഭിന്നവിധി ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കേസ് വിശാലബെഞ്ചിനു വിട്ടു. വിധി ഉണ്ടാകുന്നതുവരെ യൂണിഫോമിന്റെ പേരില്‍ കന്യാസ്ത്രീകളെ മന്ത്രി വര്‍ഗീയതയുടെ ശിരോവസ്ത്രം ധരിപ്പിക്കരുത്. യൂണിഫോം നിര്‍ബന്ധമായ പല സര്‍ക്കാര്‍ സര്‍വീസുകളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലുള്ള സംവിധാനങ്ങളിലും മതനിരപേക്ഷമായ യൂണിഫോമാണല്ലോ നിര്‍ദേശിച്ചിരിക്കുന്നത്.

മന്ത്രി പറഞ്ഞ മറ്റൊരു കാര്യം, വിദ്യാര്‍ഥിനിക്ക് എന്തെങ്കിലും വിഷമമുണ്ടായാല്‍ അതിന്റെ ഉത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റായിരിക്കുമെന്നാണ്. നാലു മാസം സെന്റ് റീത്താസിലെ മറ്റ് 449 വിദ്യാര്‍ഥികളെപ്പോലെ യൂണിഫോം ധരിച്ച് സന്തോഷവതിയായിരുന്ന കുട്ടിയെ ഒരു സുപ്രഭാതത്തില്‍ ഹിജാബും ധരിപ്പിച്ചു വിട്ട മാതാപിതാക്കള്‍ക്കും അതിന്റെ പേരില്‍ സ്‌കൂളിന്റെ വളപ്പില്‍ കടന്ന് ബഹളംവച്ച് എല്ലാ വിദ്യാര്‍ഥികളെയും ഭയപ്പെടുത്തിയ മുസ്ലിം സംഘടനാ ഭാരവാഹികള്‍ക്കും കോലാഹലം ഉണ്ടാക്കിയവര്‍ക്കുമൊന്നും ഇല്ലാത്ത ഉത്തരവാദിത്വം നിശ്ചിത യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ട ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു നല്‍കിയ അങ്ങയുടെ രാഷ്ട്രീയം ശുദ്ധമാണെന്നു തോന്നുന്നില്ല.

ആവശ്യത്തിന് ആളെ കിട്ടാത്തതിനാല്‍ ഭിന്നശേഷിസംവരണത്തിന്റെ പേരില്‍ മറ്റ് അധ്യാപകരുടെ നിയമനം തടഞ്ഞുവയ്ക്കരുതെന്ന എന്‍എസ്എസ് കേസിലെ സുപ്രീംകോടതിവിധി മറ്റുള്ളവര്‍ക്കും ബാധകമാക്കണമെന്നു പറഞ്ഞതിന്, ക്രൈസ്തവ മാനേജ്‌മെന്റുകള്‍ ജാതിയും മതവും നോക്കി വിരട്ടണ്ടെന്നും വിമോചനസമരത്തിനു ശ്രമിക്കണ്ടെന്നും പറയാന്‍ അങ്ങേക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു.

പിന്നീട് പാര്‍ട്ടിയുടെ സമ്മര്‍ദത്താലാകാം ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ ആവശ്യം ന്യായമാണെന്ന് അങ്ങേക്കു മാറ്റിപ്പറയേണ്ടിവന്നു. ഹിജാബ് വിഷയത്തിലും വൈകിട്ടു പറയുന്നതല്ല അങ്ങ് രാവിലെ പറയുന്നത്. അങ്ങയെ ഭരണഘടനാ സംരക്ഷകനായി ചിത്രീകരിക്കുന്ന മതമൗലികവാദ സംഘടനയുടെയും അവരുടെ ഒളിപ്പോരാളികളുടെയും മതതാത്പര്യങ്ങള്‍ അറിഞ്ഞിരിക്കുന്നതു നല്ലത്. വെറുമൊരു വ്യായാമ നൃത്തത്തിന്റെ പേരില്‍പോലും ഈ ഭരണഘടനാ ആരാധകരുടെ പ്രതികരണം കേരളം മറന്നിട്ടില്ല.

ചില വസ്തുതകള്‍കൂടി പറയാം. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കണ്ണൂരിലെ ഒരു സ്‌കൂളില്‍ വെള്ളിയാഴ്ച നിസ്‌കാരത്തിനു കുട്ടികളെ സ്‌കൂള്‍ ബസില്‍ കൊണ്ടുപോകുന്ന വീഡിയോ കാണിച്ച്, അതാണ് മതേതരത്വത്തിന്റെ ഉജ്വല മാതൃകയെന്നു ചിലര്‍ ക്ലാസെടുക്കുന്നുണ്ട്. അതെ, കത്തോലിക്കാസഭയുടെ ആ മാതൃക ഇതര മതസ്ഥരായ വിദ്യാര്‍ഥികളുടെ മതപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി മുസ്ലിം മാനേജ്മന്റുകളും നടത്തട്ടെ.

അല്ലാതെ, തങ്ങളുടെ സ്ഥാപനത്തില്‍ മറ്റൊരു മതത്തിനും പ്രാര്‍ഥനാമുറികള്‍ അനുവദിച്ചിട്ടില്ലാത്തവര്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം നിസ്‌കാരമുറി ആവശ്യപ്പെടുന്നതുപോലെയുള്ള നാടകം നടത്തരുത്. അതുപോലെ വത്തിക്കാനിലെ അപ്പസ്‌തോലിക ലൈബ്രറിയില്‍ നിസ്‌കരിക്കാന്‍ അനുവാദം കൊടുത്തെന്ന വാര്‍ത്തയും മതമൗലികവാദികള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. അതു പുതിയ കാര്യമല്ല. കത്തോലിക്കാസഭയുടെ ആസ്ഥാനം ഒരാളെയും അകറ്റിനിര്‍ത്തില്ല.

അതിനൊരു പ്രധാന കാരണം, അവിടെ ഉപയോഗത്തിലൂടെ പോലും സ്വത്തുക്കള്‍ വഖഫാക്കുന്ന നിയമം ഇല്ലാത്തതാകാം. പതിറ്റാണ്ടുകള്‍ക്കു മുന്പു നിയമാനുസൃതം വാങ്ങിയ സ്വന്തം കിടപ്പാടത്തിനുവേണ്ടി രാപകല്‍ സമരം ചെയ്യേണ്ടിവരുന്ന ഇന്ത്യയില്‍ അതല്ലല്ലോ സ്ഥിതി. അതുപോലെ, കണ്ണൂര്‍ ജില്ലയിലുള്‍പ്പെടെ ചില ക്രൈസ്തവ മാനേജ്‌മെന്റുകള്‍ സ്‌കൂളില്‍ ഹിജാബ് അനുവദിക്കുന്നുണ്ട്.

കാസര്‍ഗോഡ് ഒരു അണ്‍ എയ്ഡഡ് സിബിഎസ്ഇ സ്‌കൂളില്‍ വെളുത്ത സ്‌കാര്‍ഫ് മാത്രം അനുവദിക്കുന്നുണ്ട്. അതൊന്നും ഒരു മതമൗലികവാദ സംഘടനയുടെയും തീട്ടൂരത്തിന്റെ അടിസ്ഥാനത്തിലല്ല. അതേപോലെ, സെന്റ് റീത്താസ് ഉള്‍പ്പെടെ പല സ്‌കൂളുകളും യൂണിഫോമില്‍ ഹിജാബ് ഉള്‍പ്പെടുത്തിയിട്ടില്ല. നിലവിലെ കോടതിവിധികളനുസരിച്ച് അതിനെ അംഗീകരിക്കാന്‍ എല്ലാവരും തയാറാകണം.

വ്യക്തിയുടെ ഐഡന്റിറ്റിയെ പൂര്‍ണമായോ ഭാഗിമായോ മറയ്ക്കുന്ന പര്‍ദയെയും ഹിജാബിനെയുമൊക്കെ പൊട്ടിനോടും കുങ്കുമക്കുറിയോടും കൊന്തയോടുമൊക്കെ ഉപമിക്കുന്നത് നിര്‍ദോഷകരമല്ല. നമുക്കിവിടെ ഭരണഘടനയുണ്ട്. തര്‍ക്കമുണ്ടായാല്‍ അതു വ്യാഖ്യാനിക്കാന്‍ മതേതര കോടതികളുമുണ്ട്. സിക്കുകാരുടെ അനിവാര്യ മതാചാരങ്ങളെ അനുവദിച്ചതുപോലെ കോടതി ഇക്കാര്യങ്ങളിലും തീരുമാനം ഉണ്ടാക്കും.

അതുവരെ സാമൂഹികവിരുദ്ധരെ പള്ളിക്കൂടങ്ങളില്‍ കയറ്റരുത്. ആ വിദ്യാലയങ്ങളുടെ സൃഷ്ടിയാണ് മതേതര കേരളം. അവിടെയാണ് ഇന്ത്യയുടെ ഭാവി. ഒരു വര്‍ഗീയതയെയും ഹിജാബിന്റെ ഗുണഭോക്താക്കളാക്കരുത്. ക്രൈസ്തവ സമുദായം ഈ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു കൊടുത്തിരിക്കുന്ന സംഭാവനകളും ഹിജാബ് വിഷയം ആളിക്കത്തിക്കാനെത്തിയവര്‍ കേരളത്തിനു കൊടുത്തിരിക്കുന്ന സംഭാവനകളും താരതമ്യം ചെയ്യുന്നതു നല്ലതാണ്.

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അഴിഞ്ഞാടുന്ന മതഭ്രാന്തരെ ഭയന്ന് മതവിശ്വാസികള്‍ മാറിനില്‍ക്കരുത്. രാഷ്ട്രീയത്തെയും മതം വിഴുങ്ങിയ കാലത്ത്, മതസൗഹാര്‍ദം നിലനിര്‍ത്താന്‍ യഥാര്‍ഥ മതവിശ്വാസികളുടെ സ്ഥിരം വേദിയുണ്ടാകണം. പറഞ്ഞാല്‍ തീരാത്തതൊന്നും ഇവിടെയില്ല. മഹാപ്രളയങ്ങളെ കൈകോര്‍ത്ത് അതിജീവിച്ചവര്‍ മതഭ്രാന്തിന്റെ കുത്തിയൊഴുക്കില്‍ പരസ്പരം കൈവിടരുത്.

Tags:    

Similar News