'രാഷ്ട്ര വന്ദനത്തിലേക്ക് ഒരു മതത്തിന്റെ ഈശ്വരവന്ദനം ഉള്‍പ്പെടുത്തിയത് ധ്രുവീകരണത്തിന്; മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാ ശില്‍പികളും ഒഴിവാക്കിയത് ഇന്ന് എന്‍ഡിഎ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുകയാണ്; വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരെ കത്തോലിക്കാ സഭ മുഖപത്രം ദീപിക
'രാഷ്ട്ര വന്ദനത്തിലേക്ക് ഒരു മതത്തിന്റെ ഈശ്വരവന്ദനം ഉള്‍പ്പെടുത്തിയത് ധ്രുവീകരണത്തിന്
കൊച്ചി: വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരെ കത്തോലിക്കാ സഭ മുഖപത്രം ദീപിക. എല്ലാവരും നടത്തേണ്ട രാഷ്ട്രവന്ദനത്തിലേക്ക് ഒരു മതത്തിന്റെ ഈശ്വരവന്ദനം ഉള്‍പ്പെടുത്തിയത് ധ്രുവീകരണത്തിനുള്ള ശ്രമമാണെന്ന് ദീപിക മുഖപത്രം വിമര്‍ശിച്ചു. ഇന്ത്യയുടെ മതേതര ചട്ടക്കൂടിനെ ദുര്‍ബലമാക്കുന്ന പിന്നോട്ടുള്ള ചുവടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാ ശില്‍പികളും ഒഴിവാക്കിയത് ഇന്ന് എന്‍ഡിഎ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുകയാണ്. ഒരു ബഹുസ്വര രാജ്യത്തെ ഉള്‍ക്കൊള്ളാത്ത തീരുമാനം. ദേശീയഗാനത്തിനു തുല്യമായ പദവി ദേശീയഗീതത്തിനുമുണ്ടെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചിട്ടുള്ളതാണ്. പക്ഷേ, കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ പുതിയ ഉത്തരവനുസരിച്ച്, ദേശീയനേതാക്കള്‍ ഒഴിവാക്കിയ നാലു ഖണ്ഡങ്ങളും ഉള്‍പ്പെടുത്തി വന്ദേമാതരത്തിന്റെ മൂന്നു മിനിറ്റും 10 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ആറു ഖണ്ഡങ്ങളും ഇനി ആലപിക്കണം.
തെരഞ്ഞെടുപ്പുകളില്‍ വോട്ടു ധ്രുവീകരണത്തിനു സഹായിച്ചേക്കാമെന്നല്ലാതെ, രാജ്യത്തിനോ ജനാധിപത്യത്തിനോ മതേതരത്വത്തിനോ ഒരു ഗുണവും ഇതുകൊണ്ട് ലഭിക്കില്ല. ഈ രാജ്യത്തെ പൗരന്മാരെ ഒന്നിപ്പിച്ച്, സ്വാതന്ത്ര്യസമരത്തിന്റെ നടുനായകത്വം വഹിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെന്ന ചരിത്രം നമുക്കിനി മാറ്റാനാകില്ല. ഹിന്ദുത്വയുടെ അക്കാലത്തെ പങ്ക് അത്ര അഭിമാനാര്‍ഹമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല. ഹിന്ദുത്വയുടെ ആ വിചാരധാരകളില്‍നിന്നകന്ന്, ദേശീയോദ്ഗ്രഥനത്തിന്റെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും എല്ലാവര്‍ക്കും ഒരുപോലെ അനുഭവപ്പെടുന്ന പുരോഗതി ലക്ഷ്യമാക്കുകയുമാണു വേണ്ടതെന്നം മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
വന്ദേമാതരത്തിന്റെ ആദ്യ ഭാഗമാണ് ദേശീയഗീതമായി അംഗീകരിച്ച് ഇതുവരെ പാര്‍ലമെന്റിലുള്‍പ്പെടെ ആലപിച്ചിരുന്നത്. ആരാധനാമൂര്‍ത്തികളെ പരാമര്‍ശിക്കുന്നതും യുദ്ധാഹ്വാന സ്വഭാവം ഉള്ളതുമായ രണ്ടാംഭാഗം ഒഴിവാക്കുകയെന്നത് ദേശീയ നേതാക്കള്‍ 1930കളിലെടുത്ത തീരുമാനമായിരുന്നു. മഹാത്മാ ഗാന്ധിയും മഹാകവി രബീന്ദ്രനാഥ ടഗോറും ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും അതിനുണ്ടായിരുന്നു. ഇപ്പോള്‍, പൂര്‍ണ വന്ദേമാതരത്തെ 'ഔദ്യോഗിക'മാക്കുമ്പോള്‍ ഭരണഘടനാശില്‍പികളെടുത്ത തീരുമാനമാണ് ലംഘിക്കപ്പെടുന്നത്.
സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്നു നിര്‍ബന്ധിക്കുന്നില്ല. അപ്പോഴും വന്ദേമാതരം പാടാന്‍ താല്‍പര്യമുള്ളവരും ഇല്ലാത്തവരും പൂര്‍ണ വന്ദേമാതരം പാടുന്നവരും പാടാത്തവരും എന്നിങ്ങനെയുള്ള വേര്‍തിരിവിന്റെ അപകടം വേണ്ടത്രയുണ്ടാക്കുന്നതാണ് നടപടി. ത്രിവര്‍ണ പതാകയും ദേശീയഗാനവും ഉള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങള്‍ക്കു നിയമപരമായ സംരക്ഷണമുണ്ട്. ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവര്‍ക്കുള്ള ശിക്ഷ 1971ലെ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍, വന്ദേമാതരം ആലാപനവും ഗീതത്തിന്റെ പൂര്‍ണരൂപവും സംബന്ധിച്ച വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് പ്രാബല്യത്തിലാക്കിയിരിക്കുന്നത്.
ഉത്തരവു ലംഘിച്ചെന്ന് ആരോപണമുണ്ടായാല്‍ എന്തു നടപടിയെന്നു വ്യക്തതയില്ല. ദേശീയപതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കേണ്ടത് പൗരരുടെ മൗലിക കടമയാണെന്ന് ഭരണഘടനയുടെ 51(എ)(എ) വകുപ്പ് വ്യക്തമാക്കുന്നു. ദേശീയഗീതത്തെ അതില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.
ദേശീയഗാനവും ദേശീയഗീതവും ഒരേ ചടങ്ങില്‍ ആലപിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഇപ്പോഴത്തെ ഉത്തരവില്‍ പറയുന്നുണ്ട്. ആദ്യം ദേശീയഗീതം, തുടര്‍ന്ന് ദേശീയഗാനം എന്നതാണ് നിര്‍ദേശം. ഈ വിഷയം 1955 നവംബറില്‍ കേന്ദ്ര സര്‍ക്കാരില്‍ ചര്‍ച്ചയായിരുന്നു. വന്ദേമാതരം പാടുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്ന് അന്നു വ്യക്തമാക്കപ്പെട്ടു. ദേശീയഗാനവും ദേശീയഗീതവും ഒരേ ചടങ്ങില്‍ പാടുന്നതിനു തടസ്സമില്ലെന്നും ചടങ്ങിന്റെ തുടക്കത്തില്‍ ദേശീയഗീതവും ചടങ്ങ് അവസാനിക്കുമ്പോള്‍ ദേശീയഗാനവും എന്നതാണു വേണ്ടതെന്നുമായിരുന്നു അന്നു തീരുമാനിച്ചത്.
