മാനനഷ്ടം ക്രിമിനല്‍ കുറ്റകൃത്യം; കേസ് നടക്കുമ്പോള്‍ ക്രിമിനല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ അനുവദിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് കടകംപള്ളിയുടെ അഭിഭാഷകന്‍; സ്വര്‍ണ്ണ കൊള്ളക്കാരന്‍ എന്ന് വിളിക്കരുതെന്ന് കടകംപള്ളി; അംഗീകരിച്ചാല്‍ തകരുക സതീശന്റെ വിശ്വാസ്യത; ആ മാനനഷ്ട കേസ് വഴിത്തിരിവില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തിയ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആവശ്യം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തള്ളും. കഴിഞ്ഞ ദിവസം കേസ് വാദത്തിനിടെ പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകനോട് ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിക്ക് പങ്കുണ്ടെന്ന സതീശന്റെ ആരോപണത്തില്‍ നല്‍കിയ മാനനഷ്ടക്കേസിലെ കോടതി നടപടികള്‍ക്ക് ഇടയിലായിരുന്നു ഈ ആവശ്യം.
ഈ വാദം പരിഗണനയില്‍ എടുത്ത കോടതി പ്രതിപക്ഷ നേതാവിന്റെ മറുപടി എന്താണ് എന്ന് അഭിഭാഷകനോട് ചോദിച്ചു. തന്റെ കക്ഷിയോട് ചോദിച്ച ശേഷം മറുപടി നല്‍കാം എന്ന് സതീശന്റെ അഭിഭാഷകന്‍ മൃദുല്‍ ജോണ്‍ മാത്യു മറുപടി നല്‍കി. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി. എന്നാല്‍ തന്റെ വിശ്വാസ്യതയെ ബാധിക്കുന്നതിനാല്‍ നിലപാടില്‍ സതീശന്‍ ഉറച്ചു നില്‍ക്കും. ഇക്കാര്യത്തില്‍ കോടതി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. പ്രതിപക്ഷനേതാവിന്റെ അഭിപ്രായം കോടതി പരിഗണിക്കും.
മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശന്‍ മാപ്പ് പറയണമെന്നും, സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് കടകംപളളി സുരേന്ദ്രന്‍ ഫയല്‍ ചെയ്തിരുന്നത്. കടകംപള്ളി നല്‍കിയ മാനനഷ്ട കേസിനെതിരെ വി.ഡി.സതീശന്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്. അതില്‍ തന്റെ കൈയ്യില്‍ തെളിവുണ്ടെന്നാണ് സതീശന്‍ പറയുന്നത്.
സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിക്ക് പങ്കുണ്ടെന്ന് പറഞ്ഞത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്നാണ് സതീശന്റെ നിലപാട്. ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ ദ്വാരപാലക ശില്‍പത്തെ പൊതിഞ്ഞ സ്വര്‍ണപാളികള്‍ സ്വാര്‍ഥ താല്‍പര്യത്തിനായി ആരെങ്കിലും കൈമാറ്റം ചെയ്തിട്ടുണ്ടാകാനിനിടയുള്ള വിദൂര സാധ്യതതയുമുണ്ട്. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകുമല്ലോ ഹൈക്കോടതി ഇത്തരം പരാമര്‍ശം നടത്തിയത് എന്ന് സതീശന്‍ പറയുന്നു.
2016 മുതല്‍ 2021 വരെ കടകംപളളി ദേവസ്വം മന്ത്രി ആയിരുന്ന കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉള്ള സമാന ഉത്തരവാദിത്തം മന്ത്രി എന്ന നിലയില്‍ കടകംപള്ളിക്കും ഉണ്ടെന്ന് സതീശന്‍ പറയുന്നു. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കേസില്‍ അറസ്റ്റിലായ പ്രതിയുമായ പത്മകുമാര്‍ പറഞ്ഞത് ദേവസ്വം മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അപേക്ഷ പരിഗണിച്ചതെന്നാണ്. ഇതും സതീശന്‍ ചര്‍ച്ചയാക്കും.
അതുകൊണ്ട് കടകംപള്ളിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ പ്രസ്താവന. അല്ലാതെ കടകംപള്ളിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതോ അധിക്ഷേപിക്കുന്നതോ ആയ ഒരു പ്രസ്താവനയും താന്‍ നടത്തിയിട്ടില്ലെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നതായും സതീശന്‍ വിശദീകരിക്കും. അതുകൊണ്ട് തന്നെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നതാണ് സതീശന്റെ പക്ഷം.
മാനനഷ്ടക്കേസിനെക്കുറിച്ച് മനോരമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകന്‍ രാജഗോപാലന്‍ നായര്‍ കോടതിയെ അറിയിച്ചു. കോടതിയെയും നീതിന്യായ വ്യവസ്ഥയെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായി രാജഗോപാലന്‍ നായര്‍ പറഞ്ഞു.
വി ഡി സതീശന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും 'കൈയില്‍ തെളിവുണ്ട്' എന്ന് ആവര്‍ത്തിക്കുന്നതല്ലാതെ, ഒരു തെളിവുപോലും കോടതിയിലോ പൊതുസമൂഹത്തിന് മുന്നിലോ ഹാജരാക്കാിയിട്ടില്ല. എന്നാല്‍ വ്യക്തിഹത്യ ചെയ്യുന്നത് വീണ്ടും തുടരുന്നു. ഈ സാഹചര്യത്തിലാണ്, തെളിവുകള്‍ ഹാജരാക്കാത്തിടത്തോളം കാലം വി ഡി സതീശനെ തുടര്‍ പ്രസ്താവനകളില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഒരു ഹര്‍ജി കൂടി ഫയല്‍ ചെയ്തത്. ഈ ഹര്‍ജിയിലാണ് വാദം തുടങ്ങിയത്.
മാനനഷ്ടം എന്നത് ഒരു ക്രിമിനല്‍ കുറ്റകൃത്യമാണെന്നും, കേസ് നടക്കുമ്പോള്‍ തന്നെ ക്രിമിനല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ അനുവദിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും ബോധിപ്പിച്ചിട്ടുണ്ട്. കോടതി സതീശനെ പ്രസ്താവനകളില്‍ നിന്നും വിലക്കുകയോ അല്ലെങ്കില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കില്ലെന്ന് സതീശന്‍ കോടതിക്ക് ഉറപ്പ് നല്‍കുകയോ ചെയ്‌തെങ്കില്‍ മാത്രമേ പ്രധാന ഹര്‍ജിയായ മാനനഷ്ടക്കേസിലെ വാദം ആരംഭിക്കാന്‍ സാധിക്കൂ എന്ന നിലപാടാണ് കോടതിയെ അറിയിച്ചത്.
ഈ കാര്യം സതീശനുമായി ആലോചിച്ച് മറുപടി അറിയിക്കാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 18ലേക്ക് മാറ്റിവെച്ചത്. കോടതിയില്‍ സതീശന്‍ തന്റെ പ്രസ്താവന ആവര്‍ത്തിക്കില്ല എന്ന് രേഖാമൂലം ഉറപ്പ് നല്‍കാത്ത പക്ഷം അടുത്ത ദിവസം ഇത് സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കാം എന്ന് കോടതി അറിയിച്ചു.
കോടതിയില്‍ നടന്ന യഥാര്‍ത്ഥ സംഭവം ഇതായിരിക്കെ, ഇതിന് വിരുദ്ധമായ വാര്‍ത്തയാണ് മനോരമ ന്യൂസ് അടക്കമുള്ള ചില മാധ്യമങ്ങള്‍ നല്‍കിയത്. ഇത് എവിടെ നിന്നും ലഭിച്ചു എന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. സതീശന്റെ അഭിഭാഷകനുമായി തന്റെ ഓഫീസ് ബന്ധപ്പെട്ടപ്പോള്‍, കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാത്രമാണ് വി ഡി സതീശനോട് പങ്കുവെച്ചതെന്നും, മനോരമ നല്‍കിയ തെറ്റായ വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്നുമാണ് മറുപടി ലഭിച്ചത്. കോടതിയില്‍ നടക്കാത്ത കാര്യങ്ങള്‍ നടന്നുവെന്ന് വാര്‍ത്ത ചമയ്ക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. അതിനാല്‍, മനോരമ ന്യൂസും മറ്റ് മാധ്യമങ്ങളും അടിയന്തരമായി ഈ വാര്‍ത്ത തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
