അരക്കോടി രൂപ ചെലവിട്ട് തിരച്ചില്‍ നടത്തിയിട്ടും ഒന്നും കിട്ടാത്തതിനാല്‍ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന് വിശ്വാസികള്‍; അനന്യ ഭട്ടിന്റെ മരണവും കെട്ടുകഥ; ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് പ്രശ്നമെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും സാക്ഷി; ധര്‍മ്മസ്ഥലയില്‍ ഒടുവില്‍ വാദി പ്രതിയാവുമോ?

ധര്‍മ്മസ്ഥലയില്‍ ഒടുവില്‍ വാദി പ്രതിയാവുമോ?

Update: 2025-08-16 16:38 GMT

സ്പെന്‍സും, ട്വിസ്റ്റും നിറഞ്ഞ ഒരു ത്രില്ലര്‍ സിനിമ പോലെയാവുകയാണ്, കര്‍ണ്ണാടകയിലെ ശ്രീ മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളിലെ അന്വേഷണം. 50 ലക്ഷം രൂപയിലധികം ചെലവിട്ട് നേത്രാവദി നദിക്കരയില്‍ കൂഴിച്ചിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ ഒന്നും കിട്ടാത്തതിനാല്‍ ശുചീകരണത്തൊഴിലാളിക്കെതിരെ കേസ് എടുക്കണമെന്നാണ് വിശ്വാസി കൂട്ടായ്മകള്‍ പറയുന്നത്. എന്നാല്‍ നേത്രാവതി നദിക്കരെ 13 ഇടത്ത് നടത്തിയ കുഴിക്കലില്‍, പലയിടത്തുനിന്നും അസ്ഥികളും, തലയോട്ടികളും കിട്ടിയിട്ടുണ്ടെന്നാണ്, ആക്ഷന്‍ കമ്മറ്റിക്കാര്‍ പറയുന്നത്. എന്നാല്‍ നേരത്തെ കോടതിയില്‍ മൊഴി കൊടുത്തതുപോലെ നൂറുകണക്കിന് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കിട്ടാത്തത്, ഇത്രയും വര്‍ഷം കൊണ്ട് പ്രദേശത്തിന്റെ ഭൂമി ശാസ്ത്രം മാറിപ്പോയതിനാലാണ് എന്ന് സാക്ഷി പറഞ്ഞതായാണ് ആക്ഷന്‍ കമ്മറ്റിക്കാര്‍ പറയുന്നത്.

നേത്രാവതി നദി ഗതിമാറി ഒഴുകിയതിനാല്‍, മൃതദേഹം കുഴിച്ചിട്ട സ്ഥലം ഇപ്പോള്‍ പാറകള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ്. ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് തെരച്ചിലിനെ ബാധിക്കുന്നതെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിയുമെന്നും ധര്‍മ്മസ്ഥലയിലെ മൂന്‍ ശുചീകരണത്തൊഴിലാളി പറഞ്ഞുവെന്നാണ്, കേസ് വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവന്ന വ്ളോഗര്‍മാര്‍ പറയുന്നത്. എന്നാല്‍ എസ്ഐടി ഇക്കാര്യം ഒന്നും സ്ഥിരീകരിക്കുന്നില്ല. തിരച്ചിലില്‍ അസ്ഥി കിട്ടിയോ ഇല്ലയോ എന്നത് ഇന്നും ദൂരുഹമാണ്.

മലയാളികള്‍ ഉണ്ടെന്നും വെളിപ്പെടുത്തല്‍

അതിനിടെ വീണ്ടും വെളിപ്പെടുത്തലുമായി മുന്‍ ശുചീകരണതൊഴിലാളി രംഗത്തെത്തിയതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം താന്‍ മറവ് ചെയ്തിട്ടുണ്ടെന്നാണ് മുന്‍ ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ഈ സ്പോട്ട് പ്രത്യേക അന്വേഷണസംഘത്തിന് കാട്ടിക്കൊടുത്തുവെന്നും എന്നാല്‍ ഇവിടമാകെ പാറ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. മണ്ണിട്ട് നിലം പൊക്കിയിട്ടുമുണ്ട്. ഭൂപ്രകൃതിയിലുണ്ടായ വലിയ മാറ്റം തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. താന്‍ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞാണ് മടങ്ങി വന്ന് അന്വേഷണം ആവശ്യപ്പെട്ടത്. തന്റെ ഓര്‍മയില്‍ നിന്നാണ് ഓരോ സ്ഥലവും കാട്ടിക്കൊടുക്കുന്നതെന്നും ശുചീകരണതൊഴിലാളി പറഞ്ഞു. നുണ പരിശോധന അടക്കമുള്ള എന്ത് ശാസ്ത്രീയ പരിശോധനക്കും താന്‍ തയ്യാറാണെന്നും അയാള്‍ പറയുന്നുണ്ട്. ശുചീകരണത്തൊഴിലാളി ഇവിടെ പണിയെടുക്കുന്നത് കണ്ടുവെന്ന് പ്രദേശത്തെ ഒരു വീട്ടമ്മയും മൊഴി നല്‍കിയിട്ടുണ്ട്.

13 പോയിന്റുകളായി വേര്‍തിരിച്ച് നടത്തിയ കുഴിച്ചിലില്‍, നൂറോളം അസ്ഥികളും നിരവധി തലയോട്ടികളും കണ്ടെത്തിയെന്നാണ് ഇന്ത്യാ ടുഡെയും ന്യൂസ് 18നും പറയുന്ന്. ഇത് ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും ശരിവെക്കുന്നു. എന്നാല്‍ ഒറ്റ അസ്ഥിപോലും കിട്ടിയിട്ടില്ലെന്നും, ഇപ്പോള്‍ കുഴിക്കല്‍ നടക്കുന്ന 13-ാം പോയിന്റില്‍നിന്നും മൃതദേഹ അവശിഷ്ടങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കില്‍, തിരച്ചില്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയെന്നുമാണ കന്നഡ മാധ്യമങ്ങള്‍ പറയുന്നത്. ഇതില്‍ ഏതാണ് ശരിയെന്നും ഇനിയും വ്യക്തമല്ല.

ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരി ഡോ വീരേന്ദ്ര ഹെഗ്‌ഡെയെയാണ് ആക്ഷന്‍ കമ്മറ്റി അടക്കമുള്ളവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. എന്നാല്‍ തനിക്ക് സംഭവങ്ങളുമായി ബന്ധമൊന്നുമല്ല എന്ന വീരേന്ദ്ര ഹെഗ്‌ഡെ പ്രതികരിച്ചത്. എന്നാല്‍ വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് പിന്തുണയുമായി ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും രംഗത്തുണ്ട്. ധര്‍മസ്ഥലയില്‍ കൊലപാതക പരമ്പര ആരോപണങ്ങളുടെ പിന്നില്‍ കേരള സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക രംഗത്ത് വന്നത്.

കള്ളക്കഥയെന്ന് വിശ്വാസികള്‍

എന്നാല്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം, വ്യാജ വാര്‍ത്തകളാണെന്നാണ് വിശ്വാസ കൂട്ടായ്മകള്‍ പറയുന്നത്. അനന്യ ഭട്ട് എന്ന മെഡിക്കല്‍ വിദ്യാത്ഥിയുടെ ദുരൂഹമായ തിരോധാനം വരെ കെട്ടുകഥയാണെന്നാണ് ഇവര്‍ പറയുന്നത്. 2003-ല്‍ തന്റെ മകള്‍ അനന്യ ഭട്ടിനെ ധ ര്‍മ്മസ്ഥലയില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ക്ഷേത്രപരിസരത്ത് കുഴിച്ചിട്ടു എന്നാരോപിച്ചാണ് അമ്മ സുജാത ഭട്ട് രംഗത്തെത്തിയത്. ഇവര്‍ സിബിഐയുടെ കൊല്‍ക്കത്ത യൂണിറ്റിലെ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു എന്നാണ് സ്വയം പറഞ്ഞിരുന്നത്.. അങ്ങനെ പേരുള്ള ഒരു സ്റ്റനോഗ്രാഫര്‍ ഇതുവരെ ഇല്ല. സിബിഐ യില്‍ ജോലി ചെയ്തതായ രേഖയുമില്ല എന്നാണ് ധര്‍മ്മസ്ഥല സംരക്ഷണ സമിതി പറയുന്നത്.

2003-ല്‍ തന്റെ മകള്‍ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ എം ബിബിഎസ് പഠിച്ചിരുന്നു എന്നാണ് സുജാത പറഞ്ഞിരുന്നത്. എന്നാല്‍ 1998 മുതല്‍ 2005 വരെയുള്ള കാലയളവില്‍ നടത്തിയ പോലീസ് അന്വേഷണത്തില്‍ 'സുജാത ഭട്ടിന്റെ മകള്‍ അനന്യ ഭട്ട്' എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥിയും കെഎംസി മണിപ്പാലിലോ , കെഎംസി മംഗളൂരുവി ലോ എംബിബിഎസിന് ചേര്‍ന്നിട്ടില്ല എന്നാണ് ഇവര്‍ വാദിക്കുന്നത്.

വിശ്വാസി ഗ്രൂപ്പുകളുടെ ആരോപണങ്ങള്‍ ഇങ്ങനെയാണ്- 'അനില്‍ ഭട്ടിന്റെ മകളാണെന്ന് പറയുന്ന അനന്യ ഭട്ടിന്റെ അമ്മയായി സുജാത സ്വയം പരിചയപ്പെടുത്തുന്നുണ്ടെങ്കിലും, അത്തരമൊരു വിവാഹത്തിന് ഒരു രേഖാമൂലമുള്ള ഒരു തെളിവുമില്ല. മാത്രവുമല്ല അവര്‍ 1999 നും 2005 നും ശിവമോഗയിലെ റിപ്പണ്‍പേട്ടില്‍ പ്രഭാകര്‍ ബാലിഗ എന്ന വ്യക്തിയുമായി അവള്‍ ലിവ്-ഇന്‍ ബന്ധത്തിലുമായിരുന്നു. അവര്‍ക്ക് കുട്ടികളും ഇല്ലായിരുന്നു. ഇവര്‍ മക്കള്‍ക്ക് പകരം നായ്ക്കളെയാണ് വളര്‍ത്തിയിരുന്നത്. 2003-ല്‍ കന്നട പ്രാദേശിക മാസികയില്‍ അവരുടെ ഫോട്ടോ ഉള്‍പെടെ ഒരു ലേഖനവും ഉണ്ടായിരുന്നു. ഒരു കേന്ദ്ര അന്വേഷണ ഏജന്‍സിയില്‍ ഇങ്ങനെ ജോലി ചെയ്യുന്നുണ്ടെങ്കില്‍ മകളെ കാണാതായി എന്ന പരാതി കൊടുക്കാന്‍ 22 വര്‍ഷം വരെ കാത്തിരിക്കുന്നത് എന്തുകൊണ്ടാണ്? 2023-ല്‍ ലോക്കല്‍ പോലീസ് സ്റ്റേഷന്‍ കേസ് ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചെങ്കില്‍, മറ്റ് പോലീസ് സ്റ്റേഷനുകളെയോ കോടതികളെയോ സമീപിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്?

സ്‌കൂള്‍ രേഖകള്‍ മുതല്‍ തിരിച്ചറിയല്‍ രേഖകള്‍ വരെ, മകളുടെ അസ്തിത്വത്തിന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പൂര്‍ണ്ണമായി ഇല്ലാത്തത് എന്തുകൊണ്ട്?

ധര്‍മ്മസ്ഥല ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയ്ക്കും സഹോദരന്‍ ഹര്‍ഷേന്ദ്ര ഹെഗ്ഗഡെയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഈ സുജാത ഭട്ട് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാതെ ഒളിവില്‍ കഴിഞ്ഞ് ചാനലുകള്‍ക്ക് ഇന്റര്‍വ്യൂ നല്കുന്നത് എന്തുകൊണ്ടാണ്?'- ഇത്തരം ആരോപണങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്.

ധര്‍മ്മസ്ഥല ക്ഷേത്രത്തിനും ട്രസ്റ്റികള്‍ക്കും പിന്തുണയുമായി കര്‍ണ്ണാടകയിലെങ്ങും ഭക്തജന കൂട്ടായ്മകളുടെ പ്രതിഷേധങ്ങള്‍ ഇപ്പോള്‍ നടക്കയാണ്. ഇത്രയും കാലം നേത്രാവദി നദിക്കരയില്‍ കുഴിച്ചിട്ടും ഒറ്റ മൃതദേഹ അവശിഷ്ടങ്ങള്‍പോലും കിട്ടിയിട്ടില്ലെന്നും, എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കണമെന്നും ഭക്തജന കുട്ടായ്മകള്‍ ആവശ്യപ്പെട്ടു. പലയിടത്തും ധര്‍മ്മ്‌സഥല ധര്‍മ്മാധികാരി ഡോ വീരേന്ദ്രഹെഗ്‌ഡെയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചും, 'ഞങ്ങള്‍ ധര്‍മ്മസ്ഥലയ്ക്കും ധര്‍മ്മാധികാരിക്കും ഒപ്പം' എന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് വിശ്വാസക്കൂട്ടായ്മ നടക്കുന്നത്.

Tags:    

Similar News