തെളിവില്ലാതെ പ്രോസിക്യൂഷന്‍ വീണു; ദിലീപിന് എതിരെ ചുമത്തിയിരുന്ന 10 പ്രധാന കുറ്റങ്ങളും റദ്ദാക്കി; ക്രിമിനല്‍ ഗൂഢാലോചനയും തെളിവുനശിപ്പിക്കലും സ്ത്രീത്വത്തെ അപമാനിക്കലും അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു; ഉത്തരവിന്റെ വിശദരൂപം കേസില്‍ ശിക്ഷ വിധിക്കുന്ന 12ന് പുറത്തുവിടും; പള്‍സര്‍ സുനി അടക്കം ആറുപ്രതികള്‍ വിയ്യൂര്‍ ജയിലില്‍

തെളിവില്ലാതെ പ്രോസിക്യൂഷന്‍ വീണു

Update: 2025-12-08 15:22 GMT

കൊച്ചി: കേരളം ഉറ്റുനോക്കിയ നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി വ്യക്തമാകുന്നു. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന കുറ്റങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് വിധിയില്‍ പറഞ്ഞു. ഐ.പി.സി 120 (ബി) പ്രകാരമുള്ള ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെ ദിലീപിനെതിരെ ചുമത്തിയിരുന്ന 10 പ്രധാന കുറ്റങ്ങളും കോടതി റദ്ദാക്കി.

റദ്ദാക്കപ്പെട്ട കുറ്റങ്ങള്‍

കോടതി റദ്ദാക്കിയ പ്രധാന കുറ്റങ്ങള്‍ ഇവയാണ്:

ക്രിമിനല്‍ ഗൂഢാലോചന (IPC 120 B)

തെളിവ് നശിപ്പിക്കല്‍ (IPC 201, 204)

അന്യായ തടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ.

ഉത്തരവിന്റെ വിശദരൂപം കേസില്‍ ശിക്ഷ വിധിക്കുന്ന ഈ മാസം 12ന് പുറത്തുവിടും.

ദിലീപിനെ വിട്ടയച്ചെങ്കിലും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇവരുടെ ജാമ്യം റദ്ദാക്കി തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഐടി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവ കോടതി ശരിവെച്ചു.

ഏഴാം പ്രതി ചാര്‍ലി തോമസിന് എതിരെ പ്രതിയെ ഒളിപ്പിച്ചു എന്ന കുറ്റം ചുമത്തിയിരുന്നു. ഒമ്പതാം പ്രതി സനില്‍ കുമാറിന് (മേസ്തിരി സനില്‍) എതിരെ ക്രിമിനല്‍ ഗൂഢാലോചന, പ്രേരണാക്കുറ്റം എന്നിവ ചുമത്തി. ഇയാള്‍ മറ്റൊരു പോക്‌സോ കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ജാമ്യം റദ്ദായി ജയിലിലായിരുന്നു. ഇന്ന് ജയിലില്‍ നിന്നാണ് കോടതിയില്‍ ഹാജരാക്കിയത്.പതിനഞ്ചാം പ്രതി ശരത്തിനെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തിയിരുന്നു.

കോടതിയുടെ നിരീക്ഷണം

ദിലീപിനെതിരെ ചുമത്തിയ അതേ കുറ്റങ്ങളാണ് നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്കെതിരെയും ചുമത്തിയിരുന്നത്. എന്നാല്‍ ഗൂഢാലോചനയുമായി ദിലീപിനെ ബന്ധിപ്പിക്കാന്‍ തക്ക തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചില്ല എന്നതാണ് ഈ വിധിയിലൂടെ വ്യക്തമാകുന്നത്. ഇലക്ട്രോണിക് തെളിവുകള്‍ നശിപ്പിച്ചു എന്ന വാദവും കോടതി തള്ളിക്കളഞ്ഞു.


Tags:    

Similar News