'ഹൃദയത്തില്‍ കൂടി സ്വഭാവങ്ങള്‍, ശീലങ്ങള്‍, വികാരങ്ങള്‍ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകള്‍ മാത്രം; ഹൃദയപൂര്‍വത്തില്‍ ഇത്ര സീനിയറായ ഒരു സംവിധായകന്‍ എത്ര അലക്ഷ്യമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്; നഷ്ടപ്പെടുന്നത് ശാസ്ത്രാവബോധവും സിനിമയുടെ ക്രെഡിബിലിറ്റിയുമാണ്'; 'ഹൃദയപൂര്‍വ്വ'ത്തെ വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍
'ഹൃദയപൂര്‍വ്വ'ത്തെ വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍
തിരുവനന്തപുരം: ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കോമ്പോയില്‍ പുറത്തിറങ്ങിയ ഹൃദയപൂര്‍വ്വം ഓണക്കാലത്ത് തിയേറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 67.75 കോടി കളക്ഷന്‍ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 27.85 കോടിയും ഹൃദയപൂര്‍വം നേടിയിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. മികച്ച കുടുംബചിത്രമെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ ചിത്രത്തില്‍ അവയവ കൈമാറ്റം അലക്ഷ്യമായാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് തുറന്നുപറയുകയാണ് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍. അലക്ഷ്യമായിട്ടാണ് സത്യന്‍ അന്തിക്കാടിനെപ്പോലെ വളരെ സീനിയറായ സംവിധായകന്‍ അവയവ ദാനത്തെ അവതരിപ്പിച്ചതെന്നാണ് ഹാരിസ് പറയുന്നത്. അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകള്‍ ഒന്നും ചിത്രം കാണിക്കുന്നില്ല. ഒക്കെ വെറും തമാശ ആയിട്ടാണ് കാണിച്ചിരിക്കുന്നതെന്നും ഡോക്ടര്‍ ഹാരിസ് പറയുന്നു. മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ചുള്ള ഡോക്ടര്‍ ഹാരിസിന്റെ ആരോപണങ്ങള്‍ നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ദാതാവും സ്വീകര്‍ത്താവും പൊതുവെ തമ്മില്‍ അറിയരുത് എന്നൊരു ചിന്ത ഉണ്ടായിരുന്നു. പിന്നീടുണ്ടാകാവുന്ന കുറേ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഒരു സമ്പ്രദായം ആയിരുന്നു. ഇപ്പോള്‍ മീഡിയയുടെ ശക്തമായ ഇടപെടല്‍ മൂലം ആ രഹസ്യ സ്വഭാവം പാലിക്കപ്പെടുന്നില്ല. ഹൃദയത്തില്‍ കൂടി സ്വഭാവങ്ങള്‍, ശീലങ്ങള്‍, വികാരങ്ങള്‍ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകള്‍ മാത്രമാണെന്നും വെറും പേശികളും അതിനെ നിയന്ത്രിക്കുന്ന നാഡികളും മാത്രമുള്ള ഒരു പമ്പ് മാത്രമാണ് ഹൃദയമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഡോ ഹാരിസ് ചിറയ്ക്കല്‍ ഓര്‍മ്മിപ്പിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
'ഹൃദയപൂര്‍വം എന്ന സിനിമ കണ്ടു. ഒരു കാര്യവും നന്നായി പഠിക്കുകയോ മനസിലാക്കുകയോ ചെയ്യാതെയാണ് മിക്ക മലയാളം സിനിമകളും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ജോസഫ് എന്ന സിനിമ മസ്തിഷ്‌ക്ക മരണ അവയവ ദാനത്തിന് ഏല്‍പ്പിച്ച പ്രഹരം മാരകമായിരുന്നു. തലയില്‍ ചുറ്റിക കൊണ്ട് അടിച്ച്, ബ്രെയിന്‍ ഡെത്ത് അവസ്ഥയില്‍ എത്തിക്കുമത്രെ. വിദൂര സാധ്യതപോലും ഇല്ലാത്ത ആരോപണം. ഹൃദയപൂര്‍വത്തില്‍ ഇത്ര സീനിയറായ ഒരു സംവിധായകന്‍ എത്ര അലക്ഷ്യമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകള്‍ ഒന്നും ചിത്രം കാണിക്കുന്നില്ല. ഒക്കെ വെറും തമാശ. അവയവം ദാനം ചെയ്ത വ്യക്തിയോടും കുടുംബത്തോടും ഒരൊറ്റ വികാരമാണ് ദാനം സ്വീകരിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും പൊതുസമൂഹത്തിനും ഉണ്ടാകാന്‍ പാടുള്ളു. ബഹുമാനം. RESPECT.
ആകസ്മികമായി ഒരു വ്യക്തി അപകടത്തിലോ മറ്റ് കാരണങ്ങള്‍ കൊണ്ടോ, ബ്രെയിന്‍ ഡെത്ത് സ്റ്റേജില്‍ പോകുന്നതും ആ വ്യക്തിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഉറ്റ ബന്ധുക്കള്‍ തീരുമാനിക്കുന്നതും തുടര്‍ന്ന് നടക്കുന്ന ബൃഹത്തായ ടീം വര്‍ക്കും. ഇവിടെ കോമഡിക്ക് സ്ഥാനമില്ല. ഇനി, അവയവം സ്വീകരിച്ച വ്യക്തി. ഒരുപാട് നിയന്ത്രണങ്ങള്‍ അവര്‍ക്ക് ആവശ്യമുണ്ട്. അവയവത്തെ തിരസ്‌കരിക്കാന്‍ ശരീരം നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. എത്ര കാലം കഴിഞ്ഞാലും. ആ പ്രതിരോധത്തെ പ്രതിരോധിച്ച് തോല്‍പ്പിക്കാനാണ് മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കേണ്ടിവരുന്നത്. ശരീരത്തിന്റെ മൊത്തം പ്രതിരോധ ശക്തി( immunity) കുറയ്ക്കുന്ന അവസ്ഥയില്‍ രോഗികള്‍ കുറേ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇന്‍ഫെക്ഷനുകളാണ് പ്രധാന വില്ലന്‍.
പല തരത്തിലുള്ള രോഗാണുബാധകള്‍ ഉണ്ടാകാം. സീരിയസ് ആകാം. അവയവം തിരസ്‌കരിക്കപ്പെടാം. മരണം പോലും സംഭവിക്കാം. ഒരു കോംപ്ലിക്കേഷന്‍ വന്നു കഴിഞ്ഞാല്‍ ഉണ്ടാകുന്ന സാമ്പത്തിക ചിലവ് വളരെ ഉയര്‍ന്നതാകാം. മാസ്‌ക് ഉപയോഗിക്കുക, ധാരാളം ജനക്കൂട്ടം ഉള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക, മൃഗങ്ങളുമായി( pet animals ) അടുത്ത് ഇടപഴകാതിരിക്കുക. മൃഗങ്ങളില്‍ നിന്ന് ടോക്‌സോപ്ലാസ്മ, പലതരം ഫങ്കസുകള്‍, പരാദജീവികള്‍ ഇത്തരം അസുഖങ്ങള്‍ വളരെ മാരകമാകാം. സ്റ്റിറോയ്ഡ് ഉള്‍പ്പെടെ മരുന്നുകള്‍ കഴിക്കുന്നത് കൊണ്ട് എല്ലുകളുടെ ബലം കുറയാം. അതിനാല്‍ അപകടങ്ങള്‍, അടിപിടി... ഇതൊക്കെ കഴിയുന്നതും ഒഴിവാക്കുക.
ദാതാവും സ്വീകര്‍ത്താവും പൊതുവെ തമ്മില്‍ അറിയരുത് എന്നൊരു ചിന്ത ഉണ്ടായിരുന്നു. പിന്നീടുണ്ടാകാവുന്ന കുറേ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഒരു സമ്പ്രദായം ആയിരുന്നു. ഇപ്പോള്‍ മീഡിയയുടെ ശക്തമായ ഇടപെടല്‍ മൂലം ആ രഹസ്യ സ്വഭാവം പാലിക്കപ്പെടുന്നില്ല. ഹൃദയത്തില്‍ കൂടി സ്വഭാവങ്ങള്‍, ശീലങ്ങള്‍, വികാരങ്ങള്‍ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകള്‍ മാത്രം. വെറും പേശികളും അതിനെ നിയന്ത്രിക്കുന്ന നാഡികളും മാത്രമുള്ള ഒരു പമ്പ് മാത്രമാണ് ഹൃദയം. അല്ലാതെ അതില്‍ കൂടി 'വികാരം ' ഒന്നും മാറ്റിവെയ്ക്കപ്പെടുന്നില്ല. സയന്‍സിനെ പോലും വളച്ചും ഒടിച്ചും വക്രീകരിച്ചും കാണിക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് ജനങ്ങളുടെ ശാസ്ത്രാവബോധവും സിനിമയുടെ ക്രെഡിബിലിറ്റിയുമാണ്.''
വിജയമായി ഹൃദയപൂര്‍വ്വം
മോഹന്‍ലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഹൃദയപൂര്‍വം. സത്യന്‍ അന്തിക്കാടാണ് സംവിധാനം നിര്‍വഹിച്ചത്. ലാലു അലക്‌സ്, സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവില്‍ എത്തിയത്.
സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും 'ഹൃദയപൂര്‍വ്വ'ത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. നവാഗതനായ ടി പി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായിയായിട്ടുള്ളത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാല്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിന്‍ പ്രഭാകര്‍, കലാസംവിധാനം: പ്രശാന്ത് നാരായണന്‍, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, സഹ സംവിധായകര്‍: ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍: ആദര്‍ശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, സ്റ്റില്‍സ്: അമല്‍ സി സദര്‍.