ഇഡിക്കെതിരായ കൈക്കൂലി കേസില്‍ അനീഷ് ബാബു ലക്ഷ്യമിടുന്നത് രാധാകൃഷ്ണനെ എന്ന് വ്യക്തം; കേരളാ പോലീസിന്റെ വ്യാജ രേഖാക്കേസില്‍ അകത്തു കിടന്ന പ്രതിയുടെ ഉന്നം സിപിഎമ്മിന്റെ കണ്ണിലെ കരടിനെ; സ്വര്‍ണ്ണ കടത്തിലെ ക്രൈംബ്രാഞ്ച് കേസിനെ അതിജീവിച്ചത് സുപ്രീംകോടതി ഇടപെടലില്‍; കൊച്ചിയിലെ കൈക്കൂലി ആരോപണം നിരീക്ഷിച്ച് ഡല്‍ഹിയും
കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അഴിമതിക്കേസില്‍ കൂടുതല്‍ ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരന്‍ ത്തെുമ്പോള്‍ വ്യക്തമാകുന്നത് ലക്ഷ്യം. ഇഡി തുടക്കം മുതല്‍ അകാരണമായി മാനസികമായി പീഡിപ്പിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിക്കാരനായ അനീഷ് ബാബു പറഞ്ഞു. ഫോണിലൂടെയാണ് ഇടനിലക്കാരനായ വില്‍സണ്‍ ആദ്യം ബന്ധപ്പെട്ടത്. ഇഡി ഓഫീസില്‍ നടന്നത് എല്ലാം വില്‍സണാണ് ഫോണിലൂടെ അറിയിച്ചത്. വില്‍സണുമായുള്ള കൂടിക്കാഴ്ചകള്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അനീഷ് ബാബു പറയുന്നു. ഈ പരാതികളില്‍ ഇഡിയും പരിശോധനകള്‍ നടക്കും. കൊച്ചിയിലെ ഇഡി ഓഫീസ് മാഫിയയുടെ പിടിയിലാണോ എന്ന് കേന്ദ്ര ഏജന്‍സിയുടെ ഡല്‍ഹി നേതൃത്വം പരിശോധിക്കും. അനീഷ് ബാബുവിനെതിരായ കേസില്‍ അതിശക്തമായ അന്വേഷണം ഇഡി തുടരും. ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി മാറ്റും.
ലക്ഷ്യം രാധാകൃഷ്ണന്‍ എന്ന് വ്യക്തം
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇഡി അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കെ അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണന് സ്ഥലംമാറ്റം ഉണ്ടായത് 2022ലാണ്. കൊച്ചി യൂണിറ്റിലെ ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. സ്വപ്നയുടെ അന്നത്തെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിക്കും കുടുംബത്തിനെതിരെയും അന്വേഷണം നീളുമെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് മാറ്റം വന്നത്. ഈ ഉദ്യോഗസ്ഥനെയാണ് ഇപ്പോള്‍ അനീഷ് ബാബുവും സംശയ നിഴലില്‍ നില്‍ക്കുന്നത്. ഇഡി അന്വേഷണം വിപുലമാക്കുന്നതിന്റെ ഭാഗമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റമെന്ന് പോലും 2022ല്‍ സൂചന എത്തി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണകടത്ത് കേസിലെ കള്ളപണ ഇടപാടില്‍ ആദ്യഘട്ടം മുതല്‍ അന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥനാണ് പി.രാധാകൃഷ്ണന്‍.
ജാമ്യത്തിലിറങ്ങിയ സ്വപ്ന മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. കോടതിയില്‍ ഇത് വിശദമാക്കി രഹസ്യമൊഴിയും നല്‍കി. ഈ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് രാധാകൃഷ്ണനെ മാറ്റിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ അന്വേഷണം നീളുന്ന ഘട്ടത്തില്‍ മലയാളിയായ അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ സമ്മര്‍ദം ശക്തമാകാനിടയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്നും വിലയിരുത്തലെത്തി.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളെ ഭീഷണിപ്പെടുത്തി എന്നിങ്ങനെയായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആറുകള്‍ പിന്നീട് ഹൈക്കോടതി റദാക്കി. പൊലീസിനെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും നീതിപൂര്‍വമായ വിചാരണയ്ക്കായി അന്വേഷണം ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയെയും സമീപിച്ചു. ഈ കേസില്‍ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല. ഇതിനിടെയാണ് രാധാകൃഷ്ണന്‍ സംശയ നിഴലില്‍ നില്‍ക്കുന്നത്.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള സെഷന്‍സ് കേസ് 610/2020 കേരളത്തിന് പുറത്തേക്കുള്ള കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസില്‍ നാല് പ്രതികളാണ് ഉള്ളത്. പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിങ്ങനെയാണ്. കേസ് ബംഗളൂരുവിലേ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ് അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയില്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ നല്‍കിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു മൊഴി രേഖപെടുത്തിയത്. ഈ മൊഴിയില്‍ സംസ്ഥാനത്ത് ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരെ കുറിച്ചും, വഹിച്ചവരെ കുറിച്ചും, അവരുടെ അടുത്ത കുടുംബ അംഗങ്ങളെ സംബന്ധിച്ചുമുള്ള ഗുരുതരമായ ചില ആരോപണങ്ങള്‍ സ്വപ്ന ഉന്നയിച്ചതായാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
സ്വപ്നയുടെ പുതിയ മൊഴിക്ക് ശേഷമാണ് കേസ് കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് മാറ്റാന്‍ ഇഡി നടപടി ആരംഭിച്ചത്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി നടത്തിയ അന്വേഷണം തടസ്സപെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുമ്പും ഇടപെടലുകള്‍ നടത്തിയെന്ന് കേന്ദ്രം വിലയിരുത്തുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആയിരുന്നു ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സെഷന്‍സ് കോടതിയിലെ നടപടികള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ മുമ്പ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത് പോലുള്ള നടപടികള്‍ ഉണ്ടാകുമോയെന്ന ആശങ്കയും കേന്ദ്ര സര്‍ക്കാരിനുണ്ട്. ഇതും ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള ഒരു ഘടകമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിന് എതിരെ നല്‍കിയ ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്. ഇഡി ഡെപ്യുട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി സ്റ്റേ ഉത്തരവ് 2021 ഒക്ടോബര്‍ 21 ന് പുറപ്പടിവിച്ചിരുന്നു.
അനീഷ് ബാബുവിന്റെ വെളിപ്പെടുത്തലും തെളിവ് നല്‍കലും ഇങ്ങനെ
ഈ തെളിവുകള്‍ എല്ലാം വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. ഇഡിയില്‍ നിന്ന് വിളിക്കും എന്ന് വില്‍സണ്‍ പറഞ്ഞസമയത്തൊക്കെ ഇഡി ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു. എന്നാല്‍, ഇഡി ഉദ്യോഗസ്ഥര്‍ നേരിട്ട് പണം ചോദിച്ചില്ല. എല്ലാ ഇടപാടും വില്‍സണ്‍ വഴിയായിരുന്നു നടന്നിരുന്നത്. ചാര്‍ട്ടേഡ് അകൗണ്ടന്റ് രഞ്ജിത്തുമായി ഒരു ബന്ധവുമില്ല. രഞ്ജിത്ത് എന്ന പേര് കേള്‍ക്കുന്നത് തന്നെ മാധ്യമങ്ങളില്‍നിന്നാണ്. ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് വിശ്വാസം. ഉദ്യോഗസ്ഥര്‍ പറയാതെ വിവരങ്ങള്‍ വില്‍സണ്‍ അറിയില്ല. ഒന്നാം പ്രതിയായ ശേഖര്‍ കുമാര്‍ നേരിട്ട് പണം ചോദിച്ചിട്ടില്ല. ഇതിന്റെ എല്ലാം ആള്‍ ശേഖറാണെന്ന് വില്‍സണ്‍ പറഞ്ഞു. കൂടുതല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ട്. ഇഡി ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇടനിലക്കാരന്‍ വില്‍സണ്‍ ആണ് തന്റെ നമ്പര്‍ ഇഡിക്ക് നല്‍കിയതെന്നും പരാതിക്കാരനായ അനീഷ് ബാബു പറഞ്ഞു.
ഇഡിക്ക് തന്റെ നമ്പര്‍ നല്‍കിയിരുന്നില്ല. ഇഡി ഉന്നത ഉദ്യോഗസ്ഥനെതിരെയും ഗുരുതര ആരോപണമാണ് അനീഷ് ഉന്നയിച്ചത്. കൂടുതല്‍ ഇഡി ഉദ്യോഗസ്ഥരുടെ പേരും പരാതിക്കാരനായ അനീഷ് തുറന്നുപറഞ്ഞു. ഇഡി അഡീഷണല്‍ ഡയറക്ടര്‍ രാധാകൃഷ്ണന് സംഭവത്തില്‍ പങ്കുണ്ടെന്നും അനീഷ് ബാബു ആരോപിച്ചു. എട്ടു വര്‍ഷം മുമ്പുള്ള വിവരമാണ് ആവശ്യപ്പെട്ടത്. ഇത് ലഭ്യമാക്കാന്‍ കാലതാമസമുണ്ടായിരുന്നു. തുടക്കം മുതല്‍ ഇഡി ഉദ്യോഗസ്ഥന്‍ സമ്മര്‍ദത്തിലാക്കി. വില്‍സണ്‍ എന്ന ആളാണ് ഇടപാട് നടത്തിയത്.രേഖകള്‍ നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യമെന്നാണ് ഭീഷണിപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തെന്ന് പറഞ്ഞായിരുന്നു ഭീഷണി. പിഎംഎല്‍എ ആക്ട് പ്രകാരമാണ് തനിക്ക് നോട്ടീസ് നല്‍കിയത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ടെന്നും കൊല്ലത്തെ വ്യവസായി അനീഷ് ബാബു പറഞ്ഞു.
ഭീഷണി തുടരുന്നതിനിടെയാണ് ഇടനിലക്കാരന് കൈക്കൂലി കൈമാറിയത്. ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് കൈക്കൂലി പണം കൈമാറിയത്. രാധാകൃഷ്ണന്‍ എന്നയാള്‍ മാനസികമായി പീഡിപ്പിച്ചു. രാധാകൃഷ്ണന്‍ അടച്ചിട്ട മുറിയില്‍ കേസിന്റെ കാര്യം പറഞ്ഞ് തന്നെ മാനസികമായി പീഡിപ്പിച്ചു. എന്നാണ് ഈ സംഭവമെന്ന് അനീഷ് ബാബു പറയുന്നില്ല. ഇതിനിടെ, ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അഴിമതിക്കേസില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ്. ശേഖര്‍ കുമാര്‍ കൈക്കൂലി വാങ്ങിയത് ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കും അറിയാമായിരുന്നെന്നാണ് സംശയം. ശേഖറിനെ ഉടന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തും.
അതിനിടെ ഇടനിലക്കാരനായ രാജസ്ഥാന്‍ സ്വദേശിയ ഇഡി ഓഫീസില്‍ കണ്ടുവെന്ന് പരാതിക്കാരനായ അനീഷ് ബാബുവിന്റെ ഭാര്യ നിമ്മി ആരോപിച്ചു. നിമ്മി ഇക്കാര്യം ഫോണിലൂടെ പറയുന്നതിന്റെ ഓഡിയോ സന്ദേശവും അനീഷ് ബാബു കേള്‍പ്പിച്ചു. ഇടനിലക്കാരനെ ഇഡി ഓഫീസില്‍ കണ്ടുവെന്നും അറസ്റ്റിലായ ഇടനിലക്കാരനായ മുകേഷിനെയാണ് കണ്ടതെന്നുമാണ് നിമ്മിയുടെ ആരോപണം. പരാതിക്കാരനായ അനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിവസമാണ് മുകേഷ് ഇഡി ഓഫിസില്‍ വന്നതെന്നാണ് നിമ്മിയുടെ ആരോപണം. തെളിവായി ഹാജരാക്കിയത് ഭാര്യയുടെ ഓഡിയോ ആണെന്നതും ശ്രദ്ധേയമായി. കൃത്യമായ തെളിവ് ലഭിച്ചാല്‍ കേസിലെ ഒന്നാം പ്രതി ഇഡി അസിസ്റ്റന്റ് ഡയറ്കടര്‍ ശേഖര്‍ കുമാറിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്നാണ് വിജിലന്‍സിന് ലഭിച്ച നിയോപദേശം. കസ്റ്റഡിയിലുള്ള ചാറ്റേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യര്‍, വില്‍സണ്‍ വര്‍ഗീസ്, മുകേഷ് കുമാര്‍ എന്നിവരെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയുമെല്ലാം ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് എസ് പി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിശദമായ സൈബര്‍ ഫൊറന്‍സിക്ക് പരിശോധനക്ക് അയച്ചു.