റഷ്യയ്ക്കും യുക്രെയ്‌നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രി; ലോകസമാധാനം സ്ഥാപിക്കുന്നതില്‍ പങ്കുവഹിക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറി; റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയതന്ത്രം; വിഷയത്തില്‍ താന്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നു; മോദിയെ പുകഴ്ത്തി ശശി തരൂര്‍; സൈബറിടങ്ങളില്‍ ആഘോഷമാക്കി ബിജെപി
റഷ്യയ്ക്കും യുക്രെയ്‌നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നരേന്ദ്ര മോദി സ്വീകരിച്ച നയത്തെ പുകഴ്ത്തി കൊണ്ടാണ് തരൂര്‍ രംഗത്തുവന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയത്തില്‍ മോദിയുടെ നിലപാട് ശരിയാിയരുന്നുവെന്ന് തരൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ 'റായ്‌സിന ഡയലോഗില്‍' സംസാരിക്കുകയായിരുന്നു തരൂര്‍. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം
നിലനവിര്‍ത്താന്‍ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താന്‍ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞതയെ പുകഴ്ത്തി തരൂര്‍ എംപി. റഷ്യയ്ക്കും യുക്രെയ്‌നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. കൂടാതെ, ലോകസമാധാനം സ്ഥാപിക്കുന്നതില്‍ പങ്കുവഹിക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. 2022 ഫെബ്രുവരിയില നരേന്ദ്ര മോദിയുടെ നയത്തെ താന്‍ പാര്‍ലമെന്റില്‍ എതിര്‍ത്തിരുന്നു. യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനമായതിനാലാണ് താന്‍ യുക്രെയ്ന്‍ വിഷയത്തിലെ നിലപാടിനെ എതിര്‍ത്തത്.
അതിര്‍ത്തി കടന്ന ഒരു രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കുന്ന ആക്രമണം നടത്തുന്ന റഷ്യയെ എതിര്‍ക്കണമെന്നായിരുന്നു തന്റെ നിലപാട്. ഒരുപക്ഷം ഏകപക്ഷീയമായാണ് യുദ്ധത്തില്‍ ഏര്‍പ്പെട്ടത്. അതിനാലാണ് അവരെ എതിര്‍ക്കണമെന്ന് താന്‍ പറഞ്ഞത്. എന്നാല്‍, തിരിഞ്ഞ് നോക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ നയമാണ് ശരിയെന്ന് തോന്നുന്നു. ഈ നയം മൂലമാണ് ഒരാഴ്ചക്കിടെ യുക്രെയ്ന്‍, റഷ്യന്‍ പ്രസിഡന്റുമാരെ ആശ്ലേഷണം ചെയ്യാന്‍ മോദിക്ക് സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തരൂരിന്റെ പ്രശംസ ബിജെപിയും ഏറ്റെടുത്തു. തരൂരിന്റെ നിലപാട് സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി പ്രചരണായുധമാക്കി. തരൂരിനെ ടാഗ് ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എക്‌സില്‍ അഭിനന്ദന കുറിപ്പുമിട്ടു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് കെ സുരേന്ദ്രന്‍ എക്‌സില്‍ കുറിച്ചു. മറ്റു കോണ്‍ഗ്രസുകാരില്‍ നിന്ന് വ്യത്യസ്തമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആഗോളതലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ശശി തരൂര്‍ കാണുന്നത് സ്വാഗതാര്‍ഹമാണെന്നും കെ സുരേന്ദ്രന്‍ കുറിച്ചു.
നേരത്തെയും നരേന്ദ്ര മോദിയെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ പിന്തുണച്ചും നേരത്തെ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞത് വെറുതെയാവില്ലെന്നും ശുഭമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു തരൂര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. അനധികൃത കുടിയേറ്റക്കാരുടെ കാലില്‍ ചങ്ങലയുമിട്ട് അയക്കുന്നത് ശരിയല്ലെന്ന് മോദി കൂടിക്കാഴ്ചയില്‍ പറഞ്ഞിട്ടുണ്ടാകുമെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തിലും ബിജെപി ഇതിനെ ആയുധമാക്കുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. റഷ്യ യുക്രൈയ്ന്‍ യുദ്ധം തീര്‍ക്കാന്‍ നടക്കുന്ന മോദിക്ക് മണിപ്പൂരിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് കോണ്‍ഗ്ര്സ് നിരന്തരം പ്രചരിപ്പിക്കുമ്പോഴാണ് ശശി തരൂരിന്റെ ഈ നിലപാട് പ്രഖ്യാപനം.
വ്യവസായമേഖലയില്‍ കേരളം കൈവരിച്ച നേട്ടത്തെ പുകഴ്ത്തിയുള്ള തരൂരിന്റെ ലേഖനവും വലിയ വിവാദമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തല്‍ തരൂരിന്റെ പുതിയ നിലപാടും ഏറെ വിവാദമാകാന്‍ സാധ്യതയുണ്ട്. മോദിയെ പുകഴ്ത്തുന്ന തരൂര്‍ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.