പൃഥ്വിരാജിനെയും മുരളി ഗോപിയേയും സംഘപരിവാര്‍ രാജ്യ വിരുദ്ധരായി മുദ്രകുത്തുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ്; എമ്പുരാന്‍ ക്രിസ്ത്യാനികള്‍ക്ക് എതിരായ സിനിമയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ മറുപടി; എമ്പുരാനെച്ചൊല്ലി രാജ്യസഭയില്‍ വാക്കേറ്റം
എമ്പുരാനെച്ചൊല്ലി രാജ്യസഭയില്‍ വാക്കേറ്റം
ന്യൂഡല്‍ഹി: എമ്പുരാന്‍ സിനിമയെ ചൊല്ലി മലയാളി നേതാക്കള്‍ രാജ്യസഭയില്‍ ഏറ്റുമുട്ടി. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസും കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനുമാണ് സിനിമയെ ചൊല്ലി രാജ്യസഭയില്‍ കോര്‍ത്തത്. തുടര്‍ച്ചയായ രണ്ടാം ദിവസവും സിപിഐഎം എമ്പുരാന്‍ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചു.
സംവിധായകന്‍ പൃഥ്വിരാജിനെയും എഴുത്തുകാരന്‍ മുരളി ഗോപിയേയും സംഘപരിവാര്‍ രാജ്യ വിരുദ്ധരായി മുദ്രകുത്തുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. എമ്പുരാന്‍ ക്രിസ്ത്യാനികള്‍ക്ക് എതിരായ സിനിമയാണെന്നായിരുന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ മറുപടി. എമ്പുരാനെതിരായ ആക്രമണം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടത്. സംവിധായകന്‍ പൃഥ്വിരാജിനെ സംഘപരിവാര്‍ രാജ്യവിരുദ്ധരായി മുദ്രകുത്തുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തെ റീ എഡിറ്റ് ചെയ്തു. രാജ്യത്തെ ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാണെന്നും ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.
ഇതോടെ ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. സംവിധായകന്റെ കുടുംബത്തെയടക്കം അപമാനിക്കുകയാണെന്ന് ജെബി മേത്തര്‍ എംപി പറഞ്ഞു. മതവിമര്‍ശനം ഉള്ളതുകൊണ്ടാണ് കമ്യൂണിസ്റ്റുകള്‍ എമ്പുരാനെ പിന്തുണക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വാദം. ഇത് ക്രിസ്ത്യാനികള്‍ക്ക് എതിരായ സിനിമയെന്ന് കെസിബിസി അടക്കം വിമര്‍ശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. പരാമര്‍ശങ്ങളൊന്നും രേഖകളില്‍ ഉണ്ടാകില്ലെന്നും റൂളിംഗ്. എമ്പുരാന് എതിരായ ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പ്രതികരിച്ചു. എമ്പുരാന്‍ സിനിമ എല്ലാവരും കണ്ടുവേണം അതിനെതിരായ ആക്രമണത്തെ ചെറുത്ത് തോല്‍പ്പിക്കേണ്ടതെന്നും ദീപദാസ് വ്യക്തമാക്കി.
അതേസമയം 24 കട്ടുമായി എമ്പുരാന്‍ എഡിറ്റഡ് പതിപ്പുകള്‍ എത്തിയത് തിരുവനന്തപുരത്ത് മാത്രമാണ്. ബാക്കി തീയേറ്ററുകളില്‍ നാളെ മുതലാകും പുതിയ പതിപ്പിന്റെ പ്രദര്‍ശനം. റീ എഡിറ്റഡ് എമ്പുരാന്റെ ഡൗണ്‍ലോഡിംഗ് നടക്കുന്നതേയുള്ളൂവെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. തിരുവനന്തപുരം ആര്‍ടെക് മാളിലെ സ്‌ക്രീനിലാണ് 24 വെട്ടുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് ആദ്യം പ്രദര്‍ശിപ്പിച്ചത്. അതേസമയം മറ്റെല്ലാ ജില്ലകളിലും ആദ്യ പതിപ്പിന്റെ തന്നെ പ്രദര്‍ശനം ഇന്നും തുടരും. സാങ്കേതിക കാരണങ്ങളാലാണ് പുതിയ പതിപ്പ് എല്ലായിടത്തുമെത്താന്‍ വൈകുന്നത്. എഡിറ്റര്‍ എമ്പുരാന്റെ ഡൗണ്‍ലോഡിംഗ് നടക്കുകയാണെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു.
ഭൂരിഭാഗം തിയേറ്ററുകളിലും പുതിയ പ്രദര്‍ശനം നാളെ ഉണ്ടാകും. ഇതിനിടെ സിനിമ കണ്ടതിന് ശേഷം നടന്‍ റഹ്‌മാന്‍ എഴുതിയ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചിത്രത്തിന്റെ സ്റ്റോറി ലൈന്‍ ഗംഭീരമാണ്. മുരളി ഗോപിക്ക് ഒരു വലിയ കയ്യടി. എടുത്തുപറയേണ്ടത് പൃഥ്വിരാജ് എന്ന സംവിധായകന്റെ മികവാണെന്നും റഹ്‌മാന്‍ എഴുതി.