വീണ്ടും കത്രിക വെച്ച എമ്പുരാന്‍ ഇന്ന് തീയറ്ററുകളിലെത്തും; മൂന്ന് മിനിറ്റ് വെട്ടിമാറ്റി; സിനിമയിലെ പ്രധാന വില്ലന്റെ പേരും മാറ്റിയേക്കും; ഖേദപ്രകടനവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയെങ്കിലും കഥയൊരുക്കിയ മുരളി ഗോപിക്ക് പ്രതികരണമില്ല; സിനിമാ സംഘടനകളും മൗനത്തില്‍; എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ ഗുജറാത്ത് ഡോക്യുമെന്ററിയുമായി എസ്എഫ്‌ഐയും

വീണ്ടും കത്രിക വെച്ച എമ്പുരാന്‍ ഇന്ന് തീയറ്ററുകളിലെത്തും

Update: 2025-03-31 01:16 GMT

തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ അടങ്ങുന്നില്ല. വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം എന്നാണ ്പുറത്തുവരുന്ന വിവരങ്ങള്‍. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്‌റംഗിയെന്ന വില്ലന്റെ പേരും മാറ്റിയേക്കും. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍ര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം. ഇന്നലെയും സിനിമയുടെ റീ എഡിറ്റിംഗ് നടപടികള്‍ നടന്നിരുന്നിരുന്നു. ഇതിനിടെ വിവാദങ്ങള്‍ക്കിടെ ചിത്രം പെരുന്നാള്‍ തിരക്കിലേക്കും കടക്കുകയാണ്. ഇന്നത്തെ ദിവസം അടക്കം വലിയ ബുക്കിംഗാണ് സിനിമക്ക് ലഭിക്കുന്നത്.

അതേസമയം സിനിമയിലെ വിവാദങ്ങളില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമാ സംഘടനകളും വിഷയത്തില്‍ മൗനത്തിലാണ്. വിവാദങ്ങള്‍ക്കിടയിലും തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. സിനിമയുടെ റെക്കോര്‍ഡ് കളക്ഷന്‍ വിവരങ്ങള്‍ താരങ്ങള്‍ തന്നെ പുറത്തുവിട്ടു.

വിവാദഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് വാര്‍ത്തകള്‍ വന്നതോടെ 'എമ്പുരാന്‍' സിനിമ കാണാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒറ്റദിവസംകൊണ്ട് രണ്ടുലക്ഷം ടിക്കറ്റുകള്‍ വിറ്റതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ശനിയാഴ്ച സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അതിനിടെയാണ് നായകന്‍ മോഹന്‍ലാല്‍ സിനിമയുടെ പ്രമേയത്തെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ ഖേദംപ്രകടിപ്പിച്ചു. വിവാദമായ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം സാമൂഹികമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. സംവിധായകന്‍ പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിന്റെ കുറിപ്പ് സ്വന്തം സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍, തിരക്കഥാകൃത്ത് മുരളിഗോപി നിശ്ശബ്ദത തുടര്‍ന്നു.

ഞായറാഴ്ച മോഹന്‍ലാലിന്റെ കുറിപ്പുവന്നതോടെ ടിക്കറ്റ് വില്‍പ്പന കുതിച്ചുയര്‍ന്നു. മൂന്നുമണിമുതല്‍ നാലുമണിവരെയുള്ള ഒരുമണിക്കൂറില്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ 'ബുക്ക് മൈ ഷോ'യിലൂടെ ഇരുപതിനായിരത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്.

ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്റെ കുറിപ്പ് ഇങ്ങനെ:

'ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാംഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്നേഹിക്കുന്നവരില്‍ കുറേപ്പേര്‍ക്ക് വലിയ മനോവിഷമമുണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്നനിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷംപുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടുതന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ഥമായ ഖേദമുണ്ട്, അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ സിനിമയില്‍നിന്ന് നീക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചുകഴിഞ്ഞു.

നാലുപതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

അവസരം മുതലെടുക്കാന്‍ ഡോക്യുമെന്ററിയുമായി എസ്എഫ്‌ഐ

ഇതിനിടെ എമ്പുരാന്‍ വിവാദം കത്തിനില്‍ക്കെ അവസരം മുതലെടുക്കാന്‍ എസ്എഫ്‌ഐയും രംഗത്തുവന്നു. ഗുജറാത്ത് വംശഹത്യയുടെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനമുള്‍പ്പെടെ വിപുലമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചരിത്രത്തെ അപനിര്‍മിക്കുകയും ചെയ്യുന്ന കേന്ദ്രഭരണകൂടത്തിന്റെ നീക്കം അനുവദിക്കാനാകില്ലെന്നും എസ്എഫ്ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

എമ്പുരാന്റെ റിലീസിന് ശേഷം രാജ്യത്ത് സംഘപരിവാര്‍ സൃഷ്ടിച്ച വിദ്വേഷ പ്രചാരണം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും എസ്എഫ്ഐ പറഞ്ഞു. ഗുജറാത്തില്‍ ആര്‍എസ്എസ് ആസൂത്രിതമായി നടപ്പാക്കിയ രാജ്യ ചരിത്രത്തിലെ ഏറ്റവും മൃഗീയവും ഭയാനകവുമായ വംശഹത്യയെ വിമര്‍ശനാത്മകമായി ആവിഷ്‌കരിച്ച സിനിമാ ഭാഗം മുന്‍നിര്‍ത്തിയാണ് വിപുലമായ വിദ്വേഷ പ്രചാരണം നടക്കുന്നത്. കേന്ദ്രാധികാരം കയ്യാളുന്ന സംഘപരിവാര്‍ ഭരണനേതൃത്വം പിന്നിട്ട വഴികളില്‍ നടത്തിയ ക്രൂരമായ ഹിംസകള്‍ ഭാവിതലമുറ ചര്‍ച്ച ചെയ്യപ്പെടുന്നതിലുള്ള ആശങ്കയും അസ്വസ്ഥതയുമാണ് സംഘപരിവാരം പ്രകടമാക്കുന്നതെന്നും എസ്എഫ്ഐ പറഞ്ഞു.

എസ്എഫ്ഐ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ഗുജറാത്ത് വംശഹത്യ സംഘപരിവാര്‍ സൃഷ്ടി ഏരിയ കേന്ദ്രങ്ങളില്‍ ഡോക്യൂമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കും: എസ്എഫ്ഐ

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചരിത്രത്തെ അപനിര്‍മിക്കുകയും ചെയ്യുന്ന കേന്ദ്രഭരണകൂടത്തിന്റെ നീക്കം അനുവദിക്കാനാകില്ല. 'എമ്പുരാന്‍' സിനിമ റിലീസ് ചെയ്യപ്പെട്ടതിന് ശേഷം രാജ്യത്ത് സംഘപരിവാര്‍ സൃഷ്ടിച്ച വിദ്വേഷ പ്രചാരണം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.

ഗുജറാത്തില്‍ ആര്‍. എസ്. എസ് ആസൂത്രിതമായി നടപ്പാക്കിയ രാജ്യ ചരിത്രത്തിലെ ഏറ്റവും മൃഗീയവും ഭയാനകവുമായ വംശഹത്യയെ വിമര്‍ശനാത്മകമായി ആവിഷ്‌കരിച്ച സിനിമാ ഭാഗം മുന്‍നിര്‍ത്തിയാണ് വിപുലമായ വിദ്വേഷ പ്രചാരണം നടക്കുന്നത്. കേന്ദ്രാധികാരം കയ്യാളുന്ന സംഘപരിവാര്‍ ഭരണനേതൃത്വം പിന്നിട്ട വഴികളില്‍ നടത്തിയ ക്രൂരമായ ഹിംസകള്‍ ഭാവിതലമുറ ചര്‍ച്ച ചെയ്യപ്പെടുന്നതിലുള്ള ആശങ്കയും അസ്വസ്ഥതയുമാണ് സംഘപരിവാരം പ്രകടമാക്കുന്നത്.

കേരളത്തെ തീവ്രവാദത്തിന്റെ ഹബ്ബായി ചിത്രീകരിക്കുന്ന'കേരള സ്റ്റോറി' എന്ന പ്രൊപ്പഗാണ്ട മൂവി റിലീസായപ്പോള്‍ ജനാധിപത്യപരമായി ഉയര്‍ന്ന വിമര്‍ശനങ്ങളെ പോലും ചെവിക്കൊള്ളാത്തവരാണ് ഇപ്പോള്‍ മലയാളത്തിന്റെ അഭിമാന പ്രതിഭകളായ മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള 'എമ്പുരാന്‍' അണിയറ പ്രവര്‍ത്തകര്‍ക്കും,

കുടുംബങ്ങള്‍ക്കുമെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ തകര്‍ത്താടുന്നത്. പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയുടെ അടിവയറ്റിലേക്ക് ത്രിശൂലം കുത്തിയിറക്കി പിഞ്ചുകുഞ്ഞിനെ പുറത്തെടുത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചുകളയുന്ന നിലയിലുള്ള ക്രൂരമായ 'ഗുജറാത്ത് മോഡല്‍' വംശഹത്യ നടപ്പിലാക്കി രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് കടന്നുവന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നിരന്തരമായി തുടരുന്ന വര്‍ഗീയ വിഭജന തന്ത്രം എമ്പുരാന്‍ തുറന്നു കാട്ടിയ പശ്ചാത്തലത്തില്‍ എമ്പുരാനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പടച്ചുവിട്ട വിദ്വേഷ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് സിനിമയെ റീസെന്‍സര്‍ ചെയ്യാനും, യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള കേന്ദ്രഭരണകൂടത്തിന്റെ നീക്കത്തോട് മൗനം പാലിക്കാന്‍ എസ്എഫ്ഐ തയ്യാറല്ല.

കേരളത്തിലെ മുഴുവന്‍ ഏരിയ കേന്ദ്രങ്ങളിലും ഗുജറാത്ത് വംശഹത്യയുടെ ചരിത്രം പറയുന്ന ഡോക്യുമെന്ററി പ്രദര്‍ശനമുള്‍പ്പെടെ സംഘപരിവാര്‍ വെട്ടിമാറ്റാന്‍ ശ്രമിച്ച ചരിത്രവസ്തുതയെ തുറന്നു കാണിക്കാനുതകുന്ന വിപുലമായ പ്രചാരണ ക്യാമ്പയിനുകള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Tags:    

Similar News