113 വര്‍ഷം പഴക്കമുള്ള പള്ളി മരം പറിച്ചു മാറ്റുന്നതുപോലെ പൂര്‍ണ രൂപത്തില്‍ ഇളക്കി കൂറ്റന്‍ ലോറിയില്‍ കയറ്റി റോഡിലൂടെ കൊണ്ട് പോകുന്നത് അഞ്ചു കിലോമീറ്റര്‍ അപ്പുറത്ത് മാറ്റി സ്ഥാപിക്കാന്‍; യാത്ര മണിക്കൂറില്‍ അര കിലോമീറ്റര്‍ മാത്രം വേഗതയില്‍

113 വര്‍ഷം പഴക്കമുള്ള പള്ളി മരം പറിച്ചു മാറ്റുന്നതുപോലെ പൂര്‍ണ രൂപത്തില്‍ ഇളക്കി കൂറ്റന്‍ ലോറിയില്‍ കയറ്റി

Update: 2025-08-20 04:58 GMT

സ്റ്റോക്ക്‌ഹോം: സ്വീഡന്റെ വടക്കന്‍ ഭാഗത്തുള്ള ഒരു റോഡിലൂടെ ഒരു പള്ളി നീങ്ങിപ്പോകുന്ന കാഴ്ച കണ്ട ജനം അമ്പരന്നു. 113 വര്‍ഷം പഴക്കമുള്ള ഒരു പള്ളി അഞ്ച് കിലോമീറ്റര്‍ ദൂരത്തേക്ക് മാറ്റി സ്ഥാപിക്കാനായിട്ടാണ് കൊണ്ട് പോയത്. ഒരു മരം പറിച്ചു മാറ്റുന്നതുപോലെ പൂര്‍ണ രൂപത്തില്‍ ഇളക്കി കൂറ്റന്‍ ലോറിയില്‍ കയറ്റിയാണ് ഈ പള്ളി കൊണ്ട് പോയത്. എന്നാല്‍ പള്ളിക്ക് ഒരു തരത്തിലും കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ മണിക്കൂറില്‍ അര കിലോമീറ്റര്‍ വേഗത്തിലാണ് ലോറി സഞ്ചരിക്കുന്നത്.

1912 ലാണ് ഈ പള്ളി നിര്‍മ്മിച്ചത്. ചുവന്ന നിറത്തിലുള്ള തടി കൊണ്ട് നിര്‍മ്മിച്ച ഈ പള്ളി കാഴ്ചക്കാരെ ആകര്‍ഷിച്ചിരുന്നു. ലോറി അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ രണ്ട് ദിവസമെങ്കിലും എടുക്കുമെന്നാണ് കരുതപ്പെടുന്നത്. പളളി നേരത്തേ സ്ഥിത്ി ചെയ്തിരുന്ന കിരുണ എന്ന സ്ഥലത്ത് നിരന്തരമായി ഇരുമ്പയിര് ഖനനം ചെയ്തതിന്റെ ഫലമായി ഭൂമിക്കടിയില്‍ വിളളലുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവിടെയുണ്ടായിരുന്ന കെട്ടിടങ്ങള്‍ മാറ്റി സ്ഥാപിക്കുന്നത്.

ആര്‍ട്ടിക് സര്‍ക്കിളിന് 145 കിലോമീറ്റര്‍ വടക്കായിട്ടാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. പള്ളി വികാരി ലെന റ്റ്ജോണ്‍ബെര്‍ഗിന്റെയും ലുലിയ രൂപതയിലെ ബിഷപ്പ് ആസ നിസ്ട്രോമിന്റെയും അനുഗ്രഹ പ്രാര്‍ത്ഥനകളോടെയാണ് യാത്ര ആരംഭിച്ചത്. ചടങ്ങ് അവസാനിച്ചപ്പോള്‍, കൂറ്റന്‍ മര പള്ളിയെ യന്ത്രസഹായത്തോടെ ലോറിയിലേക്ക് കയറ്റാന്‍ തുടങ്ങി. വന്‍ തോതിലുള്ള ജനക്കൂട്ടമാണ് ചടങ്ങ് കാണാനായി എത്തിയത്. കിരുണയില്‍ നിന്നും മാത്രമല്ല സ്വീഡന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു.




 


ഈ നീക്കത്തിന് നേതൃത്വം നല്‍കിയ പ്രോജക്ട് മാനേജര്‍ സ്റ്റെഫാന്‍ ഹോംബ്ലാഡ് ജോഹാന്‍സണ്‍ പറയുന്നത് ഇതൊരു ചരിത്ര സംഭവമാണ് എന്നാണ്. വളരെ വലുതും സങ്കീര്‍ണ്ണവുമായ ഒരു പ്രവര്‍ത്തനമാണ് ഇതെന്നും തങ്ങള്‍ക്ക് ഒരു പിശകും സംഭവിക്കുന്നില്ലെന്നും എല്ലാം നിയന്ത്രണത്തിലാണ് എന്നുമാണ്. 2010 കളുടെ മധ്യത്തോടെ, കിരുണയിലെ മറ്റ് കെട്ടിടങ്ങള്‍ ഇതിനകം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിത്തുടങ്ങിയിരുന്നു. മിക്കതും പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

പഴയ സിറ്റി ഹാളിന്റെ മേല്‍ക്കൂരയിലെ ക്ലോക്ക് ടവറും മാറ്റിയിരുന്നു. ഇപ്പോള്‍ പുതിയ സിറ്റി ഹാളിന് അടുത്തായി ഇത് കാണാം. സ്വീഡിഷ് നിയമപ്രകാരം, കെട്ടിടങ്ങള്‍ക്കടിയില്‍ ഖനനം നടത്താന്‍ കഴിയില്ല. കിരുണയിലെ ഈ പള്ളിക്ക് 35 മീറ്റര്‍ ഉയരവും 40 മീറ്റര്‍ വീതിയും 672 ടണ്‍ ഭാരവുമുണ്ട്. 1950-ന് മുമ്പുള്ള സ്വീഡനിലെ ഏറ്റവും മനോഹരമായ കെട്ടിടമായി് ഒരിക്കല്‍ ഇത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്രയും വിശാലമായ ഒരു കെട്ടിടത്തിനായി റോഡ് ഒരുക്കുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി എന്നാണ് അധികൃതര്‍ പറയുന്നത്.


 



ഇതിനായി റോഡിന് വീതി കൂട്ടുകയും പൊളിക്കാന്‍ നിശ്ചയിച്ചിരുന്ന ഒരു പാലം നീക്കം ചെയ്യുകയും ചെയ്തു. പള്ളിക്കുള്ളില്‍ ഉണ്ടായിരുന്ന പല അമൂല്യവസ്തുക്കളും ഇതോടൊപ്പം തന്നെ കൊണ്ട് പോകുകയാണ്. സ്വീഡനിലെ ടെലിവിഷന്‍ ചാനലുകള്‍ പള്ളി നീക്കം ചെയ്യുന്നത് മൊത്തമായി ലൈവായി സംപ്രേഷണം ചെയ്യുകയാണ്.

Tags:    

Similar News