ആത്മകഥയിലെ ഉള്ളടക്കം പാര്‍ട്ടി കേന്ദ്ര നേതൃത്വം പരിശോധിച്ചു; വിവാദ ഭാഗങ്ങളെല്ലാം ഒഴിവാക്കിയുള്ള ജീവിതാനുഭവം! അപ്പോഴും ജൂനിയറായ നേതാവിന്റെ ഉയര്‍ച്ച അലോസമാകുന്നു; ഇപിയുടെ ആത്മകഥാ പ്രകാശനത്തില്‍ എംവി ഗോവിന്ദന് ഇടമില്ല; കണ്ണൂര്‍ സി.പിഎമ്മിലെ വിഭാഗിയതയുടെ പോര് പുസ്തക രൂപത്തിലും

Update: 2025-11-03 04:34 GMT

കണ്ണൂര്‍ : സി.പിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ ആത്മകഥ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഥാകൃത്ത് ടി.പത്മനാഭന് നല്‍കി പ്രകാശനം ചെയ്യും. പ്രസിദ്ധീകരിക്കുന്നതിന് മുന്‍പെ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് മുതിര്‍ന്ന സി.പി.എം നേതാവായ ഇ.പി ജയരാജന്റെ ആത്മകഥ. അതുകൊണ്ടുതന്നെ കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടി ജാഗ്രതയിലാണ്.

ആത്മകഥയിലെ ഉള്ളടക്കം പാര്‍ട്ടി കേന്ദ്ര നേതൃത്വം പരിശോധിച്ചിട്ടുണ്ടെന്നാണ് സൂചന. വിവാദ ഭാഗങ്ങളെല്ലാം ഒഴിവാക്കി കൊണ്ടുള്ള ജീവിതാനുഭവങ്ങളാണ് മാതൃഭൂമി പബ്‌ളിക്കേഷന്‍സ് പുറത്തിറക്കിയ ആത്മകഥയിലുള്ളത്. നേരത്തെ കട്ടന്‍ ചായയും പരിപ്പുവടയുമെന്ന പേരില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ആത്മകഥയിലെ ചില പ്രസക്തഭാഗങ്ങള്‍ പുറത്തു വന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതിന്റെ പി.ഡി.എഫ് കോപ്പി പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ തന്റെ അനുമതിയോടെയല്ല ആത്മകഥയെന്ന പേരില്‍ ചില ഭാഗങ്ങള്‍ പുറത്തുവിട്ടതെന്നായിരുന്നു ഇപി ജയരാജന്റെ വാദം. ഇതിനെതിരെ അദ്ദേഹം നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയില്‍ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനും തേജോവധം ചെയ്യുന്നതിനുമാണ് തന്റെ പേരില്‍ അല്ലാത്ത ആത്മകഥയിലെ ചില ഭാഗങ്ങള്‍ പുറത്തുവിട്ടതെന്നായിരുന്നു ഇപി ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ വിശദീകരണം. ഇതു സി.പി.എം നേതൃത്വം അംഗീകരിക്കുകയും വിവാദങ്ങളില്‍ ഇപി യോടൊപ്പം നില്‍ക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ തനിക്കു നേരിട്ട അവഗണനയില്‍ അതൃപ്തി ഇ.പി ജയരാജന്‍ ഇപ്പോഴും മറച്ചു വയ്ക്കുന്നില്ല.

തന്നെക്കാള്‍ ജൂനിയറായ എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതും പി.ബിയില്‍ ഇടം നേടാത്തതും ഇപ്പോഴും കനലു പോലെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഇ.പി ജയരാജന്‍ ഒഴിവായതും ഈ കാരണങ്ങള്‍ കൊണ്ടു തന്നെയാണ്. ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കറുമായി ആക്കുളത്തെ മകന്റെ ഫ്‌ളാറ്റില്‍ നിന്നും കൂടിക്കാഴ്ച്ച നടത്തിയ വാര്‍ത്ത കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ വന്നത് സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു.

ഇതിന്റെ പിന്നിലും ഗൂഡാലോചനയുണ്ടെന്നാണ് ഇപിയുടെ വാദം പാര്‍ട്ടിയില്‍ എംവി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള വിഭാഗം തനിക്കെതിരെ ഒളിയുദ്ധം നടത്തുന്നതായി ഇ.പി പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപിയുടെ ആത്മകഥാ പ്രകാശനം രാഷ്ട്രീയ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടിയിരിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ബിജെപി നേതാവും മുന്‍ ഗവര്‍ണറുമായ പിഎസ് ശ്രീധരന്‍ പിള്ളയും പങ്കെടുക്കുന്നുണ്ട്.

ഇതു കണ്ണൂര്‍ സി.പി.എമ്മിലെ നേതാക്കള്‍ക്കിടെയിലും അണികള്‍ക്കിടെയിലും ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുകൂടാതെ ഡി.സിയെ ഒഴിവാക്കി പാര്‍ട്ടി പ്രസിദ്ധീകരണ സ്ഥാപനമായ ചിന്ത പബ്‌ളിക്കേഷന്‍സിന് എന്തുകൊണ്ടു പുസ്തകം പ്രസിദ്ധീകരിക്കാന്‍ നല്‍കിയില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.

എ.കെ.ജി, ഇ.എം.എസ്, നായനാര്‍ തുടങ്ങി ഒട്ടുമിക്ക നേതാക്കളുടെയും ആത്മകഥ ചിന്തയാണ് പ്രസിദ്ധീകരിച്ചിരുന്നത്. സാധാരണയായി പാര്‍ട്ടി നേതാക്കളുടെ പുസ്തകങ്ങള്‍ ചിന്ത പ്രസിദ്ധീകരിക്കുമെന്നിരിക്കെ ബെസ്റ്റ് സെല്ലറായി മാറാന്‍ സാദ്ധ്യതയുള്ള ഇപിയുടെ ഇതാണെന്റെ ജീവിതമെന്ന ആത്മകഥ വിപണി സാധ്യത മുന്‍നിര്‍ത്തി മാതൃഭൂമിയെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം. ഇപിയുടെ ആത്മകഥ പുറത്തിറക്കുന്ന പരിപാടിയില്‍ പാര്‍ട്ടി മുന്‍കൈയ്യെടുക്കുന്നുണ്ടെങ്കില്‍ പ്രത്യക്ഷത്തില്‍ പാര്‍ട്ടി പരിപാടിയാക്കാന്‍ സി.പി.എം ആഗ്രഹിക്കുന്നില്ല.

ഇതിനായുള്ള പ്രചരണങ്ങള്‍ മുഴുവന്‍ നടത്തിയത് മാതൃഭൂമി തന്നെയാണ് എന്നാല്‍ പരിപാടി കൈ വിട്ടുപോകാതിരിക്കാന്‍ കണ്ണൂരിലെ സിപിഎം ഏറെ ജാഗ്രതയിലുമാണ്.

Tags:    

Similar News