പാര്‍ട്ടിയുമായി പിണങ്ങി നില്‍ക്കുന്ന ഇപി ഇന്‍ഡിഗോയുമായുള്ള പിണക്കം അവസാനിപ്പിച്ചു! അവസാനമായി യെച്ചൂരിയെ കാണാനുള്ള ഡല്‍ഹി യാത്രയ്ക്കായി ബഹിഷ്‌കരണം മാറ്റുമ്പോള്‍

രണ്ടു വര്‍ഷത്തിനുശേഷം ഇ.പി ഇന്‍ഡിഗോ വിമാനത്തില്‍ കയറിയത്. ഇന്നലെ രാത്രി കരിപ്പൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന്‍ ഡല്‍ഹിക്ക് പോയത്

By :  Remesh
Update: 2024-09-13 02:03 GMT

കോട്ടയം: നിര്‍ണ്ണായക ദിവസം നിര്‍ണ്ണായക തീരുമാനം എടുത്ത് ഇപി ജയരാജന്‍. ഇന്‍ഡിഗോ വിമാന കമ്പനിയെ ബഹിഷ്‌ക്കരിക്കുന്നത് അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ ചര്‍ച്ചയാക്കുന്നത് സംഭവിച്ച നഷ്ടത്തിന്റെ വിലയാണ്. അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ അവസാനമായി കാണാനാണ് ജയരാജന്റെ ഇന്‍ഡിഗോ യാത്ര.

രണ്ടു വര്‍ഷത്തിനുശേഷം ഇ.പി ഇന്‍ഡിഗോ വിമാനത്തില്‍ കയറിയത്. ഇന്നലെ രാത്രി കരിപ്പൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന്‍ ഡല്‍ഹിക്ക് പോയത്. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോ സര്‍വീസ് ഇ.പി ബഹിഷ്‌കരിച്ച് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്ര ട്രെയിനിലാക്കിയത്. ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നും പറഞ്ഞു. പിന്നീട് ഇന്‍ഡിഗോ മാപ്പു പറഞ്ഞാല്‍ യാത്ര ചെയ്യുമെന്നും അറിയിച്ചു. എന്നാല്‍ ഇന്‍ഡിഗോ മാപ്പു പറഞ്ഞില്ല.

തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് മുമ്പ് ജയരാജന്‍ യാത്ര ചെയ്തിരുന്നത് ഇന്‍ഡിഗോ വിമാനത്തിലായിരുന്നു. മറ്റു വിമാനങ്ങളില്ലാത്തതിനാല്‍ ജയരാജന്റെ യാത്ര പിന്നീട് ട്രെയിനിലായി. ഇന്‍ഡിഗോ അധികൃതര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തില്‍ നിന്ന് ഇ.പി പിന്നോട്ടു പോയില്ല. പരസ്യമായി മാപ്പു പറയാത്തതു കൊണ്ടായിരുന്നു ഇത്. മാസങ്ങള്‍ക്കുശേഷം എയര്‍ ഇന്ത്യ തിരുവനന്തപുരം -കണ്ണൂര്‍ സര്‍വീസ് ആരംഭിച്ചതോടെയാണ് വീണ്ടും ജയരാജന്‍ വിമാനത്തില്‍ ഈ റൂട്ടില്‍ സഞ്ചരിച്ച് തുടങ്ങിയത്. യെച്ചൂരി മരിക്കുമ്പോള്‍ ഡല്‍ഹിയിലേക്ക് അതിവേഗം എത്താന്‍ ഇന്‍ഡിഗോയുമായുള്ള ഇഗോയും ജയരാജന് പ്രശ്‌നമാകുന്നില്ല. അങ്ങനെ ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയ ശേഷം സിപിഎമ്മുമായി അകലം പാലിച്ചിരുന്ന ഇപി വീണ്ടും വീടു വിട്ട് ഡല്‍ഹിയില്‍ എത്തിയിരിക്കുകായാണ്.

വിമാനത്തിനുള്ളില്‍ അക്രമം നടത്തിയവര്‍ക്ക് ഏര്‍പ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ കാലം ഇന്‍ഡിയോ തനിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ഇപി ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്‍ഡിഗോ ചെയ്തത് ഗുരുതര തെറ്റാണ്. അത് സമ്മതിക്കണം. മാപ്പ് പറയിക്കല്‍ ഫ്യൂഡല്‍ സമ്പ്രദായമാണെന്നതിനാല്‍ അതിന് നിര്‍ബന്ധിക്കുന്നില്ല. പക്ഷേ പറ്റിയ തെറ്റ് ഇന്റിഗോ സമ്മതിക്കണമെന്നും ഇപി ആവശ്യപ്പെട്ടിരുന്നു. വിമാനത്തിലെ കയ്യേറ്റത്തിന്റെ പേരില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ ഇന്‍ഡിഗോ വിമാനക്കമ്പനി വിലക്കിയിട്ട് ഒരു വര്‍ഷം പിന്നിട്ട വേളയിലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇപി ജയരാജന്റെ തുറന്ന് പറച്ചില്‍ എത്തിയത്.

വിമാനത്തില്‍ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്‌തെന്ന കണ്ടെത്തലില്‍ ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഇതോടെയാണ് ഇന്‍ഡിയില്‍ കയറില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പ്രഖ്യാപിച്ചത്. മൂന്നാഴ്ച വിലക്ക് കഴിഞ്ഞെങ്കിലും ഇപി പിന്നെ ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല. അതിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്.

2022 ജൂണ്‍ 13നാണ് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തശേഷമായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി.ജയരാജന്‍ സീറ്റുകള്‍ക്കിടയിലേക്ക് തള്ളിയിട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു.

ഇന്‍ഡിഗോ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തേക്കു തടഞ്ഞ ഇ.പി. ജയരാജന് മൂന്ന് ആഴ്ചത്തെ വിമാന യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ ഇന്‍ഡിഗോ വിമാനത്തിലെ യാത്ര അവസാനിപ്പിക്കുന്നതായി ജയരാജന്‍ പ്രഖ്യാപിക്കുകയായിരുന്നു.

Tags:    

Similar News