വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പക്കൊപ്പം സഹകാര്‍മികനായി ഇടുക്കിയിലെ വൈദികന്‍; അപൂര്‍വ അവസരം കിട്ടിയത് കാര്‍ലോ അക്കുത്തിസിന്റെ ജീവിത ചരിത്രം എഴുതിയ ഫാ അഫ്രേം കുന്നപ്പളളിക്ക്; എഫ്രേം അച്ചന്റെ വിശേഷങ്ങള്‍ ഇങ്ങനെ

വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പക്കൊപ്പം സഹകാര്‍മികനായി ഇടുക്കിയിലെ വൈദികന്‍

Update: 2025-09-15 12:15 GMT

വത്തിക്കാന്‍: വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പക്കൊപ്പം സഹകാര്‍മികനായി മലയാളി വൈദികന്‍. സെപ്റ്റംബര്‍ 7 ന് വിശുദ്ധനായി പ്രഖ്യാപിച്ച കാര്‍ലോ അക്കുത്തിസിന്റെ ജീവിത ചരിത്രം എഴുതിയ ഫാ അഫ്രേം കുന്നപ്പളളിയാണ് മാര്‍പ്പാപ്പയുടെ കൂടെ പ്രധാന ആള്‍ത്താരയില്‍ സഹകാര്‍മികനായത്.

കാര്‍ലോ അക്കുത്തിസിന്റെ അമ്മയും പിയര്‍ ജിയോര്‍ജിയോ ഫ്രസാത്തിയുടെ കുടുംബവും നല്‍കിയ പ്രത്യേക ക്ഷണപ്രകാരം ആയിരുന്നു ഈ അവസരം ലഭിച്ചത്. ഭാരതത്തില്‍ കാര്‍ലോയുടെ മ്യൂസിയം ആരംഭിക്കുവാന്‍ മാര്‍പാപ്പ തറ കല്ല് വെഞ്ചരിച്ചു നല്‍കി. 2007-ല്‍ കാര്‍ലോ അക്കുത്തിസിന്റെ അമ്മയുമായി പരിചയപ്പെട്ട എഫ്രേം അച്ഛന്‍, 2011-ല്‍ ഇംഗ്ലീഷില്‍ കാര്‍ലോയുടെ ആദ്യ ജീവചരിത്രം രചിച്ചു.

സ്‌കൈപ്പ് മുഖാന്തിരം കാര്‍ലോയുടെ അമ്മയോടും പാപ്പയോടും നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആ ഗ്രന്ഥം തയ്യാറായത്. പിന്നീട് കാര്‍ലോയുടെ നാമകരണ നടപടികള്‍ക്ക് തുടക്കമായ ഗ്രന്ഥങ്ങളിലൊന്നായി അത് മാറി. 2013-ല്‍ കാര്‍ലോ ദൈവദാസനായപ്പോള്‍, ഏഷ്യന്‍ അസോസിയേഷന്‍ ഓഫ് കാര്‍ലോ അക്കുത്തിസ്-ന്റെ നേതൃത്വവും എഫ്രേം അച്ചന്‍ ഏറ്റെടുത്തു. ബ്രസീല്‍, ഫിലിപ്പീന്‍സ്, അര്‍ജന്റീന, ചൈന, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ അദ്ദേഹം കാര്‍ലോയുടെ സന്ദേശം പ്രചരിപ്പിച്ചു.

അദ്ദേഹം സെമിനാരിയില്‍ പഠനം ആരംഭിക്കുമ്പോള്‍ തന്നെ ജോയിസ് അപ്രേംജെസ്സി ജോയിസ് ദമ്പതികള്‍ (അച്ഛന്റെ മാതാപിതാക്കള്‍) അദ്ദേഹത്തെ പിന്തുണച്ചു. കാര്‍ലോ അക്കുത്തിസ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍, കാര്‍ലോയുടെ ടി-ഷര്‍ട്ടും, അഴുകാത്ത ഹൃദയത്തിന്റെ ഭാഗവും ഉള്‍പ്പെടുത്തി ഇന്ത്യയില്‍ നടന്ന പ്രദര്‍ശനങ്ങളില്‍ എഫ്രേം അച്ചന്‍ നേതൃത്വം നല്‍കി. ഇതോടൊപ്പം, ഏകദേശം 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി വണക്കയാത്രകള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.

യുവാക്കളുടെ ഇടയില്‍ വിശ്വാസം വളര്‍ത്താനായി, എഫ്രേം അച്ഛന്‍ Carlo Voice Magazine ആരംഭിച്ചു. ഈ മാസികയുടെ ഓഫീസ് കാലടിക്കടുത്ത മരോട്ടിച്ചോട്യിലാണ്. കാര്‍ലോയെ കുറിച്ച് അദ്ദേഹം എഴുതിയ Highway to Heaven എന്ന പുസ്തകം ലോകത്തിലെ 28 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം, ഭാരതത്തില്‍ കാര്‍ലോ അക്കുത്തിസ് മ്യൂസിയത്തിന്റെ നിര്‍മാണത്തിനുള്ള തറക്കല്ല് പോപ്പ് വെഞ്ചരിച്ചു. തുടര്‍ന്ന് വത്തിക്കാനിലെ ലൂര്‍ദ് ഗാര്‍ഡനില്‍ നടന്ന വിരുന്നില്‍ വത്തിക്കാന്‍ ഡിപ്ലോമാറ്റുകള്‍, കാര്‍ഡിനാളുമാര്‍, മെത്രാന്മാര്‍, മന്ത്രിമാര്‍ എന്നിവരോടൊപ്പം അച്ചനും പ്രേത്യേകം പങ്കെടുത്തു.



2007-ല്‍, പിയര്‍ ജിയോര്‍ജിയോ ഫ്രസാത്തിയെക്കുറിച്ചുള്ള പുസ്തകം, അദ്ദേഹത്തിന്റെ സഹോദരിയുടെ പുത്രിയുടെ സഹായത്തോടെയാണ് എഫ്രേം അച്ചന്‍ രചിച്ചത്. അതേ വര്‍ഷം തന്നെ കാര്‍ലോയുടെ അമ്മയുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്താന്‍ തുടങ്ങി. ''ഇത്തരം ഒരു അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത് എന്റെ ജീവിതത്തിലെ അപൂര്‍വ്വ അനുഭവമാണ്,'' എന്ന് ഫാ. എഫ്രേം കുന്നപ്പള്ളി പറഞ്ഞു. കാര്‍ലോയുടെ ലാപ്ടോപ്പ്, കാല്‍ക്കുലേറ്റര്‍, ടെന്നീസ് ബാറ്റ് തുടങ്ങിയ സ്വകാര്യ വസ്തുക്കള്‍ ഇപ്പോള്‍ തന്റെ കൈവശമുണ്ടെന്നും, അവയെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ലോക്കൊപ്പം വിശുദ്ധരുടെ നിരയില്‍ ഉള്‍പ്പെടുത്തിയ പര്‍വതാരോഹകനും കായികതാരവുമായിരുന്ന പിയര്‍ ജിയോര്‍ജിയോ ഫ്രസാത്തിയെ അദ്ദേഹം പ്രത്യേകം ഓര്‍ത്തെടുത്തു. പിയര്‍ ജിയോര്‍ജിയോയുടെ തിരുനാള്‍ ദിനത്തിലാണ് എഫ്രേം അച്ചന്‍ പൗരോഹിത്യം സ്വീകരിച്ചതും. കാര്‍ലോ ഉപയോഗിച്ച കട്ടിലില്‍ ഒരു ദിവസം കിടക്കാന്‍ ഉള്ള ഭാഗ്യവും അച്ചന് ലഭിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, കാര്‍ഡിനാള്‍ പിസ്സബല്ല, കാര്‍ഡിനാള്‍ ക്ലീമിസ് മാര്‍ ബസ്സേലിയോസ് ബാവ, കാര്‍ഡിനാള്‍ ലുയ്സ് റഫേല്‍ സാക്കോ, മാര്‍ റഫേല്‍ തട്ടില്‍ എന്നിവരുടേയും പിന്തുണ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചതായി എഫ്രേം അച്ചന്‍ വ്യക്തമാക്കി. പാപ്പ ഫ്രാന്‍സിസ് തന്നെ ഇന്ത്യന്‍ നൂണ്‍ഷ്യേറ്റര്‍ വഴി 'Carlo Brother' എന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ലോയുടെ അമ്മയ്ക്കൊപ്പം ജോയിസ് അപ്രേം, എബിന്‍ എസ് കണ്ണി ക്കാട്ട്, അജീഷ് കൂരന്‍, ഷാജി ജെ കണ്ണിക്കാട്ട്, എസ്തര്‍ എന്നിവര്‍ ''കാര്‍ലോ ഫൗണ്ടേഷന്‍'' മുഖാന്തിരം കാര്‍ലോയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരുന്നു. എഫ്രേം അച്ഛന്റെ ഇംഗ്ലീഷ് പുസ്തകം Positio കാര്‍ലോയുടെ നാമകരണത്തിനായുള്ള അസ്സിസ്റ്റാന്റ് രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധരുടെ നാമകരണ നടപടികളുടെ പ്രിഫെക്ടായ കാര്‍ഡിനാള്‍ സെറായോ, എഫ്രേം അച്ചന്‍ രചിച്ച Beatitudes on the Web and Mountain എന്ന അച്ചന്റെ 102-ാമത്തെ പുസ്തകം പ്രകാശനം ചെയ്ത് അദ്ദേഹത്തെ അനുമോദിച്ചു.

കുട്ടിക്കാലത്ത് തന്നെ വിശുദ്ധജീവിതം നയിച്ച രണ്ടു പേരെയാണ് ഈ canonization-ല്‍ സഭ വിശുദ്ധരായി പ്രഖ്യാപിച്ചത് - കാര്‍ലോ അക്കുത്തിസ് (15)യും പിയര്‍ ജിയോര്‍ജിയോ ഫ്രസാത്തി (24)യും. ഇന്ത്യയില്‍ നിന്ന് പ്രത്യേക ക്ഷണം ലഭിച്ച ഏക പുരോഹിതന്‍ എന്ന വിശിഷ്ട സ്ഥാനമാണ് ഫാ. എഫ്രേം കുന്നപ്പള്ളിക്ക് ലഭിച്ചത്.

Tags:    

Similar News