ബ്രിട്ടനിലെ ആരോഗ്യ സംവിധാനത്തേക്കാള്‍ മികച്ചതാണ് കേരളത്തിലേതെന്ന അയല്‍വാസിയും മുന്‍ യുകെ മലയാളിയുമായ വ്യക്തിയുടെ ഫേസ്ബുക് പോസ്റ്റ് ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്; പിന്തുണയുമായി മുരളി തുമ്മാരുകുടിയും; കാപ്‌സ്യുളും പിആര്‍ തള്ളുമെന്നു സോഷ്യല്‍ മീഡിയ; മന്ത്രി വീണയുടെ നിലപാട് ശൈലജ മന്ത്രിയായപ്പോള്‍ പറഞ്ഞതിന് നേര്‍ വിപരീതവും

ഫേസ്ബുക് പോസ്റ്റ് ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്; പിന്തുണയുമായി മുരളി തുമ്മാരുകുടിയും

Update: 2025-08-06 06:07 GMT

ലണ്ടന്‍: ബ്രിട്ടനിലെ ആരോഗ്യ സംവിധാനത്തേക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് കേരളത്തിലേതെന്ന് അഭിമാനത്തോടെ സോഷ്യല്‍ മീഡിയയില്‍ കേരള ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഏതെങ്കിലും ഔദ്യോഗിക ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടോ ഡാറ്റയോ അടിസ്ഥാനമാക്കിയല്ല മന്ത്രിയുടെ പ്രസ്താവം എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയയില്‍ മുന്‍ യുകെ മലയാളിയായ സനല്‍ കുമാര്‍ എന്ന വ്യക്തി ചെയ്ത പോസ്റ്റാണ് മന്ത്രിയുടെ നിലവാരം അളക്കലിന് കാരണമായി മാറിയിരിക്കുന്നത്.

ബ്രിട്ടനില്‍ ഏതാനും വര്‍ഷം ജീവിച്ച സനല്‍കുമാര്‍ എന്ന വ്യക്തി ഇപ്പോള്‍ മന്ത്രിയുടെ അയല്‍വാസിയാണെന്ന് കൂടി വീണ ജോര്‍ജിന്റെ സോഷ്യല്‍ മീഡിയപോസ്റ്റില്‍ വ്യക്തമാണ്. എന്നാല്‍ വീണയുടെ മുന്‍ഗാമിയായ ശൈലജ ടീച്ചര്‍ മന്ത്രി ആയിരിക്കുമ്പോള്‍ ബ്രിട്ടനിലെ ആരോഗ്യ സംവിധാനത്തിലെ രീതികള്‍കേരളത്തിലേക്ക് പറിച്ചു നടുന്നതിനെ കുറിച്ച് പഠിക്കാന്‍ എത്തിയത് രണ്ടു വട്ടമാണ് എന്നതും ശ്രദ്ധേയം തന്നെ. എന്നാല്‍ ഭരണപരമായ സാങ്കേതിക തടസങ്ങള്‍ എത്തിയതോടെ ശൈലജയ്ക്ക് യുകെ സിസ്റ്റം കേരളത്തില്‍ എത്തിക്കാനാകാതെ പോകുകയായിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്.

അന്ന് ബ്രിട്ടനില്‍ എത്തി പ്രശസ്തമായ വാര്‍വിക് യൂണിവേഴ്‌സിറ്റിയിലും കവന്‍ട്രി ആന്‍ഡ് വാര്‍വിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും എത്തി കാര്യങ്ങള്‍ മനസിലാക്കി എന്‍എച്ച്എസ് സംവിധാനത്തിന്റെ മികവ് ബോധ്യപെട്ടാണ് ശൈലജ ടീച്ചര്‍ മടങ്ങിയത്. അന്ന് വാര്‍വിക് യൂണിവേഴ്‌സിറ്റിയില്‍ ഡീന്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രൊഫ. സുധീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയ്ക്ക് ബ്രിട്ടനിലെ സിസ്റ്റം പരിചയപ്പെടുത്താന്‍ ഒപ്പം ഉണ്ടായിരുന്നത്.

മാത്രമല്ല സന്ദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഡീന്‍ പ്രൊഫ. സുധീഷ് കുമാറിന്റെ സഹായവും നേതൃത്വവും ഉണ്ടാകും എന്ന് ഉറപ്പുവരുത്തിയുമാണ് അന്ന് മന്ത്രി ശൈലജ മടങ്ങിയത്. സാധാരണ മന്ത്രിമാരും മറ്റും യുകെ സന്ദര്‍ശനം നടത്തുമ്പോള്‍ യുകെ മലയാളികളെ കാണുന്ന പതിവുണ്ടെങ്കിലും അക്കാദമിക് ഉദ്ദേശത്തോടെ ശൈലജ നടത്തിയ സന്ദര്‍ശന വിവരം അതീവ രഹസ്യമാക്കി വയ്ക്കുക ആയിരുന്നു എന്ന് 2017 നവംബര്‍ മൂന്നിന് ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോള്‍ തന്റെ വകുപ്പ് നടത്തിയ ഈ വക കാര്യങ്ങള്‍ ഒന്നും മനസിലാകാതെയാണ് ആരോ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ ബ്രിട്ടനിലെ ആരോഗ്യരംഗത്ത് ഡോക്ടറെ കാണാന്‍ പ്രയാസമാണ് എന്നും കേരളത്തില്‍ മരുന്നൊക്കെ സൗജന്യമായി കിട്ടും എന്നതും ഏറ്റുപിടിച്ചു സ്വയം ആഘോഷമാക്കാന്‍ മന്ത്രി വീണ തയ്യാറായത് എന്നത് കൗതുകകരമാണ്. യുകെ അടക്കമുള്ള വികസിത നാടുകളില്‍ അനാവശ്യമായി ആന്റിബയോട്ടിക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കില്ലെന്നും സാധാരണ പനിപോലെയുള്ള അസുഖങ്ങള്‍ക്ക് വിശ്രമം എടുത്തു രോഗം ഭേദമാകാന്‍ നിര്‍ദേശിക്കുന്നതും പതിവാണ്.

മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധ ശേഷി ഉയര്‍ത്തി നിര്‍ത്തുന്നതിനാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ രണ്ടു വര്‍ഷം മാത്രം യുകെയില്‍ കഴിഞ്ഞ സനല്‍കുമാര്‍ എന്ന വ്യക്തിക്ക് ഇപ്പോഴും അനാവശ്യമായി എന്തുകൊണ്ട് യുകെയില്‍ മരുന്നുകള്‍ നിര്‍ദേശിക്കപ്പെടുകയില്ല എന്ന കാര്യം അറിയാത്തതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നടത്തിയ അഭിപ്രായം അതേപടി മന്ത്രിയും മുന്‍ മാധ്യമ പ്രവര്‍ത്തകയും ആയ വീണ ജോര്‍ജ് ഏറ്റെടുത്തത് കടന്ന കയ്യായി പോയെന്നു അവര്‍ ഇട്ട പോസ്റ്റിനു താഴെ തന്നെ നിരവധി പേര് അഭിപ്രായപ്പെടുന്നുമുണ്ട്.

യുകെയില്‍ ഡോക്ടറെ കാണാന്‍ മന്ത്രിയുടെ കത്തിന്റെ ആവശ്യമില്ല, മന്ത്രി വീണ കത്ത് നല്‍കുന്നത് ആര്‍സിസിയില്‍ ഡോക്ടറെ കാണാനും

കുടിയേറ്റം അതിരു വിട്ടതിനാല്‍ യുകെയില്‍ ഡോക്ടര്‍മാരെ കാണാന്‍ കൂടുതല്‍ കാലതാമസം ഉണ്ടെന്നത് വാസ്തവം ആണെങ്കിലും ഡോക്ടറെ കണ്ടാല്‍ മരുന്നു കഴിക്കേണ്ട രോഗം ആണെങ്കില്‍ ഉറപ്പായും അത് ലഭിക്കാന്‍ ഒരു തടസവും എന്‍എച്ച്എസില്‍ ഉണ്ടാകില്ല. മാത്രമല്ല മിക്കപ്പോഴും രോഗികളുടെ മരുന്നോ ചികിത്സയോ നേടിയതിനു ശേഷമുള്ള തുടര്‍ അന്വേഷണവും ഒക്കെ ആവശ്യമായ കേസുകളില്‍ എന്‍എച്ച്എസ് ഒരു മുടക്കവും കൂടാതെ നടത്തുകയും ചെയ്യുന്നുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പ്കേരളത്തില്‍ സന്ദര്‍ശനം നടത്തവേ ക്യാന്‍സര്‍ സ്ഥിരീകരിച്ച ക്രോയ്ഡോണ്‍ മലയാളി വിഞ്ചുകുമാര്‍ തന്റെ സന്ദര്‍ശനം വെട്ടിച്ചുരുക്കി യുകെയില്‍ മടങ്ങി എത്തിയപ്പോള്‍ നേരെ പോയത് എന്‍എച്ച്എസിലേക്കാണ്. ഒരു കാലതാമസവും കൂടാതെയാണ് അദ്ദേഹത്തിന് അര്‍ഹതപ്പെട്ട സൗജന്യ ചികിത്സാ എന്‍എച്ച്എസ് നല്‍കിയത്. എന്നാല്‍ സ്റ്റേജ് ഫോറില്‍ എത്തിയ അദ്ദേഹത്തിനു ചികിത്സകളിലൂടെ മടങ്ങി വരാനാകാതെ മരണത്തിനൊപ്പം യാത്രയായത് കഴിഞ്ഞ ദിവസമാണ്. രണ്ടു നാള്‍ മുന്‍പാണ് വിഞ്ചുകുമാറിന്റെ മൃതദേഹം മന്ത്രി വീണയുടെ ഓഫിസിനു തൊട്ടരികെയുള്ള ശ്മശാനത്തില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയതും.

ചുരുക്കത്തില്‍ കാന്‍സര്‍ രോഗികള്‍ക്കും മറ്റും സാധ്യമായ വേഗത്തില്‍ തന്നെ ഇപ്പോഴും എന്‍എച്ച്എസ് ചികിത്സയ്ക്ക് ഒരു തടസവും ഇല്ലെന്നാണ് വിഞ്ചുകുമാറിന്റെ അനുഭവം യുകെ മലയാളികളെ പഠിപ്പിക്കുന്നത്. എന്നാല്‍ കേരളത്തില്‍ രോഗികളുടെ എണ്ണപ്പെരുപ്പം മൂലം ഏക ആശ്രയമായ ആര്‍സിസിയില്‍ ഒരു ഡോക്ടറെ കാണാന്‍ പോലും മന്ത്രി വീണയുടെ ഓഫീസില്‍ നിന്നും ശുപാര്‍ശ കത്ത് വാങ്ങാന്‍ കാത്തു നില്‍ക്കുന്ന അനുഭവം പങ്കിടാന്‍ യുകെ മലയാളികളില്‍ തന്നെ അനേകം പേര്‍ക്ക് സാധിക്കും. തങ്ങളുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി ഇത്തരം ശുപാര്‍ശകള്‍ തേടി ഒട്ടേറെ യുകെ മലയാളികള്‍ മന്ത്രിയുടെ ഓഫിസില്‍ എത്തിയിട്ടുണ്ട്, അവര്‍ കത്ത് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ യുകെയിലോ മറ്റു വികസിത രാജ്യങ്ങളിലോ ഒന്നും ഇത്തരം പതിവുകള്‍ ഇല്ലെന്നു മന്ത്രി വീണയ്ക്ക് ഇനിയും മനസിലായിട്ടുണ്ടാകില്ല.

തന്റെ വകുപ്പിന്റെ സേവനവും പ്രവര്‍ത്തനവും യുകെയേക്കാള്‍ മികച്ചതാണ് എന്ന നിരീക്ഷത്തോടെ മന്ത്രി വീണ നടത്തിയ പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ:

Veena George

1h·

ആരോഗ്യമേഖലയ്‌ക്കെതിരെ ചിലര്‍ സംഘടിതമായ അക്രമണം നടത്തുമ്പോള്‍ ജനങ്ങള്‍ തങ്ങളുടെ അനുഭവം പങ്കുവെയ്ക്കുന്നു. നന്ദി ശ്രീ സനല്‍കുമാര്‍ , ശ്രീ . മധുലാല്‍ ജയദേവന്‍

22വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോകേണ്ടിവന്ന അനുഭവം, ബ്രിട്ടനില്‍ ജീവിച്ച, അയല്‍ക്കാരന്‍ കൂടിയായ പ്രിയപ്പെട്ട Sanal Kumar പോസ്റ്റ് ചെയ്തത്.

രാവിലെ സ്‌കൂളില്‍ നിന്നും ടീച്ചറിന്റെ വിളി..

മോള്‍ക്ക് വയ്യ എന്ന് പറയുന്നു ...ക്ഷീണം.. കിടക്കുകയാണ്.

കൂട്ടിക്കൊണ്ടു പോകാന്‍ പറ്റുമെങ്കില്‍ വരിക.

രാവിലത്തെ ഓഫീസ് കോളൊക്കെ ഒരു വിധം തീര്‍ത്ത് ഓടി ചെല്ലുമ്പോള് ആളുടെ കണ്ണൊക്കെ ചുവന്ന് ഇരിപ്പുണ്ട്.

എന്താ ചെയ്യുക എന്നാലോചിച്ചപ്പോള്‍, പൊതുവെ മരുന്ന് കഴിപ്പ് കുറവായത് കൊണ്ടും പനിയായിട്ടില്ല എന്നത് കൊണ്ടും വീട്ടില്‍ പോയി റെസ്റ്റ് ചെയ്താലോ എന്നാലോചിച്ചു.

അങ്ങനെ സ്‌കൂളില്‍ നിന്നും ഇറങ്ങുമ്പോ.. മുഹമ്മ ഗവര്‍ണമെന്റ് ഹോസ്പിറ്റലിന്റെ മുന്നിലൂടെയാണ് വീട്ടിലേക്ക് വരുന്നത്.

എന്റെയൊരു കസിന്‍ ഒരു തവണ പോയിട്ട് നല്ല സെറ്റപ്പാണെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒരു 22 വര്‍ഷത്തിനു ശേഷം ആദ്യമായി അവിടെ കയറി .

പുതിയ ബില്‍ഡിങ്...

OP ടിക്കറ്റില്‍ മോളുടെ പേരും വയസ്സും പറഞ്ഞു ഗൂഗിള്‍ പേ ചെയ്യാന്‍ QR കോഡ് തപ്പുന്ന എന്നെ നോക്കി അവര്‍ പറഞ്ഞു ഒന്നും വേണ്ട ഫ്രീയാണ്.

അതിനു ശേഷം, ഡോക്‌റെ കണ്ടു. ഏതോ ഗവണ്‍മെന്റ് കോളേജില്‍ പഠിച്ചു ഡിഗ്രി കരസ്ഥമാക്കിയ മിടുക്കന്‍മാരായ രണ്ടു ഡോക്ടര്‍മാര്‍.

കഴുത്തിലെ ലിംഫ് നോഡില്‍ രണ്ടു ദിവസമായി തടിപ്പുണ്ടായിരുന്നു എന്ന് മോള്‍ പറഞ്ഞതോടെ ഒരു ബ്ലഡ് ടെസ്റ്റിന് കൂടെ എഴുതി. നേരെ ഈ ജനുവരിയില്‍ പണി കഴിപ്പിച്ച മുകളിലെ പുതിയ ലാബിലേയ്ക്ക്.

രക്തം എടുത്ത ശേഷം, pay ചെയ്യാന്‍ വീണ്ടും QR code തപ്പുന്ന എന്നോട് അതും ഫ്രീയാണ് എന്ന് നഴ്‌സ് പറയുന്നു!

ഞാന്‍ അന്തം വിട്ട് നില്‍ക്കുകയാണ്.

റിസള്‍ട്ട് ഒരു മണിക്കൂറിനു ശേഷം കിട്ടും. ശേഷം മരുന്ന് വാങ്ങാന്‍ ചെന്നപ്പോള്‍ ഒരു ആന്റിബയോട്ടിക്, വേറെ നാല് ഗുളികകള്‍, കണ്ണില്‍ ഒഴിക്കാന്‍ രണ്ടു ഡ്രോപ്പ് മരുന്നുകള്‍ എല്ലാം ഫ്രീ.

ഞാന്‍ അന്തം വിട്ട് പോയി.

ഈ ഗവണ്‍മെന്റ് ആസ്പത്രികളൊക്കെ, വെറും തട്ടിക്കൂട്ട് പരിപാടിയാണെന്നാണ് ഞാനൊക്കെ ഇന്നു വരെ ധരിച്ചിരുന്നത്.

അതു കൊണ്ട് തന്നെ ഇതൊക്കെ കുറെ വിഡ്ഢികള്‍ക്ക് മാത്രമുള്ളതാണെന്ന ഒരു തരം സവര്‍ണ്ണ ചിന്താഗതി എനിക്കുണ്ടായിരുന്നു എന്നത് സത്യമാണ്.

ഇത്രയും മരുന്നുകളും സര്‍വ്വീസുകളും കുറഞ്ഞത് ആയിരം രൂപയെങ്കിലും ഏതൊരു പ്രൈവറ്റ് ആസ്പത്രിയിലും ഈടാക്കുമെന്നിരിക്കെ ഇതൊക്കെ ഫ്രീയായി തരുന്ന ഒരു സംവിധാനം നമ്മുടെ തൊട്ടടുത്ത് ഉണ്ടായിരുന്നു എന്നത് സത്യത്തില്‍ എനിക്ക് പുതിയൊരറിവായിരുന്നു.

ഒരു പനി വന്നാല്‍ ഒരാഴ്ചയോ ഒരു മാസമോ കഴിഞ്ഞ് മാത്രം ഡോക്റ്ററെ കാണാന്‍ അപ്പോയിന്റ്‌മെന്റ് കിട്ടുന്ന ബ്രിട്ടനില്‍, ലണ്ടനില്‍ രണ്ടു കൊല്ലം ജീവന്‍ കൈയ്യില്‍പ്പിടിച്ച് ജീവിച്ച ഒരാളെന്ന നിലയില്‍ എനിക്ക് ഇതൊക്കെ വലിയ സന്തോഷം തരുന്ന കാര്യമാണ്.

സകലതിനും സിസ്റ്റത്തേയും ഗവണ്‍മെന്റിനെയും കുറ്റം പറഞ്ഞിരുന്ന ഒരാളെന്ന നിലയില്‍, അതു കൊണ്ട് തന്നെയല്പം പശ്ചാത്താപ വിവശനായാണ് ഈ കുറിപ്പ് ഞാനെഴുതുന്നത്.

മുറ്റത്തെ മുല്ലക്ക് മണമില്ല എന്നതൊരു പഴഞ്ചൊല്ലല്ല.

അതൊരു സത്യം മാത്രമാണ്...

Muralee Thummarukudy

നാല്പത് വര്‍ഷം കേരളത്തിന് പുറത്തും മുപ്പത് വര്‍ഷം ഇന്ത്യക്ക് പുറത്തും ജീവിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ചുള്ള ഈ കുറിപ്പില്‍ ഒട്ടുംഅതിശയോക്തി ഇല്ല എന്നെനിക്ക് മനസ്സിലാകും.

മുരളി തുമ്മാരുകുടി

Veena George

Tags:    

Similar News