കുടമാറ്റം കാണാൻ തിങ്ങി കൂടിയ ആയിരങ്ങൾ; വൈദ്യമേളത്തിനൊപ്പം താളം പിടിച്ച് കാഴ്ചക്കാർ; പൊടുന്നനെ ആള്‍ക്കൂട്ടത്തില്‍ നിന്നും ആർപ്പുവിളി; 'വേടന്‍ തുടരും' എന്ന പോസ്റ്റർ എടുത്തുയർത്തി ആരാധകർ; ഡബിൾ ആവേശത്തിൽ യുവതലമുറ; പൂരത്തിനിടയിലും റാപ്പര്‍ വേടന് പിന്തുണ നൽകിയപ്പോൾ സംഭവിച്ചത്!
തൃശൂര്‍: തൃശൂർപൂരത്തിന് ആവേശം നിറച്ച് കുടമാറ്റം ഇപ്പോൾ പുരോഗമിക്കുകയാണ്. പാറേമക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ തെക്കോട്ടിറക്കം പൂര്‍ത്തീകരിച്ചതോടെയാണ് കുടമാറ്റത്തിന് തുടക്കമായത്. പാറേമക്കാവ് വിഭാഗമാണ് ആദ്യം പുറത്തേക്കിറങ്ങിയത്.ഇതിനിടെ വൈദ്യമേളത്തിനൊപ്പം താളം പിടിച്ച് കാഴ്ചക്കാർ നിൽക്കുമ്പോൾ ഒരു വ്യത്യസ്തമായ കാഴ്ച ആളുകളെ ഞെട്ടിച്ചു. പൂരത്തിനിടയില്‍ റാപ്പര്‍ വേടന് പിന്തുണയുമായി ആരാധകര്‍ എത്തിയതാണ് സംഭവം.
കുടമാറ്റ സമയത്താണ് ആള്‍ക്കൂട്ടത്തില്‍ നിന്നും 'വേടന്‍ തുടരു'മെന്ന പോസ്റ്റര്‍ ഉയര്‍ത്തിയത്. ഇതോടെ യുവതലമുറ ഡബിൾ ആവേശത്തിലായി. പൂരത്തിനിടയിലും റാപ്പര്‍ വേടൻ എന്ന മനുഷ്യന് പൂർണ പിന്തുണ നൽകിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകളാണ് പൂരം ആസ്വദിക്കാന്‍ ഒഴുകിയെത്തുന്നത്.
അതേസമയം, ശക്തന്റെ മണ്ണിൽ വാദ്യകുലപതികൾ തീർത്ത മേളഗോപുരങ്ങളിൽ പൂരാവേശം ഉച്ചസ്ഥായിലേക്ക് എത്തിയിരിക്കുകയാണ്. മേടമാസത്തിലെ ചൂടിലും പൂരനഗരിയിൽ ആവേശം അലയടിക്കുകയാണ്. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറമേളം കലാശിച്ചതിന് പിന്നാലെയാണ് തെക്കോട്ടിറക്കം ആരംഭിച്ചത്. വടക്കുന്നാഥൻ മതിൽക്കെട്ടിനു പുറത്ത് തിരുവമ്പാടിയുടെ പാണ്ടിമേളം ഇതേസമയത്ത് ആരാധകരെ ആവേശത്തിലാക്കി.
പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിന് പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരുഭാഗങ്ങളിലായി നിരന്ന് കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ക്കുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലാണ് ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയത്.
തൃശൂര്‍ തേക്കിൻകാട് മൈതാനവും വടക്കുന്നാഥ സന്നിധിയും സ്വരാജ് റൗണ്ടുമെല്ലാം ജനസാഗരമാണ്. വൈകിട്ട് കുടുമാറ്റം കൂടി ആരംഭിക്കുന്നതോടെ വടക്കുംനാഥ സന്നിധി ജനസാഗരമായി. കുടമാറ്റം നടക്കുന്ന സ്വരാജ് റൗണ്ടിന്‍റെ ഭാഗത്തും തേക്കിൻകാട് മൈതാനത്തുമെല്ലാം പൂരപ്രേമികള്‍ ആവേശത്തിലാണ്.
കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ ഏഴരയോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളപ്പ് ആരംഭിച്ചു. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുന്നാഥ സന്നിധിയിൽ എത്തിയതോടെ പൂരപ്രേമികൾക്ക് ആവേശമായി. പിന്നാലെ വിവിധ ഘടക പൂരങ്ങളും എത്തി.
തിരുവമ്പാടിയുടെ എഴുന്നള്ളത്ത് തെക്കേ മഠത്തിന് മുന്നിലെത്തിയതോടെ പ്രശസ്തമായ മഠത്തിൽ വരവ് പഞ്ചവാദ്യം തുടങ്ങി. കോങ്ങാട് മധുവായിരുന്നു മേള പ്രാമാണികൻ. പന്ത്രണ്ടരയോടെ ചെമ്പട കൊട്ടി പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെട്ടു. വൈകീട്ട് അഞ്ചരയ്ക്ക് തേക്കെ നടയിലാണ് വര്‍ണകാഴ്ചകളൊരുക്കിയുള്ള കുടമാറ്റം നടക്കുക. നാളെ പുലര്‍ച്ചെ മൂന്നുമണിക്കാണ് വെടിക്കെട്ട് നടക്കുക.