ആര്‍ജെഡിയില്‍ നിന്നും രാജിവെച്ച് മുസ്ലീം ലീഗിലേക്ക്; യുഡിഎഫില്‍ ചേര്‍ന്ന കൗണ്‍സിലറെ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍; ഫറോക്ക് നഗരസഭയില്‍ കയ്യാങ്കളി

കൗണ്‍സില്‍ യോഗം ചേരുന്നതിനു മുമ്പ് നാടകീയരംഗങ്ങള്‍

Update: 2024-11-12 11:39 GMT

ഫറോക്ക്: കോഴിക്കോട് ഫറോക്കില്‍ ആര്‍ജെഡിയില്‍ നിന്നും രാജിവെച്ച് മുസ്ലീം ലീഗിലേക്ക് പോയ വനിതാ കൗണ്‍സിലറെ ചെരിപ്പുമാല അണിയിക്കാന്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാറുടെ ശ്രമം. തിങ്കളാഴ്ച നടന്ന ഫറോക്ക് മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തിനിടെയായിരുന്നു പ്രതിഷേധം. കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തിയഞ്ചിനാണ് ഫറോക്ക് മുനിസിപ്പാലിറ്റി 14-ാം ഡിവിഷനിലെ കുന്നത്തുമോട്ട കൗണ്‍സിലറായ ഷനൂബിയ ആര്‍.ജെ.ഡി വിട്ട് ലീഗില്‍ ചേര്‍ന്നത്. ഇതിന് ശേഷം നടന്ന ആദ്യ കൗണ്‍സില്‍ യോഗത്തില്‍ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമിച്ചതോടെ എല്‍ഡിഎഫ് - യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടുകയായിരുന്നു.

തിങ്കളാഴ്ച കൗണ്‍സില്‍ യോഗം ചേരുന്നതിനു മുമ്പാണു നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. എല്‍ഡിഎഫ് യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറെനേരം ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കയ്യാങ്കളിയില്‍ വരെയെത്തി. രാവിലെ 10.30ന് കൗണ്‍സില്‍ തുടങ്ങാനുള്ള ഒരുക്കത്തിനിടെയാണു എല്‍ഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധവുമായി ഹാളില്‍ എത്തിയത്.

ഇതോടെ യുഡിഎഫ് അംഗങ്ങള്‍ ഷനൂബിയ നിയാസിന് അഭിവാദ്യം വിളിച്ചു ചുറ്റും വലയം തീര്‍ത്തു പ്രതിരോധിച്ചു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെരിപ്പ് മാലയുമായി അടുത്തേക്കു വന്നതോടെയാണു കയ്യാങ്കളിയുണ്ടായത്. പിടിവലിക്കിടെ ചില കൗണ്‍സിലര്‍മാര്‍ നിലത്തുവീണു. മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രതിഷേധം എല്‍ഡിഎഫ് അംഗങ്ങള്‍ അവസാനിപ്പിച്ച ശേഷമാണ് കൗണ്‍സില്‍ തുടങ്ങിയത്.

മുന്നണി മാറി വാര്‍ഡിലെ ജനങ്ങളെ വഞ്ചിച്ച കൗണ്‍സിലറുടെ നടപടിക്കെതിരെയാണു പ്രതിഷേധിച്ചതെന്നു നഗരസഭ പ്രതിപക്ഷ നേതാവ് പി.ബിജീഷ് പറഞ്ഞു. ആര്‍ജെഡി അംഗമായിരുന്ന കൗണ്‍സിലര്‍ ഷനൂബിയ നിയാസ് കഴിഞ്ഞ മാസം 26ന് മുസ്ലിം ലീഗില്‍ ചേര്‍ന്നിരുന്നു. ഇതിനു ശേഷമുള്ള ആദ്യ നഗരസഭ കൗണ്‍സിലായിരുന്നു ഇന്നലെ. കഴിഞ്ഞ രണ്ടിനു പുലര്‍ച്ചെ ഷനൂബിയ നിയാസിന്റെ വീടിനു നേരെ കല്ലേറുണ്ടായിരുന്നു.

പാര്‍ട്ടി മാറിയ ശേഷം വീടിന് നേരെ അക്രമം നടന്നെന്നും വഴിയിലൂടെ നടന്ന് പോകുമ്പോള്‍ പോലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അപമാനിക്കാറുണ്ടെന്ന് ഷനൂബിയ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ മുമ്പ് അര്‍ധരാത്രി ഷനൂബിയയുടെ വീടിന് നേര അക്രമണം ഉണ്ടായിരുന്നു. അജ്ഞാതര്‍ കരിങ്കല്‍ ചീളുകള്‍ വീടിന് നേരെ എറിഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ ജനല്‍ ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

കാല് മാറിയതില്‍ പ്രതിഷേധം പ്രകടിപ്പിക്കുകമാത്രമാണ് ചെയ്തതെന്നാണ് ഇടത് അംഗങ്ങളുടെ പ്രതികരണം. 38 അംഗ നഗരസഭയില്‍ 20 അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ആണ് ഭരണം നടത്തുന്നത്.

Tags:    

Similar News