630 മില്യണ്‍ പൗണ്ട് വിലയുള്ള ബിറ്റ്‌കോയിന്‍ വിവരങ്ങള്‍ ഉള്‍പ്പെട്ട ഹാര്‍ഡ് ഡിസ്‌ക്ക് ഭാര്യ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു; ആദ്യ പരിശോധനകള്‍ പരാജയപ്പെട്ടതോടെ വെയില്‍സിലെ മാലിന്യ മല വിലകൊടുത്ത് വാങ്ങാന്‍ ബിറ്റ് കോയിന്‍ ഉടമ
വെയില്‍സിലെ മാലിന്യ മല വിലകൊടുത്ത് വാങ്ങാന്‍ ബിറ്റ് കോയിന്‍ ഉടമ
ലണ്ടന്‍: അറിയാതെ നഷ്ടപ്പെട്ട മുതല്‍ തിരിച്ചുപിടിക്കാന്‍ മാലിന്യകൂമ്പാരം വിലയ്ക്ക് വാങ്ങാന്‍ ഒരുങ്ങുകയാണ് മൂന്ന് മക്കളുടെ പിതാവായ ജെയിംസ് ഹോവെല്‍സ് എന്ന 39 കാരന്‍. കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ഇയാളുടെ 600 മില്യന്‍ പൗണ്ട് മൂല്യം വരുന്ന ബിറ്റ് കോയിന്റെ വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെ, പഴയ കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ സൂക്ഷിച്ചിരുന്ന ബാഗ് ഇയാളുടെ പങ്കാളി ചവറ്റു കൊട്ടയില്‍ കളഞ്ഞതിനെ തുടര്‍ന്നാണിത്. അതിനു ശേഷം അയാളുടെ പക്കല്‍ ഉള്ള 8000 ബിറ്റ് കോയിനുകളുടെ മൂല്യം വര്‍ദ്ധിച്ച് 620 മില്യന്‍ പൗണ്ടായി.
കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിനുള്ള അനുമതിക്കായി ഇയാള്‍ കഴിഞ്ഞ മാസം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതി ഇയാളുടെ അപേക്ഷ തള്ളിക്കളയുകയായിരുന്നു. ഈ സ്ഥലം അതിന്റെ ആയുസ്സിന്റെ അവസാനത്തെത്തി നില്ല്കുകയാണെന്നും, അടുത്ത രണ്ടു വര്‍ഷക്കാലത്തിനിടയില്‍ അത് അടച്ചു പൂട്ടുമെന്നുമാണ് ഇപ്പോള്‍ ന്യൂപോര്‍ട്ട് സിറ്റി കൗണ്‍സില്‍ പറയുന്നത്.
എന്നാല്‍, നിയമനടപടികള്‍ക്ക് ഇടയിലുള്ള ഈ പ്രഖ്യാപനം, കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്നും അക്കാര്യം താന്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുമെന്നും ഹോവെല്‍സ് പറയുന്നു. ഒരു യു എസ് ഹെഡ്ജ് കമ്പനിയുടെ പിന്തുണയുള്ള ഇയാള്‍ പറയുന്നത് താന്‍ ഈ സ്ഥലം വാങ്ങാന്‍ തയ്യാറാണെന്നാണ്. അങ്ങനെയെങ്കില്‍ തനിക്ക് സ്വന്തമായി തിരച്ചില്‍ തുടരാന്‍ കഴിയുമെന്നും ഇയാള്‍ പറയുന്നു.
മാലിന്യ യാര്‍ഡ് അടച്ചു പൂട്ടാനുള്ള കൗണ്‍സിലിന്റെ തീരുമാനം അമ്പരിപ്പിക്കുന്നതാണെന്നും അയാള്‍ പറയുന്നു. താന്‍ കൊടുത്ത കേസില്‍, കൗണ്‍സില്‍ ഹൈക്കോടതിയില്‍ നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞത്, തിരച്ചില്‍ നടത്തുവാനായി യാര്‍ഡ് അടച്ചിടുന്നത് പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കൗണ്‍സില്‍ പറഞ്ഞത്. ഇക്കാര്യവും താന്‍ അപ്പീല്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും ജോവല്‍സ് പറയുന്നു.