ഓരോ യുകെ മലയാളിയും ഇനി നാട്ടില്‍ പോകണമെങ്കില്‍ അധികമായി നൂറു പൗണ്ട് വിമാനടിക്കറ്റില്‍ മുടക്കണം; ലേബര്‍ സര്‍ക്കാരിന്റെ ജനദ്രോഹ നയത്തില്‍ ഏറ്റവും വലയുന്നത് മലയാളികള്‍ തന്നെ; ബ്രിട്ടനിലേക്കുള്ള സര്‍വീസുകളുടെ കാര്യത്തില്‍ ആശങ്കയെന്ന് എയര്‍ ഇന്ത്യ; ഈസി ജെറ്റ് ആഭ്യന്തര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കും
ഓരോ യുകെ മലയാളിയും ഇനി നാട്ടില്‍ പോകണമെങ്കില്‍ നൂറു പൗണ്ട് അധികം മുടക്കണം
കവന്‍ട്രി: രണ്ടു മാസം മുന്‍പ് ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിച്ച ഇടക്കാല ബജറ്റ് വലിയ ജനദ്രോഹം ആണെന്ന് മാധ്യമങ്ങള്‍ അന്ന് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അതിന്റെ ഏറ്റവും കൊടിയ രൂക്ഷത അനുഭവിക്കേണ്ടി വരുന്നത് യുകെ മലയാളികള്‍ തന്നെയാണെന്ന് വ്യക്തമാകുകയാണ്. ദീര്‍ഘ ദൂര വിമാനയാത്രയ്ക്ക് റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ച ''ഹോളിഡേ ടാക്‌സ്'' എന്ന ഇരുതല വാളിന്റെ മൂര്‍ച്ച വിമാനക്കമ്പനികള്‍ക്കാണ് പ്രഹരമെന്നു തുടക്കത്തില്‍ കരുതപ്പെട്ടിരുന്നെങ്കിലും വര്‍ധിച്ച നികുതി ജനങളുടെ തലയിലേക്ക് വയ്ക്കാന്‍ വിമാനക്കമ്പനികള്‍ തീരുമാനിച്ചതോടെ ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും ചുരുങ്ങിയത് ഒരാള്‍ അധികമായി നൂറു പൗണ്ടിലേറെ നല്‍കേണ്ടി വരും.
ഒരു കുടുംബം ഒന്നാകെയുള്ള യാത്രയ്ക്ക് ഇത്തരത്തില്‍ 400 പൗണ്ടിലേറെ ചിലവാക്കേണ്ടി വരുമ്പോള്‍ അനേകം യാത്രക്കാര്‍ക്ക് അവധിക്കാല യാത്രയ്ക്കുള്ള ഒരുക്കത്തെ കുറിച്ച് രണ്ടു വട്ടം ആലോചിക്കേണ്ടി വരും. ഇതോടെ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകാനും വിമാക്കമ്പനികളുടെ ലാഭത്തെ സാരമായി ബാധിക്കാനും സാധ്യത ഏറെയാണ്. 2026 ഏപ്രില്‍ ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതെങ്കിലും അങ്ങോട്ടേക്ക് അധികം ദൂരം ഇല്ലെന്നു വ്യക്തമായ നിലയില്‍ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാന്‍ സാധ്യത മങ്ങിയതോടെ വിമാനക്കമ്പനികള്‍ ഭാവി പദ്ധതികളില്‍ ആശങ്ക പ്രകടിപ്പിക്കുകയാണ്. ഇക്കൂട്ടത്തില്‍ എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ഉണ്ടെന്നത് യുകെ മലയാളികള്‍ക്കും ഭീഷണി തന്നെയാണ്.
ഈ സാഹചര്യം മുന്നില്‍ കണ്ടാണ് എയര്‍ ഇന്ത്യ യുകെ സര്‍വീസുകള്‍ വിപുലപ്പെടുത്താനുള്ള സാധ്യതകള്‍ പുനരാലോചിക്കേണ്ടി വരും എന്ന മുന്നറിയിപ്പ് നല്‍കിയത്. ഇരു സര്‍ക്കാറുകളും തമ്മിലുള്ള ധാരണയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം ആണ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ അതിലും ലാഭം മറ്റു രാജ്യങ്ങളിലേക്ക് പറക്കുന്നതാണ് എന്ന നില വന്നാല്‍ തീര്‍ച്ചയായും യുകെ വിമാനങ്ങളുടെ കാര്യത്തില്‍ പുനരാലോചന വേണ്ടിവരും എന്നാണ് എയര്‍ ഇന്ത്യ നിലപാട്. അതിനിടെ ആഭ്യന്തര ഹ്രസ്വ ദൂര സര്‍വീസുകളിലും ബജറ്റ് നിര്‍ദേശങ്ങള്‍ കാരണം തിരിച്ചടി ഉണ്ടെന്നു വ്യക്തമാക്കിയാണ് ഈസി ജെറ്റിന്റെ പ്രതികരണം. തങ്ങള്‍ ആഭ്യന്തര സര്‍വീസില്‍ പലതും വെട്ടിച്ചുരുക്കും എന്ന് ഈസി ജെറ്റ് പ്രഖ്യാപിച്ചത് ഈ മാസം തുടക്കത്തിലാണ്. മറ്റു കമ്പനികളെക്കാള്‍ വേഗത്തിലാണ് ഈസി ജെറ്റിന്റെ പ്രഖ്യാപനം എത്തിയത്. മന്ത്രിയോടുള്ള തുറന്ന അനിഷ്ടവും ഈസി ജെറ്റ് പ്രകടിപ്പിച്ചിരുന്നു എന്നതും പ്രത്യേകതയാണ്.
സാധാരണക്കാരുടെ യാത്രകള്‍ക്കും സര്‍ക്കാരിന്റെ ഇരുട്ടടി, അനേകര്‍ക്ക് ജോലി നഷ്ടത്തിന് സാധ്യത
ഹോളിഡേ ടാക്‌സ് എന്ന ഇനത്തിലൂടെ മള്‍ട്ടി ബില്യണ്‍ നികുതി വരുമാനമാണ് റേച്ചല്‍ റീവ്‌സ് ലക്ഷ്യം വയ്ക്കുന്നത്. ഏറ്റവും നിസാരമായി ഖജനാവില്‍ പണം എത്തിക്കാനുള്ള വഴിയായാണ് ഹോളിഡേ ടാക്‌സ് ബജറ്റില്‍ ഇടം പിടിച്ചത്. എന്നാല്‍ സാധാരണക്കാരുടെ അവധി യാത്രകള്‍ പലപ്പോഴും ഉല്ലാസത്തിനു വേണ്ടി അല്ലെന്നും പണക്കാര്‍ നടത്തുന്ന ഉല്ലാസ യാത്രകളോട് സാധാരണക്കാരുടെ യാത്രകളെ ഉപമിക്കരുതെന്നുമാണ് റേച്ചല്‍ റീവ്‌സിനെ തേടി എത്തിയ രൂക്ഷമായ വിമര്‍ശനം.
പ്രത്യേകിച്ചും ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ബ്രിട്ടനില്‍ എത്തിയതോടെ നീണ്ട യാത്രകള്‍ നടത്തേണ്ടി വരുന്ന സാധാരണക്കാരുടെ എണ്ണം കൂടി വരുകയാണ്. ഇവര്‍ക്കൊക്കെ ഒരു തവണ കുടുംബത്തെ കണ്ടു മടങ്ങി വരാന്‍ ഒരു വര്‍ഷത്തെ സമ്പാദ്യ മിച്ചം പോരാതെ വരും എന്ന സാഹചര്യമാണ് റേച്ചല്‍ റീവ്‌സ് ഒരുക്കിയിരിക്കുന്നത്. ആത്യന്തികമായി വ്യോമയാന രംഗത്തെ ബിസിനസിനും ഇത് സൃഷ്ടിക്കുന്ന തിരിച്ചടികള്‍ ചെറുതല്ല. എയര്‍ ഇന്ത്യ പോലെയുള്ള കമ്പനികള്‍ നല്‍കിയ മുന്നറിയിപ്പും ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
ജോലി ചെയ്തു ജീവിക്കുന്ന ജനങ്ങള്‍ക്ക് നികുതി ഭാരം വര്‍ധിപ്പിച്ചിട്ടില്ല എന്ന സര്‍ക്കാരിന്റെ വാദം വെറും ഇരട്ടത്താപ്പ് ആണെന്നാണ് ഹോളിഡേ ടാക്സിന്റെ വിമര്‍ശകര്‍ നടത്തുന്ന കുറ്റപ്പെടുത്തല്‍. ഒരവധിക്കാല യാത്ര നടത്തുന്നതില്‍ ബഹുഭൂരിഭാഗവും സാധാരണക്കാരായ വര്‍ക്കിങ് ക്ലാസ് ജനങ്ങള്‍ തന്നെയല്ലേ എന്ന ചോദ്യമാണ് വ്യോമയാന രംഗത്ത് നിന്നും ഉയരുന്ന ചോദ്യം. നാഷണല്‍ ഇന്‍ഷുറന്‍സില്‍ ഉണ്ടായ വര്‍ധന മൂലം ഈ രംഗത്ത് കൂടുതല്‍ നിക്ഷേപവും തൊഴിലും സൃഷ്ടിക്കപ്പെടുത്താനുള്ള സാധ്യത മങ്ങുകയാണ് എന്ന് വിമാനക്കമ്പനികള്‍ പറയുന്നു.
മാത്രമല്ല ഫ്ളൈറ്റുകളുടെ എണ്ണം കുറയുമ്പോള്‍ ഒട്ടേറെപ്പേരുടെ ജോലി നഷ്ടത്തിലേക്കും വഴി ഒരുക്കും. നിലവില്‍ ഉണ്ടായിരുന്ന 2.6 ശതമാനം എന്ന നാമമാത്രമായ നികുതിയില്‍ നിന്നും 15 ശതമാനം എന്ന കൂറ്റന്‍ നിരക്കിലേക്കാണ് റേച്ചല്‍ റീവ്‌സ് എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി എന്ന പേരിലുള്ള ഹോളിഡേ ടാക്‌സ് ഉയര്‍ത്തിയിരിക്കുന്നത്. ഈ കനത്ത വര്‍ധനയ്ക്ക് ഒരു നീതികരണവും നല്‍കാന്‍ സര്‍ക്കാറിനായിട്ടില്ല. വ്യോമയാന രംഗത്തെ വളര്‍ച്ച താഴേക്ക് ഇറങ്ങിയാല്‍ രാജ്യത്തൊട്ടാകെ അതിന്റെ പ്രതിഫലനം ഉണ്ടാകും എന്ന മുന്നറിയിപ്പും സര്‍ക്കാരിനെ തേടി എത്തുകയാണ്.
സര്‍ക്കാര്‍ കെടുകാര്യസ്ഥതയ്ക്ക് ജനങ്ങള്‍ പിഴ നല്‍കുന്ന സാഹചര്യം
ആദ്യമായി ഹോളിഡേ ടാക്‌സ് നിലവില്‍ വന്ന 1994 യൂറോപ്യന്‍ യാത്രകള്‍ക്ക് അഞ്ചു പൗണ്ടും മറ്റ് ദീര്‍ഘദൂര യാത്രകള്‍ക്ക് പത്തു പൗണ്ടും എന്ന നിരക്കായിരുന്നു. അതാണിപ്പോള്‍ ലണ്ടനില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള യാത്രയില്‍ 102 പൗണ്ട് ആയി വര്‍ധിക്കുന്നത്. ഇന്‍ഫ്ളേഷന്‍ നിരക്കിനൊപ്പം ഈ നികുതി ഉയര്‍ന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി കൂറ്റന്‍ വര്‍ധനയ്ക്ക് തയ്യാറായത്. എന്നാല്‍ നികുതി രംഗത്തെ വിദഗ്ധരുടെ പഠനം അനുസരിച്ചു ഇന്‍ഫ്‌ളേക്ഷന്‍ അനുസരിച്ചാണെങ്കില്‍ യൂറോപ്പിലേക്ക് 10.31 എന്ന നിരക്കും ഇന്ത്യയടക്കം ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് 20.62 എന്ന നിരക്കും മാത്രമായി മാറേണ്ടതാണ്.
എന്നാല്‍ അതാണിപ്പോള്‍ അഞ്ചിരട്ടി വര്‍ധനയോടെ 102 പൗണ്ടില്‍ എത്തി നില്‍ക്കുന്നത്. ബ്രിട്ടന്‍ നേരിടുന്ന 22 ബില്യണ്‍ പൗണ്ടിന്റെ ബജറ്റ് ചോര്‍ച്ചയ്ക്ക് എല്ലാ രംഗത്ത് നിന്നും അധിക പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഹോളിഡേ ടാക്‌സ് വര്‍ധിപ്പിച്ചത് എന്ന ന്യായീകരണമാണ് ട്രഷറി വക്താവ് നല്‍കുന്നത്. ചുരുക്കത്തില്‍ രാഷ്ട്രീയക്കാരുടെയും ഭരണകര്‍ത്താക്കളുടെയും പിടിപ്പ് കേടു കൊണ്ട് സംഭവിച്ച വരുമാന ചോര്‍ച്ചയ്ക്ക് ഒടുവില്‍ ജനങ്ങള്‍ പിഴ നല്‍കേണ്ട സാഹചര്യമാണ് യുകെയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.