കെ വി തോമസിന് പന്ത്രണ്ടര ലക്ഷം രൂപയാണ് മാസം യാത്രാ ചെലവ്..! രണ്ടര മൂന്ന് ലക്ഷം രൂപ മാസത്തില്‍ ശമ്പളം; എംഎല്‍എയുടെ പെന്‍ഷന്‍, എംപിയുടെ പെന്‍ഷന്‍ വേറെ; പത്ത് മുപ്പത് ലക്ഷം രൂപയാണ് ഒരു മാസം കയ്യില്‍ കിട്ടുന്നത്; ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? ചോദ്യമുയര്‍ത്തി ജി. സുധാകരന്‍
കെ വി തോമസിന് പന്ത്രണ്ടര ലക്ഷം രൂപയാണ് മാസം യാത്രാ ചെലവ്..!
ആലപ്പുഴ: ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ ആനുകൂല്യങ്ങള്‍ അടുത്തിടെയും വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ സിപിഎമ്മും സര്‍ക്കാറും തള്ളിയെങ്കിലും വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ രംഗത്തുവന്നു. കെ വി തോമസിന് നല്‍കുന്ന പണത്തിന്റെ കണക്കു പറഞ്ഞു കൊണ്ടാണ് സുധാകരന്റെ വിമര്‍ശനം.
കെ വി തോമസ് മാസം 30 ലക്ഷം രൂപയോളമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്റെ വിമര്‍ശനം. കോളജ് പ്രൊഫസറുടെ പെന്‍ഷന്‍, എംപി, എംഎല്‍എ പെന്‍ഷന്‍, ഡല്‍ഹിയില്‍ സര്‍ക്കാര്‍ പ്രതിനിധി തുടങ്ങി പല രീതിയില്‍ കെ.വി തോമസിന് സര്‍ക്കാര്‍ വരുമാനമുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
''ഡല്‍ഹിയിലിരിക്കുന്ന കെ.വി തോമസിന് പന്ത്രണ്ടര ലക്ഷം രൂപയാണ് മാസം യാത്രാ ചെലവ്. രണ്ടര മൂന്ന് ലക്ഷം രൂപ മാസത്തില്‍ ശമ്പളം. കോളജ് പ്രൊഫസറുടെ പെന്‍ഷന്‍, എംഎല്‍എയുടെ പെന്‍ഷന്‍, എംപിയുടെ പെന്‍ഷന്‍...ഒരു മാസം എത്ര ലക്ഷം രൂപ കിട്ടും? ഇത് പുഴുങ്ങിത്തിന്നുമോ? എന്തിനാ ഇത്രയും പൈസ? പത്ത് മുപ്പത് ലക്ഷം രൂപയാണ് ഒരു മാസം കയ്യില്‍ കിട്ടുന്നത്. അയാളാണെങ്കില്‍ പഴയ കോണ്‍ഗ്രസുകാരന്‍, ഡിസിസി പ്രസിഡന്റ്, ഞങ്ങള്‍ക്കെതിരെ മത്സരിച്ചയാള്‍...നമ്മുടെ കൂടെ വന്നു എന്നതുകൊണ്ട് അത് വിടാം. എനിക്ക് 35000 രൂപയാണ് പെന്‍ഷന്‍ കിട്ടുന്നത്. അതില്‍ നിന്നാണ് 9000 രൂപ ലെവി കൊടുത്തത്. അതാണ് എന്റെ പാര്‍ട്ടി ബോധം''-സുധാകരന്‍ പറഞ്ഞു.
സിപിഎമ്മില്‍ ചില നേതാക്കള്‍ പ്രായം മറച്ചുവെച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. മാസങ്ങളുടെ വ്യത്യാസത്തില്‍ പദവികളില്‍ തുടരുന്നവരുണ്ട്. രണ്ടോ മൂന്നോ മാസം വ്യത്യാസമുള്ളവര്‍ മൂന്ന് വര്‍ഷത്തോളം വീണ്ടും പദവിയില്‍ തുടരാനാവും. എപ്പോള്‍ 75 വയസ് കഴിയുന്നോ അപ്പോള്‍ പദവികളില്‍ നിന്ന് ഒഴിയണമെന്നും സുധാകരന്‍ പറഞ്ഞു.
നേരത്തെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും രംഗത്തുവന്നിരുന്നു. കെ വി തോമസിന്റെ നിയമനം പാഴ് ചിലവാണെന്നാണ് വിമര്‍ശനം. കെ വി തോമസ് കേന്ദ്രധനമന്ത്രിയെ കണ്ടപ്പോള്‍ ചോദിച്ച കണക്ക് നല്‍കാന്‍ സാധിച്ചില്ല. കണക്ക് പോലും നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ കെ വി തോമസ് എന്തിനാണ് ഡല്‍ഹിയില്‍ ഔദ്യോഗിക ചുമതല വഹിക്കുന്നത്?. കെ വി തോമസ് ലൈസണ്‍ ഓഫീസര്‍ ആണോയെന്ന് അദ്ദേഹം ചോദിച്ചു.
സത്യത്തില്‍ കേരളത്തിന് കെ വി തോമസിന്റെ നടപടി നാണക്കേടാണ്. കെ വി തോമസിന് വേണ്ടി ഒരു ആവശ്യമില്ലാത്ത തസ്തികയാണ് ഡല്‍ഹിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കൂറുമാറ്റത്തിനും, കാലുമാറ്റത്തിനും നല്‍കിയ പ്രത്യുപകാരമാണ് തോമസിന്റെ നിയമനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു കാര്യവും ഇല്ലാതെ ഒരു തസ്തിക നിര്‍മ്മിച്ചു. ഖജനാവില്‍ നിന്ന് പണം നശിപ്പിക്കുന്നു. ഇതുവരെ കെ വി തോമസ് കേരളത്തിലെ എംപിമാരുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേന്ദ്ര ധനമന്ത്രിയുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ വയനാട് ദുരന്ത ധനസഹായം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചെന്നും അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും കെ വി തോമസ് പറഞ്ഞിരുന്നു . 12ന് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും കൂടിക്കാഴ്ച നടത്തും. വയനാട് ദുരന്തത്തിന് അര്‍ഹതപ്പെട്ട ധനസഹായം കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും കടമായി നല്‍കിയ 525 കോടി രൂപ മാര്‍ച്ച് 31ന് മുമ്പ് ചിലവഴിക്കണമെന്ന നിബന്ധന പ്രാവര്‍ത്തികമല്ലെന്നും കേന്ദ്രധനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായും കെ വി തോമസ് പറഞ്ഞിരുന്നു.
ആശാ വര്‍ക്കര്‍മാരുടെ കേന്ദ്ര ഓണറേറിയം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ കണക്കുകളുടെ വിശദാംശങ്ങള്‍ കേന്ദ്രധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ഉടന്‍ കൈമാറും. വിഴിഞ്ഞം പദ്ധതിയ്ക്കുള്ള കേന്ദ്രസാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ചര്‍ച്ച നടക്കുകയാണെന്നാണ് മന്ത്രി പറഞ്ഞത്. കേരളത്തിന് അതിവേഗ റെയില്‍വേ സംവിധാനം നടപ്പിലാക്കുന്നതിന് ഇ ശ്രീധരന്‍ നല്‍കിയിട്ടുള്ള പ്രൊജക്ടുകള്‍ പരിശോധിച്ച് നടപടികളെടുക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും കെ വി തോമസ് കേരളാ ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.