'ദൈവത്തിന്റെ പണം മോഷ്ടിക്കാന്‍ മനഃസാക്ഷിക്കുത്ത് ഇല്ലാത്തവര്‍; പ്രശാന്ത് കൂടുതല്‍ പക്വത കാണിക്കണം'; കോണ്‍ഗ്രസുകാരനായ പ്രശാന്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് തങ്ങള്‍ക്കൊപ്പം വന്നപ്പോഴാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം കിട്ടിയത്; പ്രസ്താവനകളിലെ ഉന്നം താനെന്ന് തിരിച്ചറിഞ്ഞതോടെ പ്രശാന്തിനെതിരെ മുന്‍ ദേവസ്വം മന്ത്രി ജി സുധാകരന്‍

പ്രശാന്തിനെതിരെ മുന്‍ ദേവസ്വം മന്ത്രി ജി സുധാകരന്‍

Update: 2025-10-03 13:14 GMT

ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെതിരെ വിമര്‍ശനവുമായി മുന്‍ ദേവസ്വം മന്ത്രി ജി സുധാകരന്‍. പ്രസ്താവനകളില്‍ പ്രശാന്ത് കൂടുതല്‍ പക്വത കാണിക്കണം. കോണ്‍ഗ്രസുകാരനായ പ്രശാന്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് തങ്ങള്‍ക്കൊപ്പം വന്നപ്പോഴാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം കിട്ടിയത്. പ്രസ്താവനകളില്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് പ്രസ്ഥാനത്തിന് കേടുവരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.

ദൈവത്തിന്റെ പണമായാലും അത് മോഷ്ടിക്കാന്‍ യാതൊരു മനസാക്ഷിക്കുത്തുമില്ലാത്തവര്‍ നിരവധി ഉണ്ട്. അവര്‍ എങ്ങനെയെങ്കിലും ഏതെങ്കിലും രാഷ്ട്രീയപിന്തുണയോടെ ദേവസ്വം ബോര്‍ഡില്‍ കയറിപ്പറ്റും. കുറച്ച് പക്വത വേണം ഭാരവാഹികള്‍ക്ക്. അഞ്ച് തവണ കൊടിമരം മദ്രാസില്‍ കൊണ്ടുപോയെന്നാണ് പറയുന്നത്. പ്രസ്ഥാനമാണ് അവിടെ അയാളെ വച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ വരെ ചീത്തപറയുന്നതരത്തിലേക്ക് പ്രതിപക്ഷം എത്തിയില്ലേ?. ഭാരവാഹികള്‍ സൂക്ഷിച്ച് സംസാരിക്കണം. അദ്ദേഹത്തിന് പരിചയമില്ലാത്തതിനാലാകണം. അദ്ദേഹം മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് വന്നതാണ്. ആ പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയല്ല. ആ പാര്‍ട്ടിയിലിരുന്നാല്‍ പ്രശാന്തിന് ഈ സ്ഥാനം കിട്ടുമായിരുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

മുന്‍ഭരണ സമതിയുടെ കാലത്തെ ക്രമക്കേടുകള്‍ അടക്കം അന്വേഷിക്കണമെന്ന ആവശ്യം പ്രശാന്ത് നേരത്തെ ഉയര്‍ത്തിരുന്നു. ഇത്തരം പ്രസ്താവനകളിലൂടെ തന്നെ ഉന്നം വെക്കുന്നു എന്ന തോന്നല്‍ ഉണ്ടായതോടെയാണ് സുധാകരന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ മുപ്പതു വര്‍ഷത്തെ ശബരിമലയിലെ അഴിമതികള്‍ അന്വേഷിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.എമ്മും പറയുന്നതിലൂടെ ലക്ഷ്യമിടുന്നത് മുന്‍ മന്ത്രിയായിരുന്ന ജി.സുധാകരനെയാണ്.

ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ എവിടെയും എന്‍എസ്എസ് നേതൃത്വം ഇടതുപക്ഷവുമായി അത്ര നല്ല ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനു മുന്‍പായി എസ്.എന്‍.ഡി.പിയെയും എല്‍.ഡി.എഫ് കൂടാരത്തിലെത്തിക്കാന്‍ സര്‍ക്കാരിനായി. സി.പി.എമ്മിന്റെ നയപരമായി നേട്ടമായി ഇതെല്ലാം വിലയിരുത്തുന്നതിനിടെയാണ് ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ഇടിത്തീയായി വീഴുന്നത്. സ്വര്‍ണ്ണപ്പാളിയും മറ്റു സാധനങ്ങളും കൊണ്ടുപോയതിന്റെ ഉത്തരവാദിയായി ഇടനിലക്കാരന്‍ ഉണ്ണികൃഷ്ണനെ പ്രധാനമായും ചൂണ്ടിക്കാട്ടുകയാണെങ്കിലും ദേവസ്വം വകുപ്പിനും ബോര്‍ഡിനും അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നതാണ് സര്‍ക്കാരിനെ വലക്കുന്നത്.

ശബരിമലയില്‍ കഴിഞ്ഞ മുപ്പത്വര്‍ഷത്തെ കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്് പ്രശാന്തിന്റെ അഭിപ്രായം. സര്‍ക്കാരിന്റെ അറിവോടെയാണ് പ്രശാന്ത് ഇത് ആവശ്യപ്പെട്ടതാണെന്നാണ് സൂചന. സി.പി.എമ്മിന് അനഭിമിതനായ മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരനെയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇപ്പോഴുള്ള വിവാദങ്ങളില്‍ ജി. സുധാകരന്‍ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. താന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ലെന്ന് ജി. സുധാകരന്‍ പറഞ്ഞു.

താന്‍ മന്ത്രിയായിരുന്നപ്പോള്‍ ഒരു ഏടാകൂടവും ഉണ്ടായിട്ടില്ല. എല്ലാ അഴിമതിയും അവസാനിപ്പിച്ചതാണ്. എന്‍എസ്എസ് പോലും പിന്തുണച്ചു. ഒരു സമുദായ നേതാവിനെ പോലും പോയി കാണേണ്ടി വന്നിട്ടില്ല. രാഷ്ട്രീയമായി സംരക്ഷണമില്ലെങ്കില്‍ എന്നേ അയ്യപ്പനെ കൊണ്ടുപോയേനെ. മൂന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ തന്റെ ദേവസ്വം സ്ഥാനം കടന്നപ്പള്ളി രാമചന്ദ്രന് കൊടുത്തെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു.

Tags:    

Similar News