സ്‌പോണ്‍സര്‍ഷിപ്പ് തുകയല്ലാതെ ബോര്‍ഡിന്റെ തനത് ഫണ്ട് ചെലവഴിക്കരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്; അധികം വന്ന 2.21 കോടി രൂപ ദേവസ്വം ബോര്‍ഡ് നല്‍കിയാല്‍ അത് കോടതി അലക്ഷ്യമാകുമെന്ന് നിയമോപദേശം; ആഗോള അയ്യപ്പ സംഗമം: അധികബാധ്യത ഊരാളുങ്കല്‍ വഹിക്കും; ഖജനാവിന് കൈപൊള്ളാതെ സര്‍ക്കാര്‍ 'സേഫ് എക്‌സിറ്റ്'
തിരുവനന്തപുരം: വിവാദച്ചുഴിയിലായ ആഗോള അയ്യപ്പ സംഗമത്തിന്റെ അധികച്ചെലവ് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ 'നഷ്ടം സഹിക്കല്‍' ഫോര്‍മുലയിലൂടെ പരിഹാരമാകുന്നു. പരിപാടിയുടെ നടത്തിപ്പുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് ലഭിക്കാനുള്ള കോടികള്‍ ദേവസ്വം ബോര്‍ഡ് നല്‍കില്ലെന്ന് ഏകദേശം ഉറപ്പായി. അധികമായി വന്ന 2.21 കോടി രൂപയുടെ ബാധ്യത ഊരാളുങ്കല്‍ തന്നെ ഏറ്റെടുക്കുന്നതോടെ സര്‍ക്കാര്‍ തലത്തിലുള്ള വിവാദങ്ങള്‍ക്കും വിരാമമാകും.
സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച തുക മാത്രം ചെലവഴിച്ചാല്‍ മതിയെന്ന ഹൈക്കോടതി നിര്‍ദ്ദേശം മറികടക്കാതിരിക്കാനാണ് ഊരാളുങ്കലും സര്‍ക്കാരും അനൗദ്യോഗിക ചര്‍ച്ചകളിലൂടെ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇതോടെ അധിക തുകയ്ക്കായി ദേവസ്വം ബോര്‍ഡിനെ സമീപിക്കില്ലെന്ന് ഊരാളുങ്കല്‍ അറിയിച്ചതായാണ് സൂചന. സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ചാണ് ഇത്. അല്ലാത്ത പക്ഷം വലിയ വിവാദങ്ങളിലേക്ക് ആഗോള അയ്യപ്പ സംഗമം നീങ്ങും. ഹൈക്കോടതിയ്ക്ക് കടുത്ത നിലപാടുകള്‍ എടുക്കേണ്ടി വരും. വിജിലന്‍സ് അന്വേഷണത്തിന് പോലും സാധ്യത തെളിയും.
സംഗമത്തിനായി ആകെ 7.11 കോടി രൂപ ചെലവായെന്നാണ് ഊരാളുങ്കല്‍ സമര്‍പ്പിച്ച കണക്ക്. എന്നാല്‍ ദേവസ്വം കമ്മീഷണറുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഇത് 4.5 കോടി രൂപയാണ്. ജി.എസ്.ടി ഉള്‍പ്പെടെ 4.9 കോടി രൂപയേ ബോര്‍ഡിന് അനുവദിക്കാനാകൂ. ബാക്കി വരുന്ന തുക ആര് നല്‍കുമെന്ന ചോദ്യം വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറിയ തോതില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടി, സര്‍ക്കാര്‍ ഇടപെടലിലൂടെ വിപുലമാക്കിയതാണ് ചെലവ് കുതിച്ചുയരാന്‍ കാരണമായത്.
സ്‌പോണ്‍സര്‍ഷിപ്പ് തുകയല്ലാതെ ബോര്‍ഡിന്റെ തനത് ഫണ്ട് ചെലവഴിക്കരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. അധികം വന്ന 2.21 കോടി രൂപ ദേവസ്വം ബോര്‍ഡ് നല്‍കിയാല്‍ അത് കോടതി അലക്ഷ്യമാകുമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 'തുക വേണ്ടെന്നു വെച്ച്' തടിതപ്പാന്‍ ഊരാളുങ്കല്‍ തയ്യാറാകുന്നത്. സര്‍ക്കാരുമായുള്ള മറ്റ് വലിയ കരാറുകളെ ഈ വിവാദം ബാധിക്കാതിരിക്കാനുള്ള തന്ത്രപരമായ നീക്കം കൂടിയാണിത്. ചൊവ്വാഴ്ച ചേരുന്ന ബോര്‍ഡ് യോഗം ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
സംഗമത്തിനായി ആകെ 7.11 കോടി രൂപ ചെലവായെന്നാണ് ഊരാളുങ്കല്‍ സമര്‍പ്പിച്ച കണക്ക്. എന്നാല്‍ നവംബറില്‍ ദേവസ്വം കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഇത് 4.5 കോടി രൂപ മാത്രമാണ്. ജി.എസ്.ടി കൂടി ഉള്‍പ്പെടുമ്പോള്‍ ഏകദേശം 4.9 കോടി രൂപയേ ബോര്‍ഡിന് അംഗീകരിക്കാനാകൂ. ബാക്കി വരുന്ന 2.21 കോടി രൂപ ആര് നല്‍കുമെന്ന തര്‍ക്കം കോടതി കയറുമെന്ന ഘട്ടത്തിലാണ് ഊരാളുങ്കലും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയത്. ഈ തുക വേണ്ടെന്ന് വെച്ച് തടിതപ്പാനാണ് സൊസൈറ്റിയുടെ നീക്കം.
പി.എസ്. പ്രശാന്ത് പ്രസിഡന്റായിരിക്കെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പമ്പയില്‍ നടത്തിയ സംഗമം, സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് ആഡംബരമായി മാറിയത്.മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പലരും പിന്മാറി. ചെലവായ തുകയുടെ കൃത്യമായ രസീതുകളോ സ്‌പോണ്‍സര്‍ഷിപ്പ് രേഖകളോ ഹാജരാക്കാന്‍ ബോര്‍ഡിന് സാധിച്ചിട്ടുമില്ല.
