മൃതദേഹം വൃത്തിയാക്കാനായി ആഭരണം ഊരി ബന്ധുക്കളെ ഏൽപ്പിച്ചതും ഞെട്ടൽ; 79-കാരിയുടെ രണ്ടു സ്വർണ വളകളിൽ ഒരെണ്ണം കാണാനില്ല; സിസിടിവി ദൃശ്യങ്ങളിലും എല്ലാം വ്യക്തം; ചേർത്തലയിലെ 'കെവിഎം' ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന മട്ടിൽ ജീവനക്കാർ; കേസെടുത്ത് പോലീസ്
ചേർത്തല: അത്യാഹിതവിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിയ രോഗിയുടെ സ്വർണവള മോഷണം പോയതായി പരാതി. ചേർത്തലയിലെ 'കെവിഎം' ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് നാലാംവാർഡ് കൊച്ചുവെളിയിൽ നിർമല(79)യുടെ ഒരുപവന്റെ സ്വർണ വളയാണ് നഷ്ടമായിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹൃദയാഘാതത്തെത്തുടർന്നാണ് നിർമലയെ ചേർത്തലയിലെ 'കെവിഎം' ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒടുവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രോഗി മരിച്ചു. ഡോക്ടർമാർക്ക് ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അതിനുശേഷമാണ് സംഭവം നടക്കുന്നത്. മരണം സ്ഥിരീകരിച്ച് മൃതദേഹം വൃത്തിയാക്കാനായി ആഭരണം ഊരി ബന്ധുക്കളെ എൽപ്പിച്ചു. ഒരുവളയും രണ്ട് കമ്മലും മാത്രം നൽകിയപ്പോൾ രണ്ടാമത്തെ വള ബന്ധുക്കൾ ആവശ്യപ്പെട്ടു. അപ്പോഴാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഞെട്ടിപ്പിക്കുന്ന പ്രതികരണം ഉണ്ടായത്.
ഒരുവള മാത്രമാണ് ഉണ്ടായിരുന്നതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. ശേഷം അധികം തർക്കിക്കാൻ നിൽക്കാതെ മൃതദേഹവുമായി ബന്ധുക്കൾ വീട്ടിലേക്ക് മടങ്ങി. സംസ്കാരം കഴിഞ്ഞ് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നിർമലയുടെ കൈയിൽ രണ്ട് വള ഉണ്ടായിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.
പോലീസ് ആശുപത്രിയിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങളിൽ രണ്ട് വളകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ ഉടൻ ചോദ്യം ചെയ്യും. ഇക്കാര്യം മകൻ ബേബി ചേർത്തലയിലെ കെവിഎം ആശുപത്രിയിലെത്തി അറിയിച്ചെങ്കിലും തൃപ് തികരമായ മറുപടി ലഭിച്ചില്ല. ഇതോടെയാണ് ചേർത്തല പോലീസിൽ പരാതിപ്പെട്ടത്. ആശുപത്രിയിലെ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചശേഷം പോലീസ് കേസെടുത്തു.
കെവിഎം ആശുപത്രിയുടെ പ്രതികരണം
സംഭവവുമായി ബന്ധപ്പെട്ട് മറുനാടൻ ആശുപത്രി അധികൃതരെ വിളിച്ചപ്പോൾ തൽക്കാലം ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന മട്ടിലാണ്. മരിച്ച വയോധികയുടെ വള നഷ്ടപ്പെട്ട കാര്യം തിരക്കിയപ്പോൾ അതിനെ പറ്റി കൂടുതൽ അറിയില്ലെന്നും പിആർഒ യെ വിളിച്ചു നോക്കാനും ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ എന്തായാലും പോലീസ് കേസ് എടുത്തിട്ടുണ്ട്.