ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം; എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്; നടപടി ദേവസ്വം വിജിലന്‍സ് എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലുകള്‍ കണക്കിലെടുത്ത്; സ്വര്‍ണപ്പാളി വിഷയത്തില്‍ ഗൂഢാലോചനയുടെ തെളിവുകള്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ സൂചന
സ്വര്‍ണപ്പാളി വിവാദത്തില്‍, അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍, അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സൈബര്‍ ടീം അടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അന്വേഷണം രഹസ്യമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.. ഒരുമാസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണ സംഘത്തില്‍ അഞ്ചുപേരാണുള്ളത്.
സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ്.
റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് വിവരം. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഗൂഢാലോചനയുടെ തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേവസ്വം വിജിലന്‍സ് എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച്, സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റി നല്‍കിയ മൊഴികളില്‍ വലിയ ദുരൂഹതയുണ്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. വ്യാഴാഴ്ച വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം ഉണ്ടായിരുന്നിട്ടും, ഇന്ന് തന്നെ സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സംഭവത്തില്‍ സ്‌പോണ്‍സര്‍-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ നിഗമനം ഉള്ളതായാണ് സൂചന. സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. 2019ല്‍ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ധാരണപിഴവാണെന്നാണ് സ്വര്‍ണ്ണാഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴി. സ്വര്‍ണ്ണപ്പാളിയിലെ തൂക്കക്കുറവ് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്വര്‍ണ്ണപ്പാളികളില്‍ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്നും, പോറ്റി കൊണ്ടുപോയ പാളി തന്നെയാണോ തിരിച്ചെത്തിച്ചതെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കണമെന്നും ദേവസ്വം വിജിലന്‍സ് നിര്‍ദ്ദേശിക്കുന്നു.