'ശിവനെ ആരാധിക്കുന്നതിനാല്‍ ഇപ്രകാരം ചെയ്താല്‍ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ'; നെയ്യാറ്റിന്‍കര ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി ആഗ്രഹിച്ചത് മോക്ഷ പ്രാപ്തിയോ? ആറാലുമൂട് ചന്തയില്‍ രണ്ടു വര്‍ഷം മുമ്പ് വരെ ചുമടെടുത്ത അധ്വാനി; സമാധി രഹസ്യം അറിയാന്‍ ആദ്യ പോസ്റ്റുമോര്‍ട്ടം; മന്ത്രവാദ കളമൊരുങ്ങിയോ എന്ന് അന്വേഷണം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ പറയുന്നത്്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടത്തണം എന്നും ആവശ്യമുയര്‍ന്നു. ഇതോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ജില്ലാ ഭരണകൂടം തീരുമാനിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഇത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഗോപന്‍ സ്വാമിയെ 'സമാധി' ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം. 'ശിവനെ ആരാധിക്കുന്നതിനാല്‍ ഇപ്രകാരം ചെയ്താല്‍ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ' എന്ന വിശ്വാസമാണ് അച്ഛന്‍ ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് നാട്ടുകാരെയും വാര്‍ഡ് മെമ്പറെയും പോലും അറിയിക്കാതെ 'സമാധി' ചടങ്ങുകള്‍ നടത്തിയത് എന്നുമാണ് ഗോപന്‍ സ്വാമിയുടെ രണ്ടുമക്കളും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ആറാലുമൂട് ചന്തയില്‍ ചുമട്ടുതൊഴിലാളിയായിരുന്നു ഗോപന്‍. രണ്ടു വര്‍ഷം മുമ്പ് വരെ ജോലി ചെയ്തിരുന്നു. വീടിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രം പണിഞ്ഞ് പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു ഗോപന്‍ സ്വാമി. നാട്ടില്‍ ഗോപന്‍ സ്വാമി എന്നാണ് അറിയപ്പെട്ടിരുന്നത്. മൂന്ന് മാസങ്ങള്‍ക്കുമുമ്പ് അസുഖബാധിതനായതോടെ നാട്ടുകാരില്‍ ചിലരോടും വാര്‍ഡ് മെമ്പറോടും 'ഞാന്‍ മരണപ്പെടുമ്പോള്‍ എന്നെ സമാധി ആക്കണം' എന്ന് ഇദ്ദേഹം അറിയിച്ചിരുന്നതായി കുടുംബം പറയുന്നു. താന്‍ മരണപ്പെട്ടതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും അതിനുശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ സ്വാമി ഭാര്യയോടു മക്കളോടും പറഞ്ഞിരുന്നതായാണ് അവര്‍ പറയുന്നത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഗോപന്‍ സ്വാമി മരണപ്പെടുകയും അതിനുശേഷം രാത്രിയോടെ മരണാന്തര ചടങ്ങുകള്‍ ചെയ്തു സമാധി ആക്കിയെന്നുമാണ് മക്കള്‍ മാധ്യമപ്രവര്‍ത്തകരോടും പറയുന്നത്. രാജസേനന്‍, സനന്തന്‍ എന്നീ രണ്ട് ആണ്‍മക്കളും മരണപ്പെട്ട സ്വാമിയുടെ ഭാര്യ സുലോചനയും മരുമകളും മാത്രമാണ് മരണാന്തര ചടങ്ങുകള്‍ ചെയ്യാന്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ സ്വാമി മരിച്ചതായി അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ മകന്‍ പതിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ ഒത്തുകൂടി വാര്‍ഡ് മെമ്പറെ വിളിച്ചുവരുത്തിയത്.
സ്വാമിയുടെ വീട്ടിലെത്തി മക്കളോട് ചോദിച്ചപ്പോള്‍ രണ്ടു മക്കളും പരസ്പരവിരുദ്ധമായാണ് മറുപടി നല്‍കിയത് എന്നും നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് നാട്ടുകാര്‍ നെയ്യാറ്റിന്‍കര പോലീസില്‍ വിവരമറിയിച്ചത്. ഗോപന്‍ സ്വാമി പണികഴിപ്പിച്ച ക്ഷേത്രത്തില്‍ രാത്രി രണ്ടും മൂന്നും മണിക്കാണ് പൂജകള്‍ നടന്നിരുന്നതെന്നും ഇവര്‍ ദുര്‍മന്ത്രവാദം നടത്തുന്നവരാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കാവുവിളാകത്ത് ഗോപന്‍ സ്വാമി കൈലാസനാഥ ക്ഷേത്രം എന്ന പേരില്‍ സ്വകാര്യ ക്ഷേത്രം നിര്‍മിച്ചിരുന്നു. ആ ക്ഷേത്രത്തിന്റെ ആചാര്യഗുരു എന്നാണ് ഇദ്ദേഹം അവകാശപ്പെട്ടത്. ഇന്നലെ മരിച്ചതിന് പിന്നാലെ മണ്ഡപം ഉണ്ടാക്കി അതിനുള്ളില്‍ മൃതദേഹം വെച്ച് സ്ലാബ് കൊണ്ട് മൂടി എന്നാണ് മകനും ക്ഷേത്രത്തിലെ പൂജാരിയും പോലീസിനോട് പറഞ്ഞത്. സമാധിയായെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമെന്ന പരാതി വന്നതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനാണ് പോലീസ് നീക്കം. മണ്ഡപം പൂട്ടിയ ശേഷം കാവല്‍ ഏര്‍പ്പെടുത്തി. മകന്റെയും പൂജാരിയുടെയും മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്.
ആര്‍ ഡി ഒയുടെ നിര്‍ദേശത്തിന് ശേഷമാകും തുടര്‍ നടപടികള്‍. കേസില്‍ ദുരൂഹത ആരോപിച്ചതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. ഇതിനുള്ള നീക്കം തുടങ്ങിയെന്ന് നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു.