ദിലീപും പള്‍സര്‍ സുനിയും 6 വട്ടം കണ്ടു! ആ കത്ത് ക്വട്ടേഷന്‍ തുകയ്ക്ക് തന്നെ; ദൃശ്യങ്ങള്‍ നടന്റെ കൈവശമെത്തിയതിന് തെളിവുണ്ട്; തെളിവുകള്‍ പക്ഷപാതപരമായി തള്ളി; പള്‍സര്‍ സുനിയുടെ ശിക്ഷ കൂട്ടണം; വെറുതെ വിട്ട സുഹൃത്ത് ശരത്, ചാര്‍ളി എന്നിവരെയും ശിക്ഷിക്കണം; 400 പേജുള്ള അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
400 പേജുള്ള അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ദിലീപിനെതിരെ ഗൂഢാലോചനയ്ക്കും ആക്രമണത്തിന്റെ കാരണത്തിനും വ്യക്തമായ തെളിവുകളുണ്ടെന്നും എന്നാല്‍ വിചാരണ കോടതി ഇവ വേണ്ടവിധം പരിഗണിച്ചില്ലെന്നുമാണ് സര്‍ക്കാരിന്റെ പ്രധാന വാദം. അപ്പീല്‍ നല്‍കാനുള്ള സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 400 പേജുകള്‍ അടങ്ങിയ വിശദമായ ഹര്‍ജി സര്‍ക്കാര്‍ സമര്‍പ്പിച്ചത്.
വിചാരണ നീതിപൂര്‍വ്വം നടന്നില്ലെന്നും തെളിവുകള്‍ പരിശോധിച്ചത് പക്ഷപാതപരമായിട്ടാണെന്നും അപ്പീലില്‍ പറയുന്നു. പള്‍സര്‍ സുനി-ദിലീപ് ബന്ധത്തിന് നിരവധി തെളിവുണ്ട്. വിചാരണക്കോടതി തെളിവ് പരിശോധിക്കുന്നതിലടക്കം കാണിച്ചിട്ടുള്ള വളരെ ഗുരുതരമായ വീഴ്ചകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള വളരെ വിശദമായി അപ്പീലാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒന്നാം പ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ വളരെ ബന്ധമുണ്ടായിരുന്നുവെന്നും ഇവര്‍ 6 വട്ടം പല സ്ഥലങ്ങളിലായി, കുറ്റകൃത്യത്തിന് മുന്‍പ് ഗൂഢാലോചനയ്ക്കായി കണ്ടിരുന്നു എന്നത് സംബന്ധിച്ച്, ടവര്‍ ലൊക്കേഷന്‍, സാഹചര്യ തെളിവുകള്‍, സാക്ഷിമൊഴികള്‍ എന്നിവ കോടതിയില്‍ ഹാജരാക്കി. പക്ഷേ കോടതി ഇവര്‍ ഒരുമിച്ചുളളതിന്റെ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞ് സാഹചര്യത്തെളിവുകളെ തള്ളിക്കളഞ്ഞുവെന്ന് അപ്പീലില്‍ പറയുന്നു.
ക്വട്ടേഷന്‍ തുകയ്ക്ക് സുനി ദിലീപിന് അയച്ച കത്ത് തള്ളി. ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യില്‍ എത്തിയതിന് നിര്‍ണായക തെളിവുണ്ടായിരുന്നു. സഹോദരന്റെ ഫോണില്‍ നിന്ന് ദൃശ്യങ്ങളുടെ വിവരണം ഇതിന് തെളിവാണ്. ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ കാണാതെ സീന്‍ എഴുതിയെടുക്കാന്‍ ആകില്ല. ഇക്കാര്യം കോടതി അവഗണിച്ചു. നിര്‍ണായക സാക്ഷികളെ കോടതി വിശ്വാസത്തിലെടുത്തില്ലെന്നും അപ്പീലില്‍ പറയുന്നു.
ദിലീപിനെതിരായ നിര്‍ണ്ണായകമായ സാക്ഷിമൊഴികളെ വിചാരണ കോടതി നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് തള്ളിക്കളഞ്ഞുവെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. കേസിലെ പ്രധാന കണ്ണിയായ ഗൂഢാലോചനയെക്കുറിച്ച് കോടതിയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഇടയിലുണ്ടായ പ്ലാനിംഗ് മാത്രമാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍, കൃത്യം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് വിധിന്യായത്തില്‍ പരാമര്‍ശമില്ലാത്തത് നീതിയുക്തമല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ആയിരം പേജിലധികം വരുന്ന വിചാരണ കോടതി വിധിയിലെ പാകപ്പിഴകള്‍ അക്കമിട്ട് നിരത്തിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് നല്‍കിയത് നിയമപരമായ ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും അപ്പീലില്‍ ആക്ഷേപമുണ്ട്. ക്രൂരമായ ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമായിരുന്നുവെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ദിലീപിനെ കൂടാതെ, കേസില്‍ വെറുതെ വിട്ട സുഹൃത്ത് ശരത്, ചാര്‍ളി എന്നിവരെയും ശിക്ഷിക്കണമെന്ന ആവശ്യവും അപ്പീലിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
