10 ലക്ഷം വായ്പയെടുത്തത് സുഹൃത്തിന്റെ മകളുടെ വിവാഹ ആവശ്യത്തിന്; സുഹൃത്ത് മുനീബിന് രോഗം ബാധിച്ച് കണ്ണിന്റെ കാഴ്ച നഷ്ടമായി; കോവിഡ് പ്രഹരത്തില്‍ അലക്സാണ്ടറിന് ജോലിയും നഷ്ടമായി; നിര്‍ധന കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തി ചെയ്ത് ബാങ്ക് അധികൃതര്‍

നിര്‍ധന കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തി ചെയ്ത് ബാങ്ക് അധികൃതര്‍

Update: 2024-11-20 15:07 GMT

മലപ്പുറം: വായ്പയെടുത്ത 10ലക്ഷം രൂപ തിരിച്ചടക്കാന്‍ കഴിയാത്ത നിര്‍ധന കുടുംബത്തിന്റെ വീടും സ്ഥലവും ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു. നിലമ്പൂര്‍ പാത്തിപ്പാറയിലെ കൊടുന്തറ ബിനു അലക്സാണ്ടറിന്റെ പേരിലുള്ള 20.5 സെന്റ് സ്ഥലവും അതിലുള്ള വീടുമാണ് ജപ്തി ചെയ്തത്.

2018-ലാണ് ബിനു അലക്സാണ്ടര്‍ നിലമ്പൂര്‍ കേരള ബാങ്ക് ശാഖയില്‍ നിന്ന് 10 ലക്ഷം രൂപ വായ്പ എടുത്തത്. ഭര്‍ത്താവ് അലക്സാണ്ടറിന്റെ സുഹൃത്തായ മുനീബിന്റെ മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു വായ്പ എടുത്തത്. കോവിഡ് വന്നതോടെ അലക്സാണ്ടറിന് ജോലി നഷ്ടമായി നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു. മുനീബിന് രോഗം ബാധിച്ച് കണ്ണിന്റെ കാഴ്ച്ചയും നഷ്ടമായതോടെയാണ് കുടുംബം നിലവിലെ അവസ്ഥയിലേക്ക് എത്തിയത്.

പലിശ അടക്കം 22 ലക്ഷമാണ് നിലവിലെ കടബാധ്യത. പലിശയിനത്തില്‍ 40 ശതമാനം വരെ ഇളവ് നല്‍കാമെന്നും 17 ലക്ഷം ഒറ്റ തവണയായി അടച്ചാല്‍ ജപ്തി ഒഴിവാക്കാമെന്നും അധികൃതര്‍ പറഞ്ഞു. സര്‍ഫാസി നിയമപ്രകാരം മഞ്ചേരി സി.ജെ.എം. കോടതിയുടെ ഉത്തരവ് പ്രകാരമാണ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ പണം തിരിച്ചടക്കാന്‍ നിര്‍വാഹമില്ലെന്നാണ് ബിനുവും ഭര്‍ത്താവ് അലക്സാണ്ടറും പറയുന്നത്. ആരെങ്കിലും ഈ സ്ഥലം വിലക്ക് വാങ്ങാന്‍ തയാറായാല്‍ തങ്ങളുടെ കടം വീട്ടാമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. വീട് ജപ്തി ചെയ്ത് സീല്‍ ചെയ്തതോടെ മാതാപിതാക്കളും മക്കളും താമസിക്കാന്‍ മറ്റൊരിടം ഇല്ലാത്തതിനാല്‍ വീടിന് മുന്നില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി അതിനുള്ളിലിരിക്കുകയാണ്. വീട് സീല്‍ ചെയ്തതിനാല്‍ വൈദ്യുതിയും ഇല്ല.

കരുണയുള്ള ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണിവര്‍. ഇപ്പോള്‍ നടത്തിയത് നിയമപരമായ നടപടി മാത്രമാണെന്നും ഒറ്റ തവണയായി കുടുംബത്തിന് പണം തിരിച്ചടക്കാന്‍ അവസരമുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ നടത്തിയത് പ്രതീകാത്മക ജപ്തി മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു. ഈ കുടുംബത്തെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9400865388 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News