വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് ക്യാഷ് നല്‍കുമെന്ന പ്രഖ്യാപനം തിരിച്ചടിയായി; പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്; ശശികലയും ബി ഗോപാലകൃഷ്ണനും ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ ഒരു തരിമ്പും ഭയമില്ലെന്ന് ഹാരീസ് മൂതൂരിന്റെ പുതിയ പോസ്റ്റ്
വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് ക്യാഷ് നല്‍കുമെന്ന പ്രഖ്യാപനം തിരിച്ചടിയായി
മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരീസ് മൂതൂര്‍ രംഗത്ത് എത്തിയിരുന്നു. വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനം നേരിട്ട വെള്ളാപ്പള്ളിക്ക് ഈ പോസ്റ്റ് പിടിവള്ളിയായി മാറുന്ന കാഴ്ച്ചയാണ്് കണ്ടത്.
വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്നായിരുന്നു ഹാരീസ് മൂതൂര്‍ കുറിച്ചത്. വിവാദ പോസ്റ്റില്‍ പ്രതിഷേധം കനത്തതോടെ ഹാരീസ് മുതൂര്‍ പോസ്റ്റ് മുക്കി. 'ഈ വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് മലപ്പുറം കമ്മിറ്റി അവാര്‍ഡും ക്യാഷും നല്‍കും', എന്നായിരുന്നു ആദ്യ പോസ്റ്റ്. വിവാദമായപ്പോള്‍ ഈപോസ്റ്റ് ഹാരിസ് പിന്‍വലിച്ചു.
'വെള്ളാപ്പള്ളി മുസ്ലിമിനെ പറഞ്ഞതുകൊണ്ടല്ല, നാളെ ഏതെങ്കിലും ഒരാള്‍ ഒരു ഹൈന്ദവ സമുദായത്തെ പറഞ്ഞാലും അതിനെതിരെ ആദ്യം പ്രതികരിക്കുന്ന ഒരാള്‍ ഞാനായിരിക്കും. അത് കോണ്‍ഗ്രസും മുസ്ലിം ലീഗും മലപ്പുറത്തെ ഇതര രാഷ്ട്രീയ സമുദായിക പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയെടുത്ത മാനവിക ബോധം കൊണ്ടാണ്'; പുതിയ കുറിപ്പില്‍ ഹാരീസ് കുറിച്ചു. വെള്ളാപ്പള്ളി നടേശന്റെ വാക്കിനോട് പ്രതികരിച്ചതിന്റെ പേരില്‍ ശശികലയും ബി ഗോപാലകൃഷ്ണനും ഭീഷണിപ്പെടുത്തുവാനാണ് ശ്രമമെങ്കില്‍ ഒരു തരിമ്പും അതിനോട് ഭയമില്ല.
പുതിയ കുറിപ്പ് ഇങ്ങനെയാണ്:
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ജാതി ബോധം കൊടികുത്തി വാണ കേരളത്തില്‍ വച്ച് പ്രഖ്യാപിച്ച ജാതി ശരീരമായിരുന്ന കേരളത്തെ മാനവ ശരീരമായി പരുവപ്പെടുത്തിയ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് കൊണ്ട് നിരന്തരം വര്‍ഗീയത പറയുന്ന,ഒരു മാധ്യമ പ്രവര്‍ത്തകനെപ്പോലും തീവ്രവാദി ആക്കുന്ന വെള്ളാപ്പള്ളി നടേശന്റെ വാക്കിനോട് പ്രതികരിച്ചതിന്റെ പേരില്‍ ശശികലയും ബി ഗോപാലകൃഷ്ണനും ഭീഷണിപ്പെടുത്തുവാനാണ് ശ്രമമെങ്കില്‍ ഒരു തരിമ്പും അതിനോട് ഭയമില്ല.
ജനിച്ചത് മുസ്ലിം വിശ്വാസ ധാരയില്‍ ആണെങ്കിലും ജീവിച്ചത് ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും ഇല്ലാത്ത മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള മുതൂരിലാണ്, രണ്ട് പെരുന്നാളു പോലെ തന്നെ എനിക്ക് പ്രധാനമാണ് പൂരവും വേലയും, അതില്ലാതെ എന്റെ ഒരു വര്‍ഷവും പൂര്‍ത്തിയാകാറില്ല. അത്തരം ജീവിത സാഹചര്യത്തിലൂടെ കടന്നുപോയ ഒരു മലപ്പുറംകാരന് വെള്ളാപ്പള്ളിയുടെ നിരന്തരമായ വിഷം വമിപ്പിക്കുന്ന പ്രസ്താവന രോഷം ഉണ്ടാക്കുക തന്നെ ചെയ്യും. അത് വെള്ളാപ്പള്ളി മുസ്ലിമിനെ പറഞ്ഞതുകൊണ്ടല്ല, നാളെ ഏതെങ്കിലും ഒരാള്‍ ഒരു ഹൈന്ദവ സമുദായത്തെ പറഞ്ഞാലും അതിനെതിരെ ആദ്യം പ്രതികരിക്കുന്ന ഒരാള്‍ ഞാനായിരിക്കും. അത് കോണ്‍ഗ്രസും മുസ്ലിം ലീഗും മലപ്പുറത്തെ ഇതര രാഷ്ട്രീയ സമുദായിക പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയെടുത്ത മാനവിക ബോധം കൊണ്ടാണ്.
ശശികലക്കും ബി ഗോപാലകൃഷ്ണനും മാത്രമല്ല സംഘപരിവാറിന്റെ ഏതു വ്യക്തിക്കും നിര്‍ഭയം മലപ്പുറത്തേക്ക് വരാം മുതൂരിലേക്കും വരാം, നിരായുധനായി ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും നിങ്ങള്‍ക്ക് ലഭിക്കുന്ന ഏതായുധം വെച്ചും എന്നെ കീഴ്‌പ്പെടുത്തുകയോ കൊല്ലുകയോ ചെയ്യാം പക്ഷേ അപ്പോഴും കേരളത്തിലെ മലപ്പുറത്തെ മതസൗഹാര്‍ദ്ദത്തിനും മതേതരത്വത്തിനും മനുഷ്യത്വത്തിനും വേണ്ടി ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കും എന്റെ ശ്വാസം നിലയ്ക്കും വരെ... ഭാരതം എന്ന ഈ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച അനേകം മനുഷ്യരുടെ പേരിന്റെ അവസാന നാമമായി എന്റെ പേര് കൂട്ടിച്ചേര്‍ക്കുന്നുവെങ്കില്‍ അതിലേറെ സന്തോഷം മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഹാരീസ് മൂതൂര്‍
അതേസമയം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിനോട് പരുഷമായാണ് ഇന്ന് എസ്എന്‍ഡിപി വേദിയില്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്. ആരെന്തുപറഞ്ഞാലും തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജുവിനെ വേദിയിലിരുത്തി വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപിക്കും യൂത്ത് വിങ് ഉണ്ടെന്നും, അവര്‍ക്കും കരി ഓയില്‍ ഒഴിക്കാന്‍ അറിയാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് എം ലിജുവിനെ വേദിയിലിരുത്തിയാണ് വെള്ളാപ്പള്ളി യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. കരി ഓയില്‍ ഒഴിക്കുമെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുെട വിമര്‍ശനം.
പരാമര്‍ശത്തില്‍ ലിജു മറുപടി പറയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ലിജു പാവമാണ്. വഴിതെറ്റി ആ പാര്‍ട്ടിയില്‍ പോയതാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഒരു യൂത്തന്‍ തൃശൂരില്‍ പറഞ്ഞത്, വെള്ളാപ്പള്ളിയുടെ കോലം കരിഓയില്‍ ഒഴിച്ചു കത്തിച്ചാല്‍ സമ്മാനം നല്‍കുമെന്ന്. ഊത്തുകാരനാണ്. അവന്‍ വെറുമൊരു പൊണ്ണനാണ്. എന്നെ കത്തിച്ചാലും എന്റെ അഭിപ്രായം മാറുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസിനെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിന് ലിജു വേദിയില്‍ വെച്ചു തന്നെ മറുപടി നല്‍കി. കത്തിക്കലും ഹിംസയും ആരു പിന്തുടര്‍ന്നാലും അതിനോട് മനുഷ്യത്വമുള്ളവര്‍ക്ക് യോജിക്കാന്‍ സാധിക്കില്ല. സംഭാഷണം വാദിക്കാനും ജയിക്കാനുമല്ല എന്നാണ് ഗുരുദേവന്‍ പറഞ്ഞത്. നിങ്ങളുടെ വാദം നിങ്ങളുടേതാണ്. സത്യത്തിന്റെ പാതയില്‍ ഏവര്‍ക്കും യോജിക്കാവുന്നതാണെന്നും ലിജു പറഞ്ഞു.
