സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; 24 മണിക്കൂറില്‍ 204.4 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്തെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 204.4 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കൂടാതെ ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അതേസമയം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലീലിറ്റര്വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവടങ്ങില്‍ ഓറഞ്ചും, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.