കൊച്ചി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിന് അറുതിയാകുന്നു; യൂണിഫോമിലെ സ്‌കൂള്‍ നിയമാവലി അനുസരിക്കാമെന്ന് സമ്മതിച്ചു വിദ്യാര്‍ഥിനിയുടെ പിതാവ്; സ്‌കൂള്‍ മാനേജ്‌മെന്റിനെ നിലപാട് അറിയിച്ചു; സമവായ ചര്‍ച്ച നടന്നത് ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍; സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ശ്രമിച്ചുവെന്ന് ഹൈബി

കൊച്ചി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിന് അറുതിയാകുന്നു

Update: 2025-10-14 09:37 GMT

കൊച്ചി: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സമവായം ഒരുങ്ങുന്നു. സ്‌കൂള്‍ നിയമാവലി അനുസരിക്കാമെന്ന് കുട്ടി സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട നിലപാട് കുട്ടി സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഹിജാബിന്റെ പേരില്‍ എസ്ഡിപിഐ മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കി രംഗത്തുവന്നത്. ഇവര്‍ ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തില്‍ സ്‌കൂളിന് രണ്ട് ദിവസം അവധി നല്‍കിയിരുന്നു.

സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മാനേജ്മെന്റ് സ്‌കൂളില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ കുട്ടി നിര്‍ബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞത്.

സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് മാനേജ്മെന്റ് തീരുമാനം പാലിക്കാന്‍ എല്ലാവരും മാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്‍ദേശം പാലിക്കാത്തത് മറ്റുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നാലു മാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെ സ്‌കൂളിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നത്. തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് കുട്ടിയെ വിലക്കിയത്.

അതേസമയം സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ ശിരോവസ്ത്രം ധരിക്കുന്നതില്‍ വിദ്യാര്‍ത്ഥിനിക്ക് വിലക്ക് എന്ന വിവാദത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഹൈബി ഈഡന്‍ എംപിയും പ്രതികരിച്ചു. ഹൈബിയുടെ നേതൃത്വത്തില് നടത്തിയ ചര്‍ച്ചയിലാണ് സമവായത്തിന് അവസരം ഒരുങ്ങിയത്. സ്‌കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡന്‍ വ്യക്തമാക്കി.

സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ശ്രമിച്ചു. അതിനെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ പ്രശ്‌ന പരിഹാരം ഉണ്ടായിരിക്കുന്നതെന്ന് ഹൈബി ഈഡന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡന്‍ എംപി എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ ഇന്ന് സമവായ ചര്‍ച്ച നടന്നത്. കുട്ടിയുടെ രക്ഷിതാവും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചര്‍ച്ചയില്‍ സ്‌കൂളിന്റെ നിയമാവലി അനുസരിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകാമെന്നും കുട്ടിയെ തുടര്‍ന്നും ഈ സ്‌കൂളില്‍ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും അറിയിക്കുകയായിരുന്നു. ഇതിന് അനുകൂലമായ നിലപാട് സ്‌കൂള്‍ അധികൃതരും സ്വീകരിച്ചിരുന്നു.

കൊച്ചിയിലെ പള്ളുരുത്തി സെന്റ് റിത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പരിസരത്ത് ക്രമസമാധാനം നിലനിര്‍ത്തണമെന്ന് വ്യക്തമാക്കി ഹൈക്കോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു. പോലീസ് സുരക്ഷയ്ക്കുള്ള അനുമതി ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കൊച്ചിയിലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ ഹിജാബ് ധരിച്ചെത്തുന്നതില്‍ നിന്ന് വിലക്കിയിരുന്നു. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നു എന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍- ജൂലൈ മാസത്തില്‍ രണ്ടോ മൂന്നോ ദിവസങ്ങളിലും കുട്ടി ഹിജാബ് ധരിച്ചെത്തിയിരുന്നതായി സ്‌കൂള്‍ മാനേജ്മെന്റ് പറഞ്ഞിരുന്നു.

അതേസമയം, സ്‌കൂള്‍ യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച തീരുമാനം പാലിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും ബാധ്യസ്ഥരാണെന്നും ഒരു കുട്ടി മാത്രം അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് നാല് മാസത്തോളം കുട്ടി യൂണിഫോം ധരിച്ച് സ്‌കൂളില്‍ വന്നിരുന്നു. അതിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നത്.


മറ്റൊരുടെയൊക്കെയോ പ്രേരണയാലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നത് എന്നാണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ ആരോപണം. ചിലര്‍ സ്‌കൂളില്‍ മനപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനാല്‍ മറ്റ് കുട്ടികള്‍ ഭീതിയിലാണെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. വിഷയത്തില്‍ ഷോണ്‍ ജോര്‍ജ്ജ് അടക്കമുള്ളവര്‍ ഇടപെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചാണ് ഷോണ്‍ ജോര്‍ജ്ജ് രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ നിലപാടാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നാണ് ഷോണ്‍ അഭിപ്രായപ്പെട്ടത്. പത്ത് വോട്ട് നോക്കി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് ഇതിനൊക്കെ പിന്നിലെന്നും കേരളം ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും ബി ജെ പി നേതാവ് പറഞ്ഞു. ബീഫിന്റെ പേരിലല്ല ഹാല്‍ സിനിമ സെന്‍സര്‍ ചെയ്തതെന്നും ഷോണ്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു.

Tags:    

Similar News