ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു; അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും; കോടതിയില്‍ രഹസ്യമൊഴി നല്‍കി ഹണി റോസ്; നടിയുടെ രഹസ്യമൊഴി കോടതിയുടെ മുന്നിലെത്തിയതോടെ ജാമ്യം എളുപ്പമാകില്ല; ബോചെയെ കുരുക്കി പൊലീസിന്റെ അതിവേഗ നീക്കങ്ങള്‍

ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു

Update: 2025-01-08 13:41 GMT

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ പോലീസ് വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചിയില്‍ എത്തിച്ചു. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ബോബിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം. വൈദ്യപരിശോധനയ്ക്കു ശേഷം ബോബിയെ ഇന്നുതന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയേക്കും. ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തിയിരിക്കുന്നതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാന്‍ സാധ്യമല്ല.

അതേ സമയം പരാതിക്കാരിയായ നടി ഹണി റോസ് രഹസ്യമൊഴി നല്‍കി. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നല്‍കിയത്. ബുധനാഴ്ച വൈകുന്നേരം കോടതിയില്‍ നേരിട്ട് എത്തിയാണ് രഹസ്യമൊഴി നല്‍കിയത്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത ശേഷമുള്ള പ്രധാനപ്പെട്ട നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

കേസില്‍ ബോബി ചെമ്മണ്ണൂരിനെ എറണാകുളത്ത് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി എത്രയും ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം. കോടതിയില്‍ ഹാജരാക്കുമ്പോള്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യഹര്‍ജി നല്‍കിയേക്കും. പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്നുതന്നെ നല്‍കുന്നതിലൂടെ ഇത് തടയുക എന്ന ലക്ഷ്യംകൂടി പോലീസിനുണ്ടെന്നാണ് കരുതുന്നത്. രഹസ്യമൊഴി കോടതിയുടെ മുന്നിലെത്തിയാല്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം കിട്ടുക ബുദ്ധിമുട്ടാവും. ഇത് മുന്നില്‍ കണ്ടാണ് പോലീസ് നീക്കം.

ബുധനാഴ്ച രാവിലെയാണ് നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമ്പോള്‍ മൊഴികളുടെ അടിസ്ഥാനത്തില്‍ പരമാവധി തെളിവുകള്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും പൊലീസ് ശ്രമിക്കുക. പ്രത്യേക പൊലീസ് സംഘത്തിലെ ആളുകള്‍ ഹണി റോസില്‍നിന്ന് മൊഴിയെടുത്തു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ബോബി ചെമ്മണൂരിനെതിരെ ചുമത്തണോ എന്ന കാര്യവും കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പരിശോധിക്കും.

അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയാലും ബോബിക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ താന്‍ ഹാജരാകുമായിരുന്നു എന്നതടക്കമുള്ള വാദങ്ങള്‍ ബോബിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ മുന്നോട്ടു വയ്ക്കും. കര്‍ശന ഉപാധികളുടെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ മജിസ്‌ട്രേറ്റിന്റെ പ്രത്യേകാധികാരത്തില്‍ വരുന്ന കാര്യങ്ങളാണ്.

ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ നിരന്തരമായി ലൈംഗികാധിക്ഷേപം നടത്തുന്നു എന്നതിന്റെ തെളിവുകള്‍ അടക്കമാണ് ഹണി റോസ് സെന്‍ട്രല്‍ പൊലീസിനു പരാതി നല്‍കിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന്റെയും മറ്റും അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നിട് മുഖ്യമന്ത്രി, ഡിജിപി എന്നിവരുമായും ഹണി റോസ് സംസാരിച്ചിരുന്നു. ഹണി റോസിന്റെ പരാതി ലഭിച്ചതിനു തൊട്ടു പിന്നാലെ പ്രത്യേക സംഘത്തെ വയനാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.

രാവിലെ ഏഴരയോടെ മേപ്പാടിയിലെ ബോബി ചെമ്മണൂരിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍നിന്നാണു പിടികൂടിയത്. ആദ്യം പുത്തൂര്‍വയല്‍ എആര്‍ ക്യാംപിലെത്തിച്ചു. അതിനിടെ, ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ബന്ധപ്പെട്ട് എല്ലാ നിയമനടപടികള്‍ക്കും പിന്തുണ അറിയിച്ചു. ഹണി റോസിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നും പിന്നീട് ബോബിയെ ചോദ്യം ചെയ്യും എന്നുമായിരുന്നു സൂചനകള്‍. എന്നാല്‍ ഈ കേസില്‍ ഇളവുകളൊന്നും നല്‍കേണ്ടതില്ല എന്ന തീരുമാനം പൊലീസ് സ്വീകരിച്ചു. കാരണം ഹണി റോസ് ആദ്യം നല്‍കിയ പരാതി സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അസഭ്യപ്രയോഗങ്ങളും അപകീര്‍ത്തി പരാമര്‍ശങ്ങളും നടത്തിയവര്‍ക്കെതിരെ ആയിരുന്നു.

ഇതില്‍ ഉടന്‍ തന്നെ 30 പേര്‍ക്കെതിരെ കേസെടുക്കുകയും കുമ്പളം സ്വദേശി ഷാജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ഇതിനേക്കാള്‍ ഗൗരവമായ പരാതിയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‍കിയിരുന്നത് എന്നതിനാല്‍ നടപടി സ്വീകരിക്കാന്‍ പൊലീസിനു മേലും സമ്മര്‍ദ്ദമുണ്ടായിരുന്നു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റര്‍ ചെയ്തത്.

2024 ഓഗസ്റ്റ് 7ന് ബോബി ചെമ്മണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താന്‍ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. താന്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ സമയം തേടിയുന്നു എന്നും മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും വലിയ ആശ്വാസമാണ് അതുണ്ടാക്കിയതെന്നും ഹണി റോസ് പ്രതികരിച്ചു.

ബോബി ചെമ്മണ്ണൂര്‍ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയശേഷം ഹണി റോസ് തന്നെയാണ് ഇത് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. മാസങ്ങള്‍ക്കുമുന്‍പ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങള്‍ക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ആഭരണങ്ങള്‍ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവര്‍ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമര്‍ശം നടത്തി. കുറേപ്പേര്‍ അത് ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ചു. അവര്‍ക്കത് ഡാമേജായി, വിഷമമായി. അതില്‍ എനിക്കും വിഷമമുണ്ട്. ഞാന്‍ മനപ്പൂര്‍വം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ വിശദീകരണം തള്ളിക്കൊണ്ടാണ് പോലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റ് നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നാണ് വിവരം. ബോബി ചെമ്മണൂരിന്റെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു.

Tags:    

Similar News