പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ സ്‌പോട്ട് ചെയ്ത് 'റോ'; സുപ്രധാന ദൗത്യത്തിന് സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കി; പിന്നെ ബാലാകോട്ടിന് മുന്‍പുള്ള സമാന നീക്കങ്ങള്‍; 'ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍, തിരിച്ചത് വലത്തേക്ക്'! പാക്കിസ്ഥാന് വീണ്ടും മനസിലാകാതെ പോയ മോദിയുടെ യുദ്ധതന്ത്രം

പാക്കിസ്ഥാന് വീണ്ടും മനസിലാകാതെ പോയ മോദിയുടെ യുദ്ധതന്ത്രം

Update: 2025-05-07 11:15 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കി ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' പാക്കിസ്ഥാന്‍ ഭരണകൂടത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാക്കിസ്ഥാനിലെ സാധാരണക്കാരെയോ പാക്ക് സൈനിക കേന്ദ്രങ്ങളെയോ ഉന്നംവെയ്ക്കാതെ, ഭീകരരെ അവരുടെ താവളങ്ങളില്‍വെച്ച് തന്നെ തീര്‍ക്കുകയെന്ന ഇന്ത്യയുടെ തീരുമാനമാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നടപ്പാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ചുട്ടമറുപടി നല്‍കാനുമായി.

എന്നാല്‍ പഹല്‍ഗാമിലെ ഭീകരാക്രമണം സംഭവിച്ച് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പാക്ക് അധീന കശ്മീരിലും പാക്കിസ്ഥാനിലുമുള്ള ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. ആസൂത്രണത്തിലെ കൃത്യതയിലൂടെ പാക്കിസ്ഥാന് കനത്ത പ്രഹരമേല്‍പ്പിക്കാനായി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പ്രാഥമികഘട്ടത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ലഷ്‌കര്‍ ഭീകരര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊടുംക്രൂരതയ്ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിലും അപ്പുറമുള്ള മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കാളികളായ ഓരോരുത്തരെയും പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതീവ ജാഗ്രതയോടെ കൃത്യമായ നിരീക്ഷണങ്ങള്‍ക്കൊടുവിലായിരുന്നു പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി നല്‍കിയത്. തിരിച്ചടി എങ്ങനെവേണമെന്ന് ചര്‍ച്ചചെയ്യാനായി പലതവണയാണ് വിവിധ സേനാ മേധാവിമാരുമായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നേരത്തേ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കി. തിരിച്ചടിയുടെ രീതിയും ലക്ഷ്യവും സമയവും സൈന്യത്തിന് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനുപിന്നാലെ വ്യോമ, കരസേന മേധാവിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരുമായും പ്രധാനമന്ത്രി നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

പാക്കിസ്ഥാന് മനസിലാകാത്ത മോദിയുടെ യുദ്ധതന്ത്രം

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ വൈകിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇന്ത്യ പാക്ക് മണ്ണിലെ ഭീകരകേന്ദ്രങ്ങളെ മിസൈല്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തത്. ഇടത്തോട്ട് ഇന്‍ഡിക്കേറ്ററിട്ട ശേഷം അപ്രതീക്ഷിതമായ സമയത്ത് വലത്തേക്ക് നീക്കം നടത്തുകയെന്ന തന്ത്രമായിരുന്നു നരേന്ദ്ര മോദി വീണ്ടും പയറ്റിയത്. അപ്രതീക്ഷിത സമയത്ത് പാക്കിസ്ഥാനെ വിറപ്പിച്ച തിരിച്ചടി. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യ വിജയകരമായി നടത്തിയപ്പോള്‍ ഒരിക്കല്‍ കൂടി വിജയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ തന്ത്രമാണ്.

2019ലെ ബാലാകോട്ട് ആക്രമണത്തിനും ഇതേ പാതയിലൂടെയാണ് മോദി സഞ്ചരിച്ചത്. ഒരിക്കല്‍ സംഭവിച്ചാല്‍ അത് ആകസ്മികം എന്ന് പറയാമെങ്കിലും രണ്ടാം തവണയും അത് തന്നെ സംഭവിക്കുമ്പോള്‍ അതിനെ തന്ത്രമെന്ന് തന്നെ വിശേഷിപ്പിക്കാം. ഇരു ആക്രമണങ്ങള്‍ക്കും മുന്‍പുള്ള തയ്യാറെടുപ്പുകള്‍ തമ്മിലുള്ള സാമ്യതകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ബാലാകോട്ടിന് മുന്‍പുള്ള പെരുമാറ്റത്തില്‍ നിന്ന് പഠിക്കാതിരുന്നതില്‍ ഇപ്പോള്‍ പാകിസ്ഥാന്‍ സ്വയം കുറ്റപ്പെടുത്തുന്നുണ്ടാകാം.

ഫെബ്രുവരി 26ന് പുലര്‍ച്ചെയാണ് ഇന്ത്യ ബാലാകോട്ടില്‍ പാകിസ്ഥാന് തിരിച്ചടി നല്‍കിയത്. എന്നാല്‍ പ്രധാനമന്ത്രി മോദി ഇതിന് മുന്‍പുള്ള 48 മണിക്കൂറും പതിവുപോലെ തന്നെ ജോലികളില്‍ മുഴുകി. ഫെബ്രുവരി 25ന് അദ്ദേഹം ഡല്‍ഹിയില്‍ ദേശീയ യുദ്ധസ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യന്‍ സായുധ സേനയുടെ വീര്യത്തെക്കുറിച്ച് സംസാരിച്ചെങ്കിലും പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ജിഹാദി അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ആക്രമണത്തെക്കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ല.

രാത്രി ഒമ്പത് മണിക്ക് ഇന്ത്യന്‍ വിമാനങ്ങള്‍ പറന്നുയരാന്‍ തയ്യാറായപ്പോള്‍, പ്രധാനമന്ത്രി മോദി ഡല്‍ഹിയിലെ ഒരു മാധ്യമ ഗ്രൂപ്പ് സംഘടിപ്പിച്ച ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇന്ത്യയുടെ അഭിലാഷങ്ങള്‍, വികസനം, തീവ്രവാദത്തിനെതിരായ ദൃഢനിശ്ചയം എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി മോദി അവിടെ സംസാരിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് ഉത്കണ്ഠയുടെ ഒരു രേഖയോ സംശയത്തിന്റെ നിഴലോ പോലുമുണ്ടായിരുന്നില്ല

ഇത്തവണയും പ്രധാനമന്ത്രി മോദിയുടെ യാത്രാപരിപാടികളും പെരുമാറ്റവും ബാലാകോട്ടിന് മുന്‍പുള്ള നീക്കങ്ങളുടെ തനിപ്പകര്‍പ്പായിരുന്നു. ആക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, 2047ഓടെ സാമ്പത്തിക ഭീമനാകാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം ഒരു മാധ്യമ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. 30 മിനിറ്റ് നീണ്ട തന്റെ പ്രസംഗത്തില്‍, പ്രധാനമന്ത്രി ഒരു ഉത്കണ്ഠയുമില്ലാത്ത ശാന്തനായ മനുഷ്യനെപ്പോലെയാണ് പെരുമാറിയത്

ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്ന അയല്‍ക്കാരനെ വിമര്‍ശിക്കുന്നത് കേള്‍ക്കാന്‍ സദസ്സ് ആഗ്രഹിച്ചെങ്കിലും, അദ്ദേഹം തമാശകള്‍ പറഞ്ഞ് സംസാരിച്ചു. എന്നാല്‍, പിന്നീട് ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം വരാനിരിക്കുന്നതിന്റെ പരോക്ഷമായ സൂചനയായി കാണാം. പൊതു സമ്മര്‍ദ്ദത്തെ ഭയന്ന് നിര്‍ണായകമായ നടപടികള്‍ എടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാത്തതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അങ്ങനെ എതിരാളിക്ക് ഒരു സൂചനയും നല്‍കാതെ ഇടത്തേക്ക് ഇന്‍ഡിക്കേറ്റര്‍ സ്വിച്ച് ചെയ്ത ശേഷം വലത്തോട്ട് തിരിഞ്ഞ് ഒരിക്കല്‍ കൂടെ പാകിസ്ഥാന് ശക്തമായ മറുപടി കൊടുക്കാന്‍ പ്രധാനമന്ത്രിക്കും സംഘത്തിനും കഴിഞ്ഞു.

കണ്ണീരിനുള്ള മറുപടി

ഏപ്രില്‍ 22-നാണ് ഇന്ത്യയെ കണ്ണീരിലാഴ്ത്തി പഹല്‍ഗാമില്‍ ഭീകരര്‍ തോക്കെടുത്തത്. സാധാരണക്കാരായ വിനോദസഞ്ചാരികളെയാണ് ഭീകരര്‍ നിഷ്‌കരുണം കൊലപ്പെടുത്തിയത്. ആകെ 26 പേര്‍ക്കാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇവരില്‍ പലരും വെടിയേറ്റ് വീണത് ഉറ്റവരുടെ കണ്മുന്നിലായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിട്ടവര്‍ക്ക് തങ്ങളുടെ പ്രിയതമനെ നഷ്ടമായതിന്റെ വേദനയും പഹല്‍ഗാമില്‍നിന്ന് നാം കണ്ടു. ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും ആഴത്തില്‍ മുറിവേല്‍പ്പിച്ചതായിരുന്നു പഹല്‍ഗാമില്‍നിന്നുള്ള ആ നൊമ്പരക്കാഴ്ചകള്‍.

ചുട്ടെരിച്ച് ഭീകരരുടെ താവളങ്ങള്‍

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ' ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് സംവിധാനങ്ങള്‍ നടത്തിയ കൃത്യമായ നിരീക്ഷണത്തിലാണ് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ തിരഞ്ഞെടുത്തതും പാക്കിസ്ഥാനിലെ ഈ ഭീകരകേന്ദ്രങ്ങളായിരുന്നു.

പാക് ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുടെ പ്രധാന ക്യാമ്പുകളായ ഒമ്പത് കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സേനകള്‍ ലക്ഷ്യമിട്ടത്. പഹല്‍ഗാമില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട ഇന്ത്യന്‍ സ്ത്രീകളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരും ഈ ദൗത്യത്തിന് നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് സുപ്രധാന സൈനിക ദൗത്യത്തിന് ഈ പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമായുള്ള മുസാഫറബാദ്, കോട്ലി, ബഹാവല്‍പുര്‍, റവാലകോട്ട്, ഭിംബര്‍, ചക്സ്വാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ സൈനികാക്രമണം. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ 'മര്‍ക്കസ് സുബഹാനള്ള ക്യാമ്പസ്', ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്കെയിലെ 'മര്‍ക്കസ് തൊയ്ബ', ഹിസ്ബുള്‍ ക്യാമ്പായ സിയാല്‍കോട്ടിലെ 'മെഹ്‌മൂന ജോയ' എന്നിവയെല്ലാം ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ ചാരമായി. 25 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തില്‍ സ്‌കാള്‍പ്(സ്റ്റോം ഷാഡോ) മിസൈലുകളും ഹാമ്മര്‍ ബോംബുകളും ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ പ്രയോഗിച്ചു. 'ഓപ്പറേഷന്‍ സിന്ദൂറി'ന് പിന്നാലെ പാക്കിസ്ഥാനിലെ ഈ ഭീകരകേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങളും അവിടങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും സേന പുറത്തുവിട്ടിരുന്നു.

സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാക്കാത്ത രീതിയിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണംചെയ്ത് നടപ്പാക്കിയതെന്നാണ് സേനയ്ക്ക് വേണ്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും പറഞ്ഞത്. ആക്രമണത്തിനുവേണ്ട ആയുധങ്ങള്‍ പോലും തിരഞ്ഞെടുത്തത് സാധാരണക്കാരെ ഇത് ബാധിക്കാതിരിക്കാനാണ്. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെ പോലും ലക്ഷ്യമിട്ടില്ല.

അതീവ സൂക്ഷ്മതോടെ പാക് ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇനി പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലുംരീതിയിലുള്ള പ്രകോപനമുണ്ടായാല്‍ അതിനും കനത്ത തിരിച്ചടി നല്‍കുമെന്നും അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സേന നടത്തിയിട്ടുണ്ടെന്നും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും വ്യക്തമാക്കിക്കഴിഞ്ഞു

Tags:    

Similar News