രജിസ്ട്രാര്‍ അനില്‍കുമാറിനെ തിരിച്ചെടുക്കാമെന്ന് സിന്‍ഡിക്കേറ്റ് ഭൂരിപക്ഷ തീരുമാനം; വിയോജിച്ച വിസി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി; വിഷയം ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഡോ.മോഹന്‍ കുന്നുമ്മല്‍; കേരള സര്‍വകലാശാലയില്‍ 'വെടിനിര്‍ത്തലില്ല'

കേരള സര്‍വകലാശാലയില്‍ 'വെടിനിര്‍ത്തലില്ല'

Update: 2025-11-01 18:02 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാര്‍ അനില്‍കുമാറിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അംഗീകരിക്കാതെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇറങ്ങിപ്പോയി.

യോഗത്തില്‍ പങ്കെടുത്ത 22 അംഗങ്ങളില്‍ 19 പേരും രജിസ്ട്രാറെ തിരിച്ചെടുക്കുന്നതിനെ പിന്തുണച്ചു. എന്നാല്‍ വിസിയും രണ്ട് ബിജെപി അംഗങ്ങളും ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. സിന്‍ഡിക്കേറ്റിന്റെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാതെ വിസി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വിഷയം ചാന്‍സലര്‍ക്ക് (ഗവര്‍ണര്‍) റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് വിസി അറിയിച്ചത്.

കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ 'കാവി കൊടിയേന്തിയ ഭാരതാംബ' വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ 2 നാണ് രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ വിസി സസ്‌പെന്‍ഡ് ചെയ്തത്. അനില്‍കുമാര്‍ കോടതിയെ സമീപിച്ചിരുന്നു. സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്നീട് സിന്‍ഡിക്കേറ്റ് റദ്ദാക്കി. എന്നാല്‍, ഈ സിന്‍ഡിക്കേറ്റ് തീരുമാനം അംഗീകരിക്കാതെ വിസി രജിസ്ട്രാര്‍ക്കെതിരെ കടുത്ത നടപടികള്‍ തുടര്‍ന്നു.

അനില്‍കുമാര്‍ വഴി അയച്ച യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രവര്‍ത്തന ഫണ്ട് പാസാക്കാനുള്ള ഫയലും വിസി മോഹനന്‍ കുന്നുമ്മല്‍ തള്ളിക്കളഞ്ഞു. യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കാനുള്ള അപേക്ഷയാണ് തിരിച്ചയച്ചത്. പകരം, മിനി കാപ്പന്റെ ശുപാര്‍ശയോടെ വീണ്ടും അപേക്ഷ നല്‍കാന്‍ വിസി നിര്‍ദ്ദേശം നല്‍കി.

Tags:    

Similar News