ആ വിജയത്തിനിടയിലും നിന്റെ വിശ്വാസം ചിലരെ ചൊടിപ്പിക്കുന്നുണ്ടെങ്കില്‍; അവർ രാജ്യസ്നേഹികൾ അല്ല..വെറും മത സ്നേഹികൾ മാത്രമാണ്..!!; ക്രിക്കറ്റ് മത്സരത്തിലെ വിജയാഹ്ളാദത്തിൽ യേശുവിന് നന്ദി പറഞ്ഞ ജമീമ; ഇതോടെ വിമർശനം അഴിച്ചിട്ട ബിജെപിയും; താരത്തിന് പൂർണ പിന്തുണയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല; ചൂട് പിടിച്ച് ചർച്ച

Update: 2025-11-01 17:35 GMT

കൊച്ചി: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടുമോ? നാളെയാണ് ഇന്ത്യാ-ദക്ഷിണാഫ്രിക്കാ മത്സരം. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അതിഥേയരായ ഇന്ത്യ കപ്പടിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രവചനങ്ങള്‍. ഓസീസിനെ തോല്‍പ്പിച്ച ജമീമ റോഡ്രിഗസാണ് താരം. അതിനിടെ വനിതാ ലോകകപ്പിലെ സെമിയിലെ വിജയ ശേഷം ജമീമ നടത്തിയ പ്രതികരണവും വന്‍ കൈയ്യടി നേടി. വിശ്വാസ വഴിയില്‍ ജമീമ നടത്തിയ പ്രതികരണം വൈറലായി.

ഞാന്‍ അവിടെ നിന്നു, അവന്‍ എനിക്കുവേണ്ടി പോരാടി.' യേശുവില്ലെങ്കില്‍ ജയം അസാധ്യമായിരുന്നുവെന്ന് പറയുകയായിരുന്നു ജമീമ. ഇതോടെ താരം ജമീമ റോഡ്രിഗസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപിനേതാവും നടിയുമായ കസ്തൂരി രംഗത്തു വരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, താരത്തെ പിന്തുണച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുകയാണ്. സമാനതകളില്ലാത്ത വിജയത്തിലും നിന്റെ പ്രാർത്ഥനകളാണ് ചിലരെ അലോസരപ്പെടുത്തിയതെങ്കിൽ അവർ രാജ്യസ്നേഹികൾ അല്ല..വെറും മത സ്നേഹികൾ മാത്രമാണ് എന്നുമാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം...

പ്രിയ ജമൈമ

പൊരുതി നേടിയ ഒരു സെഞ്ച്വറിക്കും പതറാതെ നിന്നു നേടിയ വിജയത്തിനും ശേഷം നിന്റെ കവിളിലൂടെ ഒഴുകിയത് 140 കോടി ജനതയുടെ സന്തോഷക്കണ്ണീരാണ്. സമാനതകളില്ലാത്ത വിജയം. ആ വിജയത്തിനു വേണ്ടി പ്രാര്‍ഥിച്ചവര്‍ വിളിച്ച ഒരുപാട് ദൈവങ്ങളുണ്ട്. അതില്‍ രാമനും കൃഷണനും അല്ലാഹുവും യേശുവുമൊക്കെയുണ്ട്. അങ്ങനെ ഒരു രാഷ്ട്രം മുഴുവന്‍, ഒരു ജനത മുഴുവന്‍ മതങ്ങളുടെയും ദൈവങ്ങളുടെയും അതിര്‍വരമ്പുകള്‍ താണ്ടി ഒരേ വിജയത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും വിജയിക്കുമ്പോള്‍ ഒരേ രാജ്യത്തിനു വേണ്ടി ആര്‍പ്പുവിളിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ ബഹുസ്വരത. അതിലാണ് ഇന്ത്യയുടെ ആത്മാവ്. അതാണ് നാം കാത്തുവെച്ച ഇന്ത്യ.

ആ വിജയത്തിനിടയിലും നിന്റെ വിശ്വാസം ചിലരെ ചൊടിപ്പിക്കുന്നുണ്ടെങ്കില്‍. നിന്റെ പ്രാര്‍ഥനകള്‍ ചിലരെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യയുടെ ബഹുസ്വരതയറിയില്ല. ഇന്ത്യയെന്തെന്നറിയില്ല. അവര്‍ രാജ്യസ്‌നേഹികളല്ല. അവര്‍ വെറും മതസ്‌നേഹികള്‍ മാത്രമാണ്. സര്‍വമതങ്ങളെയും സര്‍വപ്രാര്‍ഥനകളെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ പുറമ്പോക്കുകളില്‍ പോലും അവര്‍ക്ക് സ്ഥാനമില്ല.

പ്രിയ ജമൈമ, ഈ രാഷ്ട്രം നമ്മുടെ ഓരോരുത്തരുടെയുമാണ്. നീ പൊരുതി നേടിയ വിജയം 140 കോടി പേരുടെ വിജയമാണ്. അവരുടെ പ്രാര്‍ഥനകളുടെ, കാത്തിരിപ്പിന്റെ വിജയമാണ്. അതിലുമുപരി, ഇന്ത്യയിലെ 70 കോടിയില്‍ പരം വരുന്ന വനിതകളുടെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേക്കുള്ള വഴിയാണ്. തളരാതിരിക്കുക. അടിപതറാതെയിരിക്കുക. നീ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. നിന്റെ പ്രാര്‍ഥനയുടെ പേരില്‍ നിന്നെ വിധിച്ചവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ പോലും ഉണ്ടാകില്ല.

ഇന്ത്യ കാത്തിരിക്കുന്ന ആ സ്വപ്‌നത്തിലേക്ക് ഇനിയും ഒരു മത്സരം ബാക്കിയുണ്ട്. കാലം നിന്നിലേല്‍പിച്ച ആ ദൗത്യം കൈവിടാതെ മുറുകെ പിടിക്കുക. ഒരു രാജ്യവും അതിന്റെ പ്രാര്‍ഥനകളും നിനക്കൊപ്പമുണ്ട്. വിജയകിരീടവുമായി നീയും കൂട്ടരും വരുന്നതും കാത്ത് ഒരു ജനത ആര്‍പ്പു വിളിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ട്.

വിജയിച്ചു വരിക!

അതേസമയം, വിജയത്തിനുശേഷം ശിവനോ ഹനുമാനോ ആണ് തന്റെ ജയത്തിന് പിന്നില്‍ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ എന്ന് കസ്തൂരി ചോദിച്ചു. ഇത്തരം അഭിപ്രായ പ്രകടനത്തിനിടെ ഒരു രസകരമായ പോസ്റ്റ് ചര്‍ച്ചകളില്‍ എത്തുന്നു. സി രവിചന്ദ്രന്റേതാണ് ഈ പോസ്റ്റ്.

നിരീശ്വരവാദീ സമൂഹം ഈ പോസ്റ്റ് ഏറെ ചര്‍ച്ചയാക്കുന്നുണ്ട്. ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയന്‍ ടീമില്‍ മഹാഭൂരിപക്ഷവും സത്യക്രിസ്താനികളായിരുന്നു. എന്നിട്ടും ഇന്ത്യയ്‌ക്കൊപ്പം യേശു നിന്നുവെന്ന പരിഹാസമാണ് രവിചന്ദ്രന്‍ ചര്‍ച്ചകളിലേക്ക് കൊണ്ടു വരുന്നത്.

Tags:    

Similar News