റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം തകര്‍ന്നു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സര്‍വീസിലുള്ള തേജസ് വിമാനങ്ങളെല്ലാം പിന്‍വലിച്ച് വ്യോമസേനയുടെ പരിശോധന; ദുബായ് എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ അപകടത്തില്‍ ആശങ്ക; 'തേജസ് മാര്‍ക്ക് 1 എ' പതിപ്പിന്റെ വിതരണം യുഎസ് വൈകിപ്പിക്കുന്നതിന് പിന്നാലെ സാങ്കേതിക തകരാറും

റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം തകര്‍ന്നു

Update: 2026-02-23 06:15 GMT

ന്യൂഡല്‍ഹി: വ്യോമസേനയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ് റണ്‍വേയില്‍നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന്, മുപ്പതോളം തേജസ് വിമാനങ്ങള്‍ താല്‍ക്കാലികമായി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തി. അടിയന്തര സാങ്കേതിക പരിശോധനകള്‍ക്കായാണ്

സിംഗിള്‍ സീറ്റ് തേജസ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന മാറ്റിനിര്‍ത്തിയത്.

ഈ മാസം ഏഴാം തീയതി ഒരു പരിശീലന പറക്കലിനിടെയായിരുന്നു സംഭവം. വിമാനത്തിന് കാര്യമായ തകരാറുകള്‍ സംഭവിച്ചതായും, ബ്രേക്ക് തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക സംശയമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പരിശീലന പറക്കലിനുശേഷം വ്യോമത്താവളത്തില്‍ ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് യുദ്ധവിമാനം നിയന്ത്രണം വിട്ട് റണ്‍വേയില്‍നിന്ന് തെന്നിമാറിയത്. വിമാനത്തിലെ ഓണ്‍ബോര്‍ഡ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ വിമാനത്തിന്റെ ചട്ടക്കൂടിന് (Airframe) ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ പൈലറ്റ് പരിക്കേല്‍ക്കാതെ സുരക്ഷിതമായി പുറത്തുകടന്നു. എന്നാല്‍, ഈ അപകടത്തെക്കുറിച്ച് വ്യോമസേന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിശദമായ സാങ്കേതിക പരിശോധനകള്‍ക്കായാണ് തേജസ് വിമാനങ്ങള്‍ താല്‍ക്കാലികമായി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.

തേജസിന് സമീപകാലത്തുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. 2024 മാര്‍ച്ച്: ജയ്സാല്‍മീറിന് സമീപം നടന്ന ആദ്യ അപകടത്തില്‍ പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടിരുന്നു. 2025 നവംബറില്‍ ദുബായ് എയര്‍ഷോയില്‍ നടന്ന അഭ്യാസപ്രകടനത്തിനിടെ വിമാനം തകര്‍ന്നു വീഴുകയും പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തു. ഇതിന്റെ അന്വേഷണം ഇപ്പോഴും നടക്കുകയാണ്.

തേജസ് നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്.എ.എല്‍.) ഈ പുതിയ സംഭവം കനത്ത തിരിച്ചടിയായിരിക്കുകയാണ്. വ്യോമസേനയ്ക്ക് കൈമാറേണ്ട 'തേജസ് മാര്‍ക്ക് 1 എ' പതിപ്പിന്റെ വിതരണം വൈകുന്നതിനിടെയാണ് ഈ അപകടം. എന്‍ജിനുകള്‍ നല്‍കുന്നതില്‍ അമേരിക്കന്‍ കമ്പനിയായ ജിഇ എയ്റോസ്പേസ് വരുത്തിയ കാലതാമസമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് എച്ച്.എ.എല്‍. നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News