ഷാജി എന്‍ കരുണും അടൂരും വളര്‍ത്തിയ ഐഎഫ്എഫ്കെ ഇപ്പോള്‍ വെറും ആള്‍ക്കൂട്ട മാമാങ്കം! ചെയര്‍മാന്‍ ഇല്ലെങ്കിലും മേള നടക്കും, ഉദ്യോഗസ്ഥര്‍ ഭരിക്കും; ആര്‍ട്ടിസ്റ്റിക് ഡയറക്ടറെ വെട്ടിയത് എന്തിന്? കേരളത്തിന്റെ അഭിമാന മേളയെ 'ലോക്കല്‍' ആക്കിയവര്‍ക്കെതിരായ ഡോ. ബിജുവിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു
ഷാജി എന്‍ കരുണും അടൂരും വളര്‍ത്തിയ ഐഎഫ്എഫ്കെ ഇപ്പോള്‍ വെറും ആള്‍ക്കൂട്ട മാമാങ്കം!
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്‌കാരിക മുഖമുദ്രയായ രാജ്യാന്തര ചലച്ചിത്ര മേള (IFFK) കേവലം ഒരു 'ഇവന്റ് മാനേജ്മെന്റ്' മാമാങ്കമായി മാറുകയാണോ? ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ പ്രേംകുമാറും സാംസ്‌കാരിക മന്ത്രിയും തമ്മിലുള്ള തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍, അക്കാദമിയുടെ അടിസ്ഥാന ദൗത്യത്തെക്കുറിച്ച് സംവിധായകന്‍ ഡോ. ബിജു പങ്കുവെച്ച കുറിപ്പ് ചലച്ചിത്ര മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
അന്തര്‍ദേശീയ നിലവാരത്തില്‍ നിന്നും ലോക്കല്‍ ഉത്സവത്തിലേക്ക്
തൃശ്ശൂര്‍ പൂരം പോലെ വര്‍ഷാവര്‍ഷം നടത്തുന്ന ഒരു ആഘോഷം എന്നതിനപ്പുറം, ഐഎഫ്എഫ്‌കെയെ അക്കാദമിക് ഗൗരവത്തോടെ സമീപിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. ഷാജി എന്‍. കരുണ്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ ലോകസിനിമയുമായി ആഴത്തില്‍ ബന്ധമുള്ളവര്‍ നയിച്ചിരുന്ന കാലത്ത് മേളയ്ക്കുണ്ടായിരുന്ന അന്താരാഷ്ട്ര വിശ്വാസ്യത ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
ചെയര്‍മാന്‍ സ്ഥാനത്തെ 'കച്ചവടവല്‍ക്കരണം'
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുഖ്യധാരാ കച്ചവട സിനിമയുടെ വക്താക്കളെയാണ് അക്കാദമിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നത്. ലോകത്തെ വിവിധ ചലച്ചിത്ര മേളകളെക്കുറിച്ചോ അവയുടെ ഭാവുകത്വത്തെക്കുറിച്ചോ ധാരണയില്ലാത്തവര്‍ ചെയര്‍മാന്‍മാരാകുമ്പോള്‍ മേളയുടെ ആത്മാവ് നഷ്ടപ്പെടുന്നു. ഇവര്‍ വെറും 'ആഘോഷ നടത്തിപ്പുകാര്‍' മാത്രമായി ഒതുങ്ങുന്നുവെന്നും ഡോ. ബിജു നിരീക്ഷിക്കുന്നു.
ആര്‍ട്ടിസ്റ്റിക് ഡയറക്ടറുടെ അഭാവവും കുറേറ്റോറിയല്‍ വീഴ്ചയും
മുമ്പ് ബീനാ പോള്‍ ഉള്‍പ്പെടെയുള്ളവര്‍ വഹിച്ചിരുന്ന 'ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍' എന്ന തസ്തിക ഇന്ന് അപ്രസക്തമായിരിക്കുന്നു. പകരം, അന്താരാഷ്ട്ര തലത്തില്‍ യാതൊരു ക്രെഡിബിലിറ്റിയും അവകാശപ്പെടാനില്ലാത്ത വിദേശ വനിതയെ ഫെസ്റ്റിവല്‍ കുറേറ്ററായി നിയമിച്ചത് മേളയുടെ സിനിമാ തിരഞ്ഞെടുപ്പിന്റെ ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥ ഭരണവും ഇവന്റ് മാനേജ്മെന്റും
ചെയര്‍മാന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും മേള പതിവുപോലെ നടന്നുപോകുന്ന അവസ്ഥയാണുള്ളത്. മുപ്പതു വര്‍ഷത്തെ പരിചയമുള്ള ഉദ്യോഗസ്ഥരും ഇവന്റ് മാനേജ്മെന്റ് ടീമും ചേര്‍ന്ന് കാര്യങ്ങള്‍ നീക്കുന്നു. ചെയര്‍മാന്‍ വെറും 'പുഞ്ചിരിക്കുന്ന മുഖം' മാത്രമായി മാറുന്നു. ഇത്തവണ മേളയുടെ അവസാന ദിവസം മാത്രം എത്തിയ ചെയര്‍മാന്‍ ഉണ്ടായതും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഫിയാഫ് (FIAPF) അക്രിഡിറ്റേഷനും അവഗണനയും
ലോകത്തെ മികച്ച 23 കോംപറ്റേറ്റീവ് സ്‌പെഷ്യലൈസ്ഡ് ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നാണ് ഐഎഫ്എഫ്‌കെ എന്ന വലിയ പ്രാധാന്യം പോലും പല ചെയര്‍മാന്‍മാരും തിരിച്ചറിയുന്നില്ല. വെറും ആള്‍ക്കൂട്ടം ഉണ്ടാക്കുന്നതിനപ്പുറം സിനിമയെ അക്കാദമിക് ആയി സമീപിക്കുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ദീര്‍ഘവീക്ഷണമില്ലാത്തത് വലിയ പോരായ്മയാണ്.
'അക്കാദമി അക്കാദമിക് ആയിരിക്കണം. അവിടെ അറിവും പരിചയവുമുള്ള ആളുകളെ വേണം നിയമിക്കാന്‍. മുപ്പതു വര്‍ഷമായിട്ടും കേരള ചലച്ചിത്ര മേള അന്താരാഷ്ട്ര ചലച്ചിത്ര ഭൂപടത്തില്‍ അര്‍ഹമായ ഇടം പിടിക്കാതെ പോകുന്നത് ഇതുകൊണ്ടാണ്.' ഡോ. ബിജു തന്റെ പോസ്റ്റില്‍ പറഞ്ഞു.
പ്രേംകുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയ രീതിയിലുള്ള മര്യാദകേടിനേക്കാള്‍ ഭീകരമാണ് അക്കാദമിയുടെ ലക്ഷ്യബോധമില്ലായ്മ എന്നാണ് കുറിപ്പില്‍ ഡോ.ബിജു പറയുന്നത്. ഭരണകാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എന്തിന് തിരക്കിട്ട് പുതിയ നിയമനം നടത്തിയെന്ന ചോദ്യം പ്രസക്തമാണ്. സിനിമയെ ഗൗരവമായി കാണുന്നവരും ലോകസിനിമയുമായി സംവദിക്കാന്‍ ശേഷിയുള്ളവരും അക്കാദമിയുടെ തലപ്പത്ത് വരാത്ത കാലത്തോളം ഐഎഫ്എഫ്‌കെ ഒരു കേവല വിനോദോത്സവമായി തുടരുമെന്നും ഡോ.ബിജു കുറിച്ചു.
ഡോ.ബിജുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രേംകുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയ രീതിയിലുള്ള മര്യാദകേടിനേക്കാള്‍ ഭീകരമാണ് അക്കാദമിയുടെ ലക്ഷ്യബോധമില്ലായ്മ എന്നാണ് കുറിപ്പില്‍ ഡോ.ബിജു പറയുന്നത്. ഭരണകാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എന്തിന് തിരക്കിട്ട് പുതിയ നിയമനം നടത്തിയെന്ന ചോദ്യം പ്രസക്തമാണ്. സിനിമയെ ഗൗരവമായി കാണുന്നവരും ലോകസിനിമയുമായി സംവദിക്കാന്‍ ശേഷിയുള്ളവരും അക്കാദമിയുടെ തലപ്പത്ത് വരാത്ത കാലത്തോളം ഐഎഫ്എഫ്‌കെ ഒരു കേവല വിനോദോത്സവമായി തുടരുമെന്നും ഡോ.ബിജു കുറിച്ചു.
ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ടു മുന്‍ ചെയര്‍മാന്‍ പ്രേം കുമാറിന്റെ ആരോപണവും സാംസ്‌കാരിക മന്ത്രിയുടെ മറുപടിയും ഒക്കെ വായിച്ചു. സത്യത്തില്‍ ചലച്ചിത്ര അക്കാദമിയുടെ നടത്തിപ്പും ഉദ്ദേശ ലക്ഷ്യങ്ങളും ഒക്കെ ഇപ്പോള്‍ ആരെങ്കിലും ഗൗരവം ആയി എടുക്കാറുണ്ടോ എന്നാണു ഞാന്‍ ആലോചിക്കുന്നത് . തൃശൂര്‍ പൂരം പോലെ ഒരു ചലച്ചിത്ര മേള വര്‍ഷാവര്‍ഷം നടത്തുക എന്നതിനപ്പുറം ചലച്ചിത്ര അക്കാദമിയെയോ ഐ എഫ് എഫ് കെ യെയോ അക്കാദമിക് ആയി സമീപിക്കുകയും അന്തര്‍ദേശീയ മേളകളുടെ തലത്തിലേക്കും നിലവാരത്തിലേക്കും ഐ എഫ് എഫ് കെ യെ ഉയര്‍ത്തുക എന്ന അടിസ്ഥാന ദൗത്യം എല്ലാവരും മറന്നു കഴിഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി അക്കാദമിയുടെ ചെയര്‍മാന്‍ ആയി നിയമിച്ചു പോരുന്നത് മുഖ്യധാരാ സിനിമയുടെ വക്താക്കളെ ആണ് . ലോകത്തെ വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളുമായി എന്തെങ്കിലും തരത്തിലുള്ള ധാരണ ഉള്ള ആളുകളെ അല്ല കേരളത്തിന്റെ ചലച്ചിത്ര മേളയുടെ നടത്തിപ്പിലേക്കായി ചെയര്‍മാന്‍ എന്ന നിലയില്‍ നിയമിച്ചു പോരുന്നത് . ഷാജി എന്‍ കരുണും , അടൂര്‍ ഗോപാലകൃഷ്ണനും , കെ ആര്‍ മോഹനനും ഒക്കെ ചെയര്‍മാന്‍മാര്‍ ആയിരുന്ന കാലയളവില്‍ ചലച്ചിത്ര മേളയെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് കച്ചവട സിനിമാ വക്താക്കള്‍ തലപ്പത്ത് എത്തിയതോടെ ഒരു ആഘോഷ മേള മാത്രം എന്ന നിലവാരത്തിലേക്ക് കൂപ്പു കുത്തുക ആയിരുന്നു ഐ എഫ് എഫ് കെ. അതുകൊണ്ടു തന്നെ കഴിഞ്ഞ കുറെ ഏറെ വര്‍ഷങ്ങളായി ഒരു ഇവന്റ് മാനേജ്മെന്റ് എന്ന നിലയിലാണ് ഐ എഫ് എഫ് കെ നടന്നു പോരുന്നത്.
ചെയര്‍മാന്‍ ആയി ആര് വന്നാലും ഇല്ലെങ്കിലും സാധാരണ നിലയില്‍ ഓടി പോകുന്ന ഒരു ഇവന്റ് മാനേജ്മെന്റ് എന്നതിനപ്പുറം ഒന്നുമല്ല ഇന്ന് ഐ എഫ് എഫ് കെ. രഞ്ജിത്ത് ആയാലും പ്രേം കുമാര്‍ ആയാലും കാര്യങ്ങള്‍ മുറ പോലെ നടത്തുന്നത് പതിവ് പോലെ ജോലി ചെയ്യുന്ന ഒരു പറ്റം ഉദ്യോഗസ്ഥരും ഇവന്റ് മാനേജ്മെന്റ് ആളുകളും ആണ് . അതുകൊണ്ടാണല്ലോ ഇത്തവണ മേളയുടെ അവസാന ദിവസം മാത്രം എത്തുന്ന ഒരു ചെയര്‍മാന്‍ ഉണ്ടായിട്ടും മേള പതിവ് പോലെ തന്നെ നടന്നു പോയത് . ഇനി ചെയര്‍മാന്‍ ഇല്ലെങ്കിലും ഇതുപോലെ ഒക്കെ മേള അങ്ങ് നടന്നു പോകും എന്നതില്‍ തര്‍ക്കമില്ല.
മുപ്പതു വര്‍ഷമായി നടത്തുന്ന പരിചയം വെച്ച് ഉദ്യോഗസ്ഥര്‍ അതൊക്കെ അങ്ങ് മാനേജ് ചെയ്തു കൊണ്ട് പോകും . ഇതിനിടെ അതാത് സമയത്തെ ചെയര്‍മാന്‍മാര്‍ മേള നടക്കുന്ന സമയത്തു ആളുകളോട് ചിരിച്ചു കാണിക്കുകയും മര്യാദയോടെ പെരുമാറുകയും ചെയ്താല്‍ അവരെപ്പറ്റി പൊതുജനങ്ങളില്‍ ഒരു മതിപ്പ് തോന്നും. നല്ല പോലെ ഇടപെടുന്ന ഒരാള്‍ എന്ന വിശേഷണവും കിട്ടും . മേള നടക്കുന്ന സമയത്തു ജനങ്ങളോട് അധികാര ഭാവം പ്രകടിപ്പിച്ചാല്‍ മോശം പേര് കിട്ടുകയും ചെയ്യും .മേള നടക്കുമ്പോള്‍ നടത്തിപ്പുകാരന്റെ ചുമതലയോടെ നടക്കുക എന്നതിനപ്പുറം കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയെ കൂടുതല്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് എന്ത് ക്രിയാത്മകമായ സംഭാവനകള്‍ ആണ് കഴിഞ്ഞ കുറെ ചെയര്‍മാന്‍മാര്‍മാര്‍ നല്‍കിയത് എന്നത് കൂടി പരിശോധിക്കേണ്ടത് അല്ലേ.
അങ്ങനെ എന്തെങ്കിലും ക്രിയാത്മക സംഭാവനകള്‍ അവര്‍ക്ക് നല്‍കാന്‍ കഴിയാതിരുന്നതിനും ചലച്ചിത്ര മേളയെ പുതിയ കാലത്തിലെ ലോക ചലച്ചിത്ര മേളകളുടെ രീതികളിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കാതിരുന്നതിലും അവരെ കുറ്റം പറയാനും സാധിക്കില്ല . കാരണം അന്താരാഷ്ട്ര ചലച്ചിത്ര മേളകളെ പറ്റിയോ അതിന്റെ ഭാവുകത്വങ്ങളെ പറ്റിയോ നിലവാരത്തെപ്പറ്റിയോ ഒന്നും തന്നെ ഏതെങ്കിലും തരത്തിലുള്ള അനുഭവ പരിചയമോ ധാരണകളോ ഉള്ള ആളുകള്‍ അല്ല അവര്‍. അവരുടെ പ്രവര്‍ത്തന മേഖലയും അതല്ല . അതുകൊണ്ടുതന്നെ ഒരു ആഘോഷത്തിന്റെ ലോക്കല്‍ നടത്തിപ്പുകാര്‍ എന്ന നിലയില്‍ മാത്രമാണ് അവര്‍ക്ക് ഐ എഫ് എഫ് കെ യില്‍ ഇടപെടാന്‍ സാധിക്കുന്നത് .
ചലച്ചിത്ര മേളകളെ കുറിച്ച് അവഗാഹമുള്ള അനുഭവ പരിജ്ഞാനം ഉള്ള ക്രിയാത്മക കാഴ്ചപ്പാടുകള്‍ ഉള്ള ആളുകളെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്കു നിയോഗിക്കുവാനുള്ള ദീര്‍ഘ വീക്ഷണം സര്‍ക്കാരിന് ഇല്ലാതെ പോയതാണ് നമ്മുടെ ചലച്ചിത്ര മേളയുടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ നിലവാര തകര്‍ച്ചയുടെ അടിസ്ഥാന കാരണം . യോഗ്യരായ ചെയര്‍മാന്മാരെ നിയോഗിച്ചില്ല എന്നത് മാത്രമല്ല കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ആയി ഐ എഫ് എഫ് കെ യ്ക്ക് ഒരു ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഇല്ല എന്നതും നമുക്കൊരു വിഷയമേ അല്ല. മുന്‍പ് ബീനാ പോളും, ദീപികാ സുശീലനും ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ലോക സിനിമകളുടെ തിരഞ്ഞെടുപ്പും കുറേറ്റീവ് പാക്കേജുകളും,
ഉള്‍പ്പെടെ നിലവാരമുള്ള തരത്തില്‍ മേളയെ നിലനിര്‍ത്താന്‍ ലോക ചലച്ചിത്ര മേളകളുമായി ബന്ധപ്പെട്ട അവരുടെ അന്താരാഷ്ട്ര പരിചയങ്ങള്‍ സഹായിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഇല്ല എന്നത് മാത്രമല്ല ലോകത്തെ ഒരു ചലച്ചിത്ര മേളയില്‍ പോലും പ്രവര്‍ത്തിച്ചു പരിചയം ഇല്ലാത്ത യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഒരു വിദേശ വനിതയെ ആണ് അക്കാദമിയുടെ ഫെസ്റ്റിവല്‍ കുറേറ്റര്‍ ആയി കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി നിയമിച്ചിരിക്കുന്നത്.
അക്കാദമി അക്കാദമിക് ആയിരിക്കണം ആ വിഷയത്തില്‍ അക്കാദമിക് ആയിത്തന്നെ അറിവും പരിചയവും ഉള്ള ആളുകളെ വേണം ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടത് . അത് കേരളത്തില്‍ നിന്നായാലും, ഇന്ത്യയില്‍ നിന്നായാലും , ലോകത്തെ മറ്റു രാജ്യങ്ങളില്‍ നിന്നായാലും യോഗ്യരായ ആളുകളെ കണ്ടെത്തി തന്നെ നിയോഗിക്കണം. കുറെ സിനിമകള്‍ കാണിക്കുകയും ആള്‍ക്കൂട്ടം ഉണ്ടാക്കുകയും ചെയ്യുന്നത് മാത്രമല്ല ചലച്ചിത്ര മേള കൊണ്ട് ലക്ഷ്യമിടുന്നത്. ഇതൊന്നും മനസ്സിലാകാതെ പോകുന്നത് കൊണ്ടാണ് മുപ്പത് വര്‍ഷം ആയിട്ടും കേരള ചലച്ചിത്ര മേള കേരളത്തിന്റെ തൃശൂര്‍ പൂരം പോലെയുള്ള ഒരു കേവല ഉത്സവം എന്നതിനപ്പുറം അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ ലോക ഭൂപടത്തില്‍ ഇപ്പോളും ഇടം പിടിക്കാതെ പോകുന്നത് .
FIAPF ന്റെ അക്രിഡിറ്റേഷന്‍ ഉള്ള കോമ്പറ്റേറ്റീവ് സ്‌പെഷ്യലൈസ്ഡ് ഫീച്ചര്‍ ഫിലിം ഫെസ്റ്റിവലിന്റെ കാറ്റഗറിയില്‍ ലോകത്തെ 23 ചലച്ചിത്ര മേളകളില്‍ ഉള്‍പ്പെട്ട ഒന്നാണ് ഐ എഫ് എഫ് കെ എന്ന പ്രാധാന്യം പോലും കഴിഞ്ഞ കുറെ ചെയര്‍മാന്മാരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവാന്‍ ഇടയില്ല .
പ്രേം കുമാറിന്റെ കാര്യത്തില്‍ വൈസ് ചെയര്‍മാന്‍ ആയിരുന്ന അദ്ദേഹത്തിന് ചെയര്‍മാന്‍ രഞ്ജിത്ത് രാജി വെച്ചപ്പോള്‍ താല്‍ക്കാലിക ചുമതല ആണ് നല്‍കിയിരുന്നത് എന്നാണു മനസ്സിലാകുന്നത് . ആ സ്ഥാനത്തു നിന്നും നീക്കുമ്പോള്‍ തീര്‍ച്ചയായും അദ്ദേഹത്തെ അത് മുന്‍കൂട്ടി അറിയിക്കുക എന്നതാണ് സുജന മര്യാദ . അതുണ്ടായില്ലെങ്കില്‍ അത് ശരിയായ ഒരു രീതി അല്ല . മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം മുന്നിലുള്ളപ്പോള്‍ തിരക്കിട്ടു മറ്റൊരു ചെയര്‍മാനെ നിയോഗിക്കേണ്ട ആവശ്യം ഉണ്ടായിരുന്നുമില്ല . പ്രത്യേകിച്ചും പുതിയ ചെയര്‍മാന്‍ തിരക്ക് മൂലം വല്ലപ്പോഴും മാത്രം വരുന്ന ഒരാള്‍ കൂടി ആകുമ്പോള്‍ അങ്ങനെ ഒരാളെ തിരക്കിട്ടു നിയമിച്ചത് എന്തിനായിരുന്നു എന്നതും മനസ്സിലാകുന്നില്ല . ഓരോ അക്കാദമിയുടെയും പര്‍പ്പസ് അറിഞ്ഞു അതുമായി ബന്ധപ്പെട്ട അനുഭവ സമ്പത്തുള്ള ആളുകളെ ചെയര്‍മാന്‍മാരായി നിയോഗിക്കുവാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ഇനി എന്നാണു സാധിക്കുക .
