മോണ്‍സണ്‍ മാവുങ്കല്‍ കേസിന് പിന്നാലെ സസ്‌പെന്‍ഷന്‍; ഐ.ജി. ലക്ഷ്മണ്‍ വീണ്ടും സര്‍വീസിലേക്ക്; ട്രെയ്‌നിങ് വിഭാഗം ഐജിയായി പുനര്‍നിയമനം

ഐ.ജി. ലക്ഷ്മണ്‍ വീണ്ടും സര്‍വീസിലേക്ക്; ട്രെയ്‌നിങ് വിഭാഗം ഐജിയായി പുനര്‍നിയമനം

Update: 2024-09-05 17:48 GMT

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട വഞ്ചന കേസില്‍ ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന ഐജി ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു. 360 ദിവസത്തെ സസ്‌പെന്‍ഷന് ശേഷമാണ് ലക്ഷ്മണ്‍ സര്‍വീസില്‍ തിരിച്ചെത്തുന്നത്. മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിയാണ് ഐ.ജി. ലക്ഷ്മണ്‍. ട്രെയിനിങ് ഐ.ജി. ആയാണ് പുനര്‍നിയമനം.

കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണു 360 ദിവസത്തെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു ലക്ഷ്മണയെ തിരിച്ചെടുത്തത്. അന്വേഷണം അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചെടുക്കാമെന്നു സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ്‍ തെലങ്കാന സ്വദേശിയാണ്.

മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. പരാതിക്കാരില്‍നിന്ന് മോന്‍സന്‍ തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ ഡിഐജി എസ്.സുരേന്ദ്രന്‍, ഐജി ലക്ഷ്മണ എന്നിവരെ ഉള്‍പ്പെടുത്തിയാണു കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിനു തെളിവില്ലെന്നാണു കോടതിയെ അറിയിച്ചത്.

മോന്‍സന്റെ ഇടപാടുകളില്‍ ലക്ഷ്മണ്‍ നേരിട്ടു പങ്കാളിയായതോടെയാണു കേസില്‍ പ്രതിയായത്. ഗള്‍ഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കള്‍ വിറ്റതിനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി മോന്‍സന്‍ പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിന്‍വലിക്കാനുള്ള തടസ്സം മാറ്റാനായി പലപ്പോഴായി 10 കോടി രൂപ വാങ്ങിയെന്നാണു പരാതി. മോന്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നു 2021 നവംബറില്‍ ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തു. 2023 ഫെബ്രുവരിയില്‍ തിരിച്ചെടുത്തു. സെപ്റ്റംബറില്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു.

Tags:    

Similar News