അകല്‍ച്ച മാറി, ഇനി നല്ല അയല്‍ക്കാര്‍! കൈലാസ- മാനസസരോവര്‍ യാത്ര പുനരാരംഭിക്കും; നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും; ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കും; നിര്‍ണായക വിഷയങ്ങളില്‍ ഇന്ത്യ-ചൈന സെക്രട്ടറിതല ചര്‍ച്ചയില്‍ ധാരണ

നിര്‍ണായക വിഷയങ്ങളില്‍ ഇന്ത്യ-ചൈന സെക്രട്ടറിതല ചര്‍ച്ചയില്‍ ധാരണ

Update: 2025-01-27 16:02 GMT

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ സംഘര്‍ഷ സാഹചര്യത്തില്‍ മുടങ്ങിക്കിടന്ന കൈലാസ- മാനസസരോവര്‍ യാത്ര പുനരാരംഭിക്കാനും ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനും ഇന്ത്യ- ചൈന നിര്‍ണായക ചര്‍ച്ചയില്‍ ധാരണ. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ സെക്രട്ടറിതല ചര്‍ച്ചയിലാണ് യാത്ര പുനരാരംഭിക്കാന്‍ തീരുമാനമായത്. യാത്രയുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകള്‍ പ്രകാരമുള്ള രീതികള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമായി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ ചൈനീസ് സന്ദര്‍ശനത്തിലാണ് കൈലാസയാത്രയുടെ കാര്യത്തില്‍ തീരുമാനമുണ്ടായത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി മിസ്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അന്ന് ചര്‍ച്ചയില്‍ വന്നിരുന്നു. ഇരുരാജ്യങ്ങളിലേയും ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഉഭയകക്ഷി സഹകരണത്തിലൂടെ മാത്രമേ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനാകുവെന്ന് അന്നത്തെ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും സമ്മതിച്ചിരുന്നു. ഇതിന്റെ ബാക്കിയായാണ് ഇപ്പോള്‍ കൈലാസ- മാനസ സരോവര്‍ യാത്രയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിലേക്കെത്തിയത്.

2020-ലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്ര നിര്‍ത്തിവെച്ചിരുന്നു. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷവും അതേതുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തതോടെ യാത്ര പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ ശാന്തമായി ഇരുരാജ്യങ്ങളും സേനയെ പിന്‍വലിച്ചതോടെയാണ് നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള മറ്റുനടപടികളിലേക്ക് കടന്നത്.

നിലവിലുള്ള കരാറുകള്‍ പ്രകാരമാണ് വിമാന സര്‍വീസും മാനസരോവര്‍ യാത്രയും വീണ്ടും ആരംഭിക്കുന്നതെന്നും നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്രപരമായ വിവരങ്ങളും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്ധ തല യോഗം ചേരാനും ചൈന സമ്മതിച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഇരു രാജ്യങ്ങളും തത്വത്തില്‍ സമ്മതിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയായി. ചര്‍ച്ചകള്‍ പടിപടിയായി പുനരാരംഭിക്കുന്നതിനും മുന്‍ഗണനാ മേഖലകളെ അഭിസംബോധന ചെയ്യാനും ധാരണയായി. സാമ്പത്തിക, വ്യാപാര മേഖലകളിലെ പ്രത്യേക ആശങ്കകളും ചര്‍ച്ച ചെയ്തു.

യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) സൈനികരെ പിരിച്ചുവിട്ടതിനുശേഷം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അതിര്‍ത്തി പ്രശ്നത്തില്‍ പ്രത്യേക പ്രതിനിധികളുടെയും മുതിര്‍ന്ന നയതന്ത്രജ്ഞരുടെയും യോഗം ഉടന്‍ വിളിക്കാന്‍ റിയോ ഡി ജനീറോയില്‍ നടന്ന ജി 20 ഉച്ചകോടിയിലാണ് തീരുമാനമായത്.

Tags:    

Similar News