ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്ന് പാഠം പഠിക്കാതെ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ സൈനിക നീക്കം; ഇന്നലെ അര്‍ദ്ധരാത്രിയും ഇന്നുപുലര്‍ച്ചെയുമായി ഇന്ത്യന്‍ നഗരങ്ങളെ ലാക്കാക്കി ഡ്രോണ്‍ മിസൈല്‍ ആക്രമണശ്രമം; ലക്ഷ്യം വച്ചത് 15 സൈനിക കേന്ദ്രങ്ങളെ; ആക്രമണ ശ്രമങ്ങളെ തുടക്കത്തിലെ നുള്ളിയെറിഞ്ഞ് ഇന്ത്യന്‍ സേന; ലാഹോറിലേതടക്കം പാക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത് ശക്തമായ തിരിച്ചടി
ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ സൈനിക നീക്കം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് തിരിച്ചടി നല്‍കാനുള്ള പാക്കിസ്ഥാന്റെ സൈനിക നീക്കം ഇന്ത്യ പരാജയപ്പെടുത്തി. ഇന്നലെ അര്‍ദ്ധരാത്രിയും ഇന്നുപുലര്‍ച്ചെയുമായിരുന്നു രാജ്യത്തിന്റെ വടക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാക് സൈനിക നീക്കം. ഈ ആക്രമണ ശ്രമം ഇന്ത്യ ശക്തമായി ചെറുത്തു. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു.
പാക് ആക്രണശ്രമത്തിന് തിരിച്ചടിയായി ലാഹോറില്‍ അടക്കം നിരവധി സ്ഥലങ്ങളില്‍ പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ റഡാറുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ശ്രീനഗര്‍, പത്താന്‍കോട്ട്, അമൃത്സര്‍, ലുധിയാന, ചണ്ഡിഗഡ് തുടങ്ങിയ 15 കേന്ദ്രങ്ങളിലാണ് പാക് സേന ആക്രമണത്തിന് മുതിര്‍ന്നത്. ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടുള്ള ആക്രമണം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കി. ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളെ തകര്‍ത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണം ഇങ്ങനെ
ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിണ്ഡ, ഛണ്ഡിഗഡ്, നാല്‍, ഫലോഡി, ഉത്തര്‍ലായ്, ഭുജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളാണ് പാക്കിസ്ഥാന്‍ ലക്ഷ്യം വച്ചത്. ഡ്രോണുകളും മിസൈലുകളുമാണ് തൊടുത്തുവിട്ടത്. യുഎഎസ് ഗ്രിഡ്, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ ഈ ആക്രമണശ്രമങ്ങളെ നിര്‍വീര്യമാക്കി. പാക്കിസ്ഥാന്‍ അയച്ച മിസൈസുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ വിവിധയിടങ്ങളില്‍ നിന്നായി കണ്ടെടുത്തിട്ടുണ്ട്.
ഇന്നുപുലര്‍ച്ചെ പാക്കിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യോമപ്രതിരോധ റഡാറുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സേന പ്രത്യാക്രമണം നടത്തി.പാക് ആക്രമണത്തിന്റെ അതേ തീവ്രതയോടെയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ നിര്‍വീര്യമാക്കിയെന്നും പിഐബിയുടെ കുറിപ്പില്‍ പറഞ്ഞു.
നിയന്ത്രണരേഖയില്‍ ഉടനീളം പ്രകോപനമൊന്നുമില്ലാതെ പാക് സേന മോര്‍ട്ടാര്‍ ആക്രമണം തുടരുകയാണ്. ജമ്മു-കശ്മീരിലെ കുപ് വാര, ബാരമുള്ള, ഉറി, പൂഞ്ച് മെന്ദര്‍, രജൗറി, എന്നിവിടങ്ങളില്‍ ശക്തമായ വെടിവെപ്പ് തുടരുകയാണ്. മൂന്നുസ്ത്രീകളും അഞ്ചുകുട്ടികളും അടക്കം 16 വിലപ്പെട്ട ജീവനുകള്‍ നഷ്ടമായി. പാക് വെടിവെപ്പിന് ശക്തമായ തിരിച്ചടി നല്‍കാതെ നിര്‍വ്വാഹമുണ്ടായില്ല. സംഘര്‍ഷം കൂടൂതല്‍ വഷളാക്കാന്‍ ഇന്ത്യന്‍ സേന ആഗ്രഹിക്കുന്നില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
പാക് സൈനിക കേന്ദ്രങ്ങളല്ല ലക്ഷ്യമിട്ടതെന്നും ഭീകരരുടെ കേന്ദ്രങ്ങളായിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. ലഷ്‌കര്‍, ജയ്ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ ഒരു കേന്ദ്രത്തെയും ആക്രമിച്ചിട്ടില്ല. ലക്ഷ്യം തെരഞ്ഞെടുക്കുന്നതിലും ആക്രമണം നടത്തുന്നതിലും ഇന്ത്യ സംയമനം പാലിച്ചു. പാക് അധീന കശ്മീരിലടക്കം ഒമ്പതു ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രണം അഴിച്ചുവിട്ടത്. എന്നാല്‍, ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനാണ് പാക്കിസ്ഥാന്‍ മുതിര്‍ന്നത്.