പഹല്‍ഗാം ഭീകരാക്രമണം; പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നതിന് വിശ്വസനീയ തെളിവുകള്‍ ലഭിച്ചതായി ഇന്ത്യ; ഭീകരരില്‍ ചിലരെ ഇന്ത്യക്കുള്ളില്‍ നിന്ന് പിടികൂടിയതായി റിപ്പോര്‍ട്ട്; ഇന്ത്യന്‍ ലക്ഷ്യം പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുക; ലോകനേതാക്കളെ വിവരം ധരിപ്പിച്ചു; 14 പ്രാദേശിക ഭീകരരുടെ പട്ടിക പുറത്ത്
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്താനുമായി ബന്ധമുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ സാങ്കേതിക തെളിവുകളും ദൃക്‌സാക്ഷികളുടെ മൊഴികളും ഇന്ത്യ അടിവരച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി വിദേശകാര്യമന്ത്രാലയം വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി 13 രാജ്യങ്ങളിലെ നേതാക്കളുമായി നേരിട്ട് ഫോണില്‍ ആശയവിനിമയം നടത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ നേതൃത്വത്തില്‍ 30 അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തി.
ഭീകരവാദികളുടെ ഇലക്ട്രോണിക് ഒപ്പുകള്‍ പാക്കിസ്താനിലെ രണ്ട് കേന്ദ്രങ്ങളില്‍നിന്ന് കണ്ടെത്തിയതായും ഭീകരരില്‍ ചിലരെ ഇന്ത്യക്കുള്ളില്‍ പിടികൂടിയതായും റിപ്പോര്‍ട്ട് പറയുന്നു. ഇവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്.
പാക്കിസ്താനു നേരെ അന്താരാഷ്ട്ര സമ്മര്‍ദം വര്‍ധിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും നന്ദി അറിയിച്ചു. ഇന്ത്യ സുരക്ഷിതമാണെന്നും വിദേശ വിനോദസഞ്ചാരികളെ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
ജമ്മു കശ്മീരില്‍ സജീവമായ 14 പ്രാദേശിക ഭീകരരുടേയും പട്ടിക ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തിറക്കി. 20 മുതല്‍ 40 വയസു വരെ പ്രായമുള്ളവരാണിവര്‍. മൂന്നുപേര്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി, എട്ടുപേര്‍ ലഷ്‌കറെ തൊയ്ബയുമായി, മൂന്നുപേര്‍ ജയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ്. പാകിസ്താനില്‍നിന്നുള്ള ഭീകരര്‍ക്ക് ഇവര്‍ പ്രാദേശിക സഹായം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ലഷ്‌കറെ തൊയ്ബയുടെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്ന ടിആര്‍എഫ്, താഴ്വരയില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിലപാട് മാറ്റുകയായിരുന്നു. 'ഇത് സംഘടിത സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണ്. കശ്മീരി ചെറുത്തുനില്‍പ്പിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്.' ടിആര്‍എഫ് പ്രസ്താവനയില്‍ ആരോപിച്ചു.