പുറത്തിറങ്ങിയാൽ കണ്ണുകളിൽ പുകച്ചിലാണ്; കൂടുതലും വീട്ടിലാണ് സമയം ചിലവഴിക്കുന്നത്; ഞാൻ പോവാണ്..എനിക്ക് ഇനി ഇവിടെ ഒട്ടും പറ്റില്ല..!!; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് കാനഡയിൽ തന്നെ തിരിച്ചുപറന്ന് ഇന്ത്യൻ യുവാവ്; ഇനി അവരുടെ വായിലിരിക്കുന്നത് പോയി കേൾക്കൂ എന്ന് കമെന്റുകൾ

Update: 2025-09-20 12:05 GMT

നവ്സാരി: കാനഡയിൽ നിന്ന് ഒരു വർഷം മുൻപ് ഗുജറാത്തിലെ സ്വന്തം നാടായ നവ്സാരിയിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ യുവാവ്, രാജ്യത്തെ ജീവിത സാഹചര്യം കാരണം തിരികെ കാനഡയിലേക്ക് മടങ്ങുന്നുവെന്ന് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചയായിരിക്കുകയാണ്. റെഡിറ്റിലാണ് യുവാവ് തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

കഴിഞ്ഞ ഒരു വർഷത്തോളമായി ഇന്ത്യയിലെ ദൈനംദിന ജീവിതത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകളാണ് തിരികെ പോകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് യുവാവ് പറയുന്നു. മാതാപിതാക്കളോടൊപ്പം താമസിക്കാനാണ് താൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. എന്നാൽ, ഇന്ത്യ തനിക്ക് അനുയോജ്യമായ സ്ഥലമല്ലെന്ന് പല അനുഭവങ്ങളിലൂടെയും ബോധ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

വായുവിൻ്റെ ഗുണനിലവാരം പ്രധാന പ്രശ്നമായി യുവാവ് ചൂണ്ടിക്കാണിക്കുന്നു. ഇത് കണ്ണുകളിൽ തുടർച്ചയായി അസ്വസ്ഥതയുണ്ടാക്കുന്നെന്നും വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതനാകുന്നെന്നും അദ്ദേഹം കുറിച്ചു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഗുണനിലവാരമില്ലാത്തതും ശുചിത്വമില്ലാത്തതുമായ ഭക്ഷണമാണ് പലപ്പോഴും ലഭിക്കുന്നതെന്നും യുവാവ് പരാതിപ്പെട്ടു. മോശം റോഡുകൾ, അശ്രദ്ധമായ ഡ്രൈവിംഗ്, നിരന്തരമായ റോഡ് റേജുകൾ എന്നിവ കാരണം യാത്രയും ദുസ്സഹമായി തോന്നിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്സവങ്ങളിലെ അമിതമായ ശബ്ദം, രാഷ്ട്രീയ പിരിമുറുക്കങ്ങൾ, ജാതിപരമായ പ്രശ്നങ്ങൾ, അമിതമായ മത്സരബുദ്ധി എന്നിവയും യുവാവ് ചൂണ്ടിക്കാട്ടി. യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം, ചൂതാട്ടം, ഉയർന്ന വിദ്യാഭ്യാസ ചെലവുകൾ, ലഭിക്കുന്ന സേവനങ്ങൾക്ക് അനുസരിച്ചല്ലാത്ത നികുതി എന്നിവയും അദ്ദേഹത്തിൻ്റെ ആശങ്കകളാണ്.

ഈ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടി. മലിനീകരണം, ഗതാഗതക്കുരുക്ക്, ശുചിത്വമില്ലായ്മ, വർധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകൾ എന്നിവ തങ്ങളുടെ ജീവിതത്തെയും ബാധിച്ചതായി നിരവധി പേർ അഭിപ്രായപ്പെട്ടു. പലരും യുവാവിൻ്റെ തീരുമാനത്തെ പിന്തുണച്ചപ്പോൾ, വ്യക്തിപരമായ അഭിപ്രായങ്ങളുടെ പേരിൽ സ്വന്തം നാടിനെ തള്ളിപ്പറയുന്നത് ശരിയല്ലെന്നും ചിലർ പ്രതികരിച്ചു. ഈ വിഷയത്തിൽ തുടരുന്ന ചർച്ചകൾ ഇന്ത്യയിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള സംവാദങ്ങൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്.

Tags:    

Similar News