ട്രംപിന്റെയും മാര്‍ക്കോ റൂബിയോയുടെയും അവകാശവാദം തള്ളി ഇന്ത്യ; ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇടപെടലില്ല; ആദ്യം ഇങ്ങോട്ട് വിളിച്ചത് പാക് ഡിജിഎംഒ; വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത് 5 മണിക്ക്; തര്‍ക്ക വിഷയങ്ങളില്‍ ഇപ്പോള്‍ തുടര്‍ ചര്‍ച്ചയില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി; ഭീകരവാദത്തിന് എതിരായ ശക്തമായ നിലപാട് തുടരുമെന്ന് എസ് ജയശങ്കര്‍

ട്രംപിന്റെയും മാര്‍ക്കോ റൂബിയോയുടെയും അവകാശവാദം തള്ളി ഇന്ത്യ

Update: 2025-05-10 13:03 GMT

ന്യൂഡല്‍ഹി: ഡൊണള്‍ഡ് ട്രംപ് അവകാശപ്പെട്ടത് പോലെ അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല പാക്കിസ്ഥാനുമായി വെടിനിര്‍ത്തലിന് ഇന്ത്യ തയ്യാറായതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാനാണ് ആദ്യം വിളിച്ചത്. പാക് ഡിജിഎംഒ ആണ് ഇന്ത്യന്‍ ഡിജിഎംഒയെ ബന്ധപ്പെട്ടത്. ഡിജിഎംഒ തലത്തില്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തിയത്. വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചത്.

പാക്ക് ഡിജിഎംഒ ഇങ്ങോട്ട് ബന്ധപ്പെട്ടത് 3.35നാണ്. ശനിയാഴ്ച വൈകുന്നരം അഞ്ചുമുതലാണ് കരയിലും കടലിലും ആകാശത്തും കൂടിയുള്ള എല്ലാ വെടിവെപ്പും സൈനിക നടപടിയും അവസാനിപ്പിക്കാനും തീരുമാനിച്ചത് എന്ന് വിക്രം മിസ്രി അറിയിച്ചു. ഒരു മൂന്നാം കക്ഷിയുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അര്‍ഥശങ്കയില്ലാത്ത വിധം ഇന്ത്യ വ്യക്തമാക്കി. ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയില്‍ തുടര്‍ ചര്‍ച്ചയെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുടെ പ്രസ്താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടര്‍ ചര്‍ച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇരുപക്ഷവും ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ മെയ് 12 ന് വീണ്ടും ചര്‍ച്ച നടത്തും.


ഇതോടെ, ട്രംപിന്റെയും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെയും അവകാശവാദം പൊളിയുകയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അടിയന്തരമായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ ട്വീറ്റ് ചെയ്തിരുന്നു. ഒരു രാത്രി മുഴുവന്‍ നീണ്ട അമേരിക്കയുടെ മധ്യസ്ഥ ശ്രമത്തിന് ശേഷമാണ് ധാരണയായതെന്ന് ട്രംപ് സോഷ്യലില്‍ കുറിച്ചു. സാമാന്യ ബുദ്ധി കാണിച്ച ഇരുരാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങളെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ്.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി സംസാരിച്ച് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാക് സൈനികമേധാവി അസിം മുനീറുമായി ഫോണില്‍ സംസാരിച്ച ശേഷം മാര്‍ക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ടു. ഇരുരാജ്യങ്ങളും ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും, ആശയവിനിമയം പുനസ്ഥാപിക്കണമെന്നും ചര്‍ച്ചകള്‍ക്ക് യുഎസ് പിന്തുണ നല്‍കുമെന്നും റൂബിയോ പറഞ്ഞു.


ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും, വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും, വിദേശ കാര്യ സെക്രട്ടറിയുമായും വെടിനിര്‍ത്തല്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും, വെടിനിര്‍ത്തല്‍ ഇന്ത്യയുടെ സ്വന്തം ഉപാധികളുടെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്. 'ഭീകരവാദത്തിന് എതിരെ ഇന്ത്യ ഉറച്ച നിലപാട് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുണ്ട്. അതിനിയും തുടരും, എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ഇന്ത്യക്ക് എതിരായ ഏതുഭീകരാക്രമണവും യുദ്ധമായി കണക്കാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. യുദ്ധമായി കണക്കാക്കി ആയിരിക്കും പ്രതികരണം. പാക്കിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നല്‍കിയത്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും, സൈനിക മേധാവിമാരും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News