പാക്കിസ്ഥാന്റെ കൊടും ചതി വീണ്ടും! വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു കൊണ്ട് വീണ്ടും അതിര്‍ത്തി കടന്ന് ഡ്രോണ്‍ ആക്രമണം; ശ്രീനഗറിലും അനന്ത്‌നാഗിലും ഉധംപൂരിലും സ്‌ഫോടന ശബ്ദങ്ങള്‍; പലയിടത്തും എയര്‍ റെയ്ഡ് സൈറണുകള്‍ മുഴങ്ങി; നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും കനത്ത ഷെല്ലാക്രമണം; എന്താണ് വെടിനിര്‍ത്തലിന് സംഭവിച്ചതെന്ന എക്‌സ് പോസ്റ്റുമായി ഒമര്‍ അബ്ദുള്ള

പാക്കിസ്ഥാന്റെ കൊടും ചതി വീണ്ടും!

Update: 2025-05-10 16:07 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന ആശങ്കയ്ക്ക് ഉത്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. വെടിനിര്‍ത്തലിന് ധാരണയായി മണിക്കൂറുകള്‍ക്കകം പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഡ്രോണുകള്‍ തൊടുത്തുവിട്ടു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെ ചെറുത്തതായാണ് റിപ്പോര്‍ട്ട്. ശ്രീനഗറിലും ജമ്മുവിലും പലയിടത്തുനിന്നും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. ജമ്മു-കശ്മീരിലെ ഉധംപൂരില്‍ പൊടുന്നനെ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തി. ശ്രീനഗറിലും അനന്ത് നാഗിലും ഡ്രോണുകള്‍ എത്തി. ഉധംപൂരിലും ഡ്രോണ്‍ ആക്രമണം ഉണ്ടായി.

എന്താണ് വെടിനിര്‍ത്തലിന് സംഭവിച്ചതെന്ന് ഒമര്‍ അബ്ദുള്ള?

എന്താണ് വെടിനിര്‍ത്തലിന് സംഭവിച്ചതെന്ന എക്‌സ് പോസ്റ്റുമായി ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്നാണ് ഒമര്‍ അബ്ദുളളയുടെ ട്വീറ്റ്. നഗരത്തില്‍ പല സ്‌ഫോടനങ്ങള്‍ കേള്‍ക്കുകയും ആളുകള്‍ പരിഭ്രാന്തരാവുകയും ചെയ്തതോടെയാണ് അബ്ദുള്ളയുടെ കുറിപ്പ് വന്നത്.


രാജസ്ഥാനിലെ ബാര്‍മറിലും പൂര്‍ണമായ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തി. നിയന്ത്രണ രേഖയിലും, അന്താരാഷ്ട്ര അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഇതിനെതിരെ ശക്തമായ തിരിച്ചടി ബിഎസ്എഫ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉടനീളം അഖ്‌നൂര്‍, രജൗറി, ആര്‍എസ് പുര മേഖലകളില്‍ പാക്കിസ്ഥാന്‍ സൈന്യം കനത്ത ഷെല്ലാക്രമണം നടത്തി. ജമ്മുവിലെ പാലന്‍വാലയിലും വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായി.

ബാരാമുളളയില്‍ ഒരുഡ്രോണ്‍ വെടിവച്ചിട്ടു. സംശയകരമായ ആളില്ലാത്ത വ്യോമ വാഹനങ്ങളും പ്രത്യക്ഷപ്പെട്ടു. ബാരാമുളളയിലും ശ്രീനഗറിലും ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തി. ജമ്മുവിലെ സാംബ ജില്ലയില്‍ എയര്‍ റെയ്ഡ് സൈറണ്‍ മുഴങ്ങി. രജൗറിയിലും ഡ്രോണ്‍ ആക്രമണം ഉണ്ടായി.

വെടിനിര്‍ത്തല്‍ ധാരണയായതായി ഇന്ത്യയും പാക്കിസ്ഥാനും ഔദ്യോഗികമായി അറിയിക്കുകയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടു.

Tags:    

Similar News