'ഒരു ദശാബ്ദത്തോളം ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയ രാജ്യം; എത്ര നുണകള്‍ ആവര്‍ത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാവില്ല; ഭീകരവാദ കയറ്റുമതി രാജ്യത്തിന്റെ പ്രചാരണം അത്ഭുതപ്പെടുത്തുന്നില്ല; അതാണ് വിജയമെങ്കില്‍ നിങ്ങളത് ആസ്വദിച്ചോളൂ'; യുഎന്നില്‍ പാക്കിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ; പാക് പ്രധാനമന്ത്രിക്ക് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഇന്ന് മറുപടി നല്‍കും

പാക് പ്രധാനമന്ത്രിക്ക് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഇന്ന് മറുപടി നല്‍കും

Update: 2025-09-27 04:59 GMT

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ. ഭീകരവാദത്തെ മഹത്വപ്പെടുത്തുകയും വ്യാജ പ്രചാരണങ്ങള്‍ നടത്തുകയുമാണെന്ന് യുഎന്നിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗലോട്ട് ആരോപിച്ചു. ഷെരീഫിന്റെ പ്രസ്താവനകള്‍ അസംബന്ധ പരാമര്‍ശങ്ങളാണെന്നും പാകിസ്ഥാന്‍ ഒരിക്കല്‍ക്കൂടി വികലമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരവാദമെന്നത് പാകിസ്താന്റെ വിദേശനയത്തിന്റെ കേന്ദ്ര ബിന്ദുവാണെന്നും പെറ്റല്‍ ഗലോട്ട് പറഞ്ഞു.

എത്ര നുണകള്‍ ആവര്‍ത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാവില്ലെന്ന് ഗെലോട്ട് പറഞ്ഞു. ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികളെ പാക് ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നു. ആഗോള ഭീകരര്‍ക്ക് എന്നും അഭയസ്ഥാനമാണ് പാകിസ്ഥാന്‍. ഒരു ദശാബ്ദത്തിലേറെയാണ് ഒസാമ ബിന്‍ലാദന് അഭയം നല്‍കിയത്. പാകിസ്ഥാനില്‍ ഭീകരവാദ ക്യാംപുകള്‍ നടത്തുന്നതായി മന്ത്രിമാര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പെറ്റല്‍ ഗെലോട്ട് പറഞ്ഞു.

പാകിസ്ഥാന്റെ ഭീകരവാദ ചരിത്രം ചൂണ്ടിക്കാട്ടി പെറ്റല്‍ ഗെലോട്ട് കടുത്ത വിമര്‍ശനമുയര്‍ത്തി. 'ഒരു നാടകത്തിനും എത്ര വലിയ നുണകള്‍ക്കും വസ്തുതകളെ മറച്ചുവെക്കാനാവില്ല. ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ 'റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരസംഘടനയെ, 2025 ഏപ്രില്‍ 25-ന് യുഎന്‍ രക്ഷാസമിതിയില്‍ വെച്ച് സംരക്ഷിക്കാന്‍ ശ്രമിച്ച അതേ പാകിസ്ഥാനാണ് ഇത്,' പെറ്റല്‍ ഗെലോട്ട് പറഞ്ഞു.

വര്‍ഷങ്ങളായി ഭീകരവാദത്തെ വളര്‍ത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇത്രയും വിചിത്രമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അത്ഭുതമില്ല. ഒസാമ ബിന്‍ ലാദനെ ഒരു പതിറ്റാണ്ടോളം സംരക്ഷിക്കുകയും അതേ സമയം ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ പങ്കാളിയായി അഭിനയിക്കുകയും ചെയ്ത രാജ്യമാണിത്. തങ്ങള്‍ പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് അവരുടെ മന്ത്രിമാര്‍ അടുത്തിടെ സമ്മതിച്ച കാര്യവും ഈ വേളയില്‍ ഓര്‍ക്കണം.ഈ ഇരട്ടത്താപ്പ് അതിന്റെ പ്രധാനമന്ത്രിയുടെ തലത്തില്‍ പോലും തുടരുന്നതില്‍ ഒട്ടും അതിശയിക്കേണ്ടതില്ലെന്നും പെറ്റല്‍ ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

പാക് ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനിടെ മെയ് ഒന്‍പതുവരെ ഇന്ത്യക്കെതിരെ കൂടുതല്‍ ആക്രമണം നടത്തുമെന്നായിരുന്നു പാകിസ്ഥാന്റെ ഭീഷണി. എന്നാല്‍ മെയ് പത്തിന് വെടിനിര്‍ത്തലിന് പാകിസ്ഥാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. അതിന്റെ തെളിവുകള്‍ ലഭ്യമാണ്. അത് വിജയമാണെന്ന് പാകിസ്ഥാന് തോന്നുണ്ടെങ്കില്‍ ആ വിജയം ആസ്വദിക്കാന്‍ പാകിസ്ഥാനെ സ്വാഗതം ചെയ്യുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമം കരാറിലെ വ്യവസ്ഥകളുടെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണെന്നു ഷഹബാസ് യുഎന്നില്‍ പറഞ്ഞു. പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ജലത്തിലുള്ള അവകാശം സംരക്ഷിക്കും. കരാറിന്റെ ഏതൊരു ലംഘനവും യുദ്ധത്തിന്റെ നടപടിയായി കണക്കാക്കുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു.

യുഎന്‍ സമ്മേളനത്തിനെത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്ന 'സമാധാനത്തിന്റെ വക്താവാണ്' ട്രംപ് എന്നു വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷവും അദ്ദേഹം പരിഹരിച്ചുവെന്ന് പുകഴ്ത്തി.

Tags:    

Similar News