'ഇന്ത്യ താരിഫ് ഗണ്യമായി കുറയ്ക്കുന്നുവെന്ന് ഞാന്‍ കേട്ടു, മറ്റുനിരവധി രാജ്യങ്ങളും താരിഫ് കുറയ്ക്കാന്‍ പോകുന്നു': ഏപ്രില്‍ 2 ന് പകരത്തിന് പകരം തീരുവ നടപ്പാക്കാനിരിക്കെ സഖ്യരാഷ്ട്രങ്ങള്‍ ചൈനയോട് അടുക്കുമെന്ന ആശങ്ക തള്ളി ട്രംപ്; തന്റെ തന്ത്രങ്ങളും നയങ്ങളും ജയിക്കുന്നുവെന്ന ആത്മവിശ്വാസത്തില്‍ യുഎസ് പ്രസിഡന്റ്
ഇന്ത്യ താരിഫ് കുറയ്ക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ ഉടന്‍ തന്നെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഏപ്രില്‍ 2 ന് പകരത്തിന് പകരം നികുതി ഏര്‍പ്പെടുത്താനിരിക്കെയാണ് ട്രംപിന്റെ അവകാശവാദം. ഏപ്രില്‍ രണ്ട് അമേരിക്കന്‍ വാണിജ്യ മേഖലയ്്ക്ക് വിമോചന ദിനമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ സംസാരിക്കവേയാണ് ഇന്ത്യയ്ക്ക് പുറമേ മറ്റു അമേരിക്കന്‍ സഖ്യ രാഷ്ട്രങ്ങളും ഇറക്കുമതി തീരുവ കുറയ്ക്കുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചത്.
പകരത്തിന് പകരം നികുതി അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളെ ചൈനയോട് അടുപ്പിക്കുമെന്ന ആശങ്കകളെ അദ്ദേഹം തള്ളി. യൂറോപ്യന്‍ യൂണിയന്‍ കാറുകളുടെ തീരുവ അടുത്തിടെ 2.5 ശതമാനമായി കുറച്ചതാണ് തന്റെ തന്ത്രത്തിന്റെ വിജയമായി അദ്ദേഹം എണ്ണുന്നത്.
' ഇന്ത്യ താരിഫ് ഗണ്യമായി കുറയ്ക്കുന്നുവെന്ന് ഞാന്‍ കേട്ടു. മറ്റുനിരവധി രാജ്യങ്ങളും താരിഫ് കുറയ്ക്കാന്‍ പോകുന്നു', യുഎസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ വലിയ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ചൊവ്വാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് രംഗത്തെത്തിയിരുന്നു. 'ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും അമേരിക്കയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുകയാണ്. ഈ രാജ്യങ്ങള്‍ വര്‍ഷങ്ങളായി അമേരിക്കയെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്', എന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് സമ്മര്‍ദ്ദത്തിലാണ് ആഗോള വിപണി. ട്രംപ് തുടങ്ങി വച്ച വ്യാപാര യുദ്ധം ആഗോള തലത്തില്‍ ഓഹരി വിപണികളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതിന്റെ അനുരണനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണികളിലും പ്രകടമായിരുന്നു. ഇപ്പോഴിതാ ഏപ്രില്‍ രണ്ടിന് ട്രംപ് പ്രഖ്യാപിച്ച 20 ശതമാനം തീരുവ നിലവില്‍ വരുന്നതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.
വ്യാപാര യുദ്ധം മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് ആഗോള ഓഗരി വിപണി. ഏഷ്യന്‍ ഓഹരി വിപണിയിലും ഇടിവ് രേഖപ്പെടുത്തി. അതിനിടെ, ലോകത്തെ എല്ലാരാജ്യങ്ങള്‍ക്കു മേലും യുഎസ് നികുതി ചുമത്തുമെന്ന് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. പകര തീരുവ നിലവില്‍ വരുന്ന ഏപ്രില്‍ രണ്ട് രാജ്യത്തിന്റെ 'വിമോചനദിന'മായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. 'എല്ലാരാജ്യങ്ങളിലും തുടങ്ങാം. എന്തുസംഭവിക്കുമെന്ന് നോക്കാം', എന്നായിരുന്നു എയര്‍ഫോഴ്സ് വണ്ണില്‍ വച്ച് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ, 10- 15 വരെ രാജ്യങ്ങള്‍ക്ക് മേലായിരിക്കും നികുതി ചുമത്തുക എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ രാജ്യങ്ങള്‍ക്കും മേലേ തീരുവ എന്നാണ് ട്രംപ് പറയുന്നത്.