ഇന്ത്യയും മാലദ്വീപും അടുക്കുന്നത് വാഷിങ്ടണ്‍ പോസ്റ്റിന് പിടിച്ചില്ല; പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിച്ചെന്ന് ആരോപിച്ച് കുത്തിത്തിരിപ്പുമായി റിപ്പോര്‍ട്ട്; 40 എംപിമാരെ കോഴ നല്‍കി സ്വാധീനിച്ച് മുയിസുവിനെ പുറത്താക്കാന്‍ 'റോ' ഗൂഢാലോചന നടത്തി? നിഷേധിച്ച് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്

മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിച്ചെന്ന് ആരോപിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

Update: 2025-01-01 07:41 GMT

ന്യൂഡല്‍ഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാന്‍ ഇന്ത്യ പദ്ധതി തയ്യാറായാക്കിയെന്നും പിന്നീട് ഉപേക്ഷിച്ചെന്നും ആരോപിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. 2023 ല്‍ മുയിസുവിനെ പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷമാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ രഹസ്യനീക്കം നടന്നതെന്നാണ് ആരോപണം.

മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പുറത്താക്കാനും ചൈനയുടെ സ്വാധീനം ദ്വീപില്‍ വര്‍ദ്ധിപ്പിക്കാനുമുള്ള മുയിസുവിന്റെ നീക്കമാണ് ഇന്ത്യയെ ചൊടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഡെമോക്രാറ്റിക് റിന്വീവല്‍ ഇനിഷ്യേറ്റീവ് എന്ന പദ്ധതി പ്രകാരം ഇന്റലിജന്‍സ് ഏജന്‍സിയായ'റോ' ആണ് നീക്കം നടത്തിയതെന്ന് വാഷ്ടിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. റിപ്പോര്‍ട്ടിനോട് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മാലദ്വീപ് പാര്‍ലമെന്റിലെ 40 എംപിമാര്‍ക്ക് ( മുയിസുവിന്റെ പാര്‍ട്ടിയില്‍ (പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ്) ഉള്ളവരടക്കം) കോഴ കൊടുത്ത് പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് പുറത്താക്കാനായിരുന്നു നീക്കം. വിജയം ഉറപ്പാക്കാന്‍ മുതിര്‍ന്ന സൈനിക, പൊലീസ് ഉദ്യോഗസ്ഥരുടെയും ക്രിമിനല്‍ സംഘങ്ങളുടെയും പോലും പിന്തുണ തേടി. 6 കോടി രൂപ ഇതിനു വേണ്ടി ചെലവാകുമെന്നും കണക്കുകൂട്ടി.




 2024 ജനുവരിയില്‍ റോ ഏജന്റുമാര്‍ മുയിസുവിനെ നീക്കുന്ന കാര്യത്തില്‍ മാലദ്വീപ് പ്രതിപക്ഷ നേതാക്കളുമായി രഹസ്യമായി ചര്‍ച്ച നടത്തിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക ആലോചനയ്ക്ക് ശേഷമുള്ള ആഴ്ചകളില്‍ പ്രതിപക്ഷ നേതാക്കള്‍ കൂടിയാലോചിച്ച് 40 എംപിമാരെ വശത്താക്കുന്ന കാര്യം ആസൂത്രണം ചെയ്തു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ 10 മുതിര്‍ന്ന സൈനിക-പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മൂന്നു സ്വാധീനമുള്ള ക്രിമിനല്‍ സംഘങ്ങള്‍ക്കും കോഴ നല്‍കാനും പദ്ധതിയുണ്ടായിരുന്നു. ആറ് കോടി രൂപയാണ് ഗൂഢാലോചനക്കാര്‍ ആവശ്യപ്പെട്ടത്.

വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന 'റോ' ഉദ്യോഗസ്ഥനും മുന്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസ് ഉദ്യോഗസ്ഥനുമായ ശിരീഷ് തോറത്ത്, ബിജെപി മുന്‍ വക്താവായിരുന്ന പത്രപ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ സാവിയോ റോഡ്രിഗസ് എന്നീ രണ്ട് ഇടനിലക്കാരാണ് മുയിസുവിനെ അട്ടിമറിക്കാനുള്ള സാധ്യതകള്‍ തേടിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അത്തരമൊരു പദ്ധതി നിലവിലുണ്ടെന്ന് തോറാട്ടും റോഡ്രിഗസും വാഷിങ്ടന്‍ പോസ്റ്റിനോട് സ്ഥിരീകരിച്ചങ്കിലും അവര്‍ ഇന്ത്യയുടെ ഔദ്യോഗിക വക്താക്കളല്ല.

എന്നാല്‍, മാസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷവും മതിയായ എംപിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ പരാജയപ്പെട്ടതോടെ ഇന്ത്യ പദ്ധതിയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ഇംപീച്ച്‌മെന്റി്‌ലൂടെ നീക്കുന്നത് മാദലദ്വീപിനെ അസ്ഥിരപ്പെടുത്തുമെന്നും രാഷ്ട്രീയ അസ്ഥിരതയുള്ള രാജ്യം കൂടുതല്‍ മത മൗലികവാദത്തിലേക്ക് വഴുതി വീഴുമെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയതും പിന്മാറ്റത്തിന് കാരണമായി.

എന്നാല്‍, വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മുന്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് നിഷേധിച്ചു. മുയിസുവിനെ പുറത്താക്കാനുള്ള ഏതെങ്കിലും ഗൗരവമായ ഗൂഢാലോചനയെ കുറിച്ച് തനിക്ക് അറിവില്ലെന്നും ഇന്ത്യ ഒരിക്കലും അത്തരമൊരു നീക്കത്തെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 2018നും 2023നും ഇടയില്‍ മാലദ്വീപില്‍ അധികാരത്തിലിരുന്ന നഷീദിന്റെ എംഡിപി ( മാലദ്വീപ് ഡമോക്രാറ്റിക് പാര്‍ട്ടി) ഇന്ത്യയെ ഒരു സുഹൃത് രാഷ്ട്രമായാണ് കണക്കാക്കിയത്. എന്നാല്‍, മുയിസു തന്റെ ചൈനീസ് പക്ഷപാതിത്വം മറച്ചുവച്ചില്ല. സമീപകാലത്ത് ഇന്ത്യയും മാലദ്വീപും തമ്മിലുളള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് കുത്തിത്തിരിപ്പുമായി വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്.

Tags:    

Similar News