റോള്‍സ് റോയ്‌സും ആസ്റ്റണ്‍ മാര്‍ട്ടിനും ലാന്‍ഡ് റോവറും ജഗ്വാറും ഇനി താങ്ങാവുന്ന വിലയ്ക്ക്; ജോണി വാക്കറും, ഗ്ലെന്‍ലിവെറ്റും, ഷിവാസ് റീഗലും നുണഞ്ഞ് ബ്രിട്ടീഷ് ചോക്ലേറ്റ് മുതല്‍ സാല്‍മണ്‍ മത്സ്യത്തിന് വില കുറയുന്നത് വരെ ചര്‍ച്ച ചെയ്യാം; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചതോടെ വില കുറയുന്ന ഉത്പന്നങ്ങള്‍ ഇവ; പ്രൊഫഷണലുകള്‍ക്കും നേട്ടം
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചതോടെ വില കുറയുന്ന ഉത്പന്നങ്ങള്‍ ഇവ
ന്യൂഡല്‍ഹി: മൂന്നുവര്‍ഷം നീണ്ട വ്യാപാര ചര്‍ച്ചകള്‍ക്കൊടുവില്‍ കേള്‍ക്കുന്നത് ശുഭവാര്‍ത്തയാണ്. ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഒപ്പിട്ടതോടെ നിരവധി ബ്രിട്ടീഷ് ഉത്പന്നങ്ങളാണ് ഇന്ത്യാക്കാര്‍ക്ക് വില കുറച്ച് കിട്ടാന്‍ പോകുന്നത്. വര്‍ഷന്തോറും 34 ബില്യന്‍ ഡോളറായി ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിരവധി മേഖലകളില്‍ ഇന്ത്യാക്കാര്‍ക്ക് തൊഴിലവസരങ്ങളും, നൈപുണ്യ ശേഷി വികസനത്തിനും, വളര്‍ച്ചയ്ക്കും ഉള്ള പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നു. ഐടി, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രൊഫഷണല്‍ സര്‍വീസസ്, മാനേജ്‌മൈന്റ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിച്ചെക്ചര്‍, എഞ്ചിനിയറിങ് തുടങ്ങിയവയില്‍ യുവാക്കള്‍ക്ക് കരിയറുകള്‍ വികസിപ്പിക്കാം. അതിനൊപ്പം യുവ സംരംഭകര്‍ക്കും, യുകെയില്‍ കരിയര്‍ വളര്‍ച്ചയ്ക്കായി ശ്രദ്ധയൂന്നുന്നവര്‍ക്കും സ്വതന്ത്ര വ്യാപാര കരാര്‍ തുണയാകും.
ഇന്ത്യയുമായുള്ള ചരിത്രപ്രധാനമായ വാണിജ്യ കരാര്‍ ബ്രിട്ടന് വലിയ വിജയമാണെന്നും അത് യുകെയിലുടനീളം ബ്രീട്ടീഷുകാര്‍ക്ക് ആയിരക്കണക്കിന് തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. 26 ബ്രിട്ടീഷ് കമ്പനികള്‍ ഇന്ത്യയില്‍ പുതിയ ബിസിനസുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
കരാറില്‍ നിന്ന് ഇന്ത്യയ്ക്കുള്ള നേട്ടങ്ങള്‍
യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍, എയ്‌റോസേപസ് പാര്‍ട്ടുകള്‍ എന്നിവ ഇന്ത്യയിലെ വ്യവസായികള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ വിലയില്‍ കിട്ടും
ബ്രിട്ടനിലെ സോഫ്റ്റ് ഡ്രിങ്കുകള്‍, കോസ്‌മെറ്റിക്‌സ്, ബിസ്‌കറ്റുകള്‍, സാല്‍മണ്‍ മത്സ്യം, കാറുകള്‍ എന്നിവ ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ കിട്ടും. ഇവയുടെ ശരാശരി താരിഫുകള്‍ 15 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി കുറയും
ഇലക്ട്രിക് വാഹനങ്ങളുടെ താരിഫ് 110 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയും.
ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഇനി സ്‌കോച്ച് വിസ്‌കി അടക്കം ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ കയറ്റുമതി ചെയ്യാം. വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉടന്‍ കുറയും. 10 വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി 40 ശതമാനമായും കുറയും. ജോണി വാക്കറും, ഗ്ലെന്‍ലിവെറ്റും, ഷിവാസ് റീഗല്‍ 18 ഇയര്‍ ഓള്‍ഡും, മാക്കല്ലനും വില കുറച്ചുകിട്ടും.
സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യാകുന്നതോടെ, ചില ബ്രിട്ടീഷ് മോഡല്‍ കാറുകളുടെ തീരുവ 110 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും. ലാന്‍ഡ് റോവര്‍, ജഗ്വാര്‍( ടാറ്റ മോട്ടോഴ്‌സ് ഉടമസ്ഥര്‍), ലോട്ടസ്, റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, മാക് ലാറന്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്നിവയാണ് ഇന്ത്യന്‍ വിപണിയിലെ പ്രധാന ബ്രിട്ടീഷ് ഓട്ടോമൊബൈല്‍ കമ്പനികള്‍. കരാര്‍ യാഥാര്‍ഥ്യമാകും മുമ്പ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. അതിന് ഒരുവര്‍ഷം സമയമെടുക്കും എന്നാണ് സൂചന.
കൃഷിക്കാര്‍ക്ക് നേട്ടങ്ങള്‍
ഇന്ത്യന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായി ബ്രിട്ടീഷ് വിപണികള്‍ തുറക്കാന്‍ കരാര്‍ നിര്‍ദ്ദേശിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ കാര്‍ഷിക കയറ്റുമതിക്കാരേക്കാള്‍ മികച്ച ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ലഭിക്കും. മഞ്ഞള്‍, കുരുമുളക്, ഏലക്ക, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളായ മാങ്ങ പള്‍പ്പ്, അച്ചാര്‍, ധാന്യങ്ങള്‍ എന്നിവയ്ക്കാണ് തീരുവ ഒഴിവാക്കിയത്. ഇത് ഇന്ത്യന്‍ കര്‍ഷകരുടെ വിപണി സാധ്യതയും ലാഭവും വര്‍ദ്ധിപ്പിക്കും.
കരാര്‍ പ്രകാരം യുകെയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ തീരുവ രഹിത വില്‍പ്പന നടത്താം. ബ്രിട്ടീഷ് ഇറക്കുമതി ഇന്ത്യന്‍ കാര്‍ഷിക ഉത്പന്ന വിലയില്‍ ആഘാതമേല്‍പ്പിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു. പാലുല്‍പന്നങ്ങള്‍, ആപ്പിള്‍, ഓട്‌സ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഇളവ് നല്‍കാത്തതിനാല്‍ ആഭ്യന്തര കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തീരദേശ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, ഒഡീഷ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ മത്സ്യമേഖലയ്ക്കും ഗുണം ചെയ്യുന്നതാണ് കരാര്‍. നേരത്തെ കൊഞ്ച്, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ക്കും മീന്‍ പൊടി, മീന്‍ തീറ്റ തുടങ്ങിയ മത്സ്യ ഉല്‍പന്നങ്ങള്‍ക്ക് ബ്രിട്ടിഷ് മാര്‍ക്കറ്റില്‍ 4.2 മുതല്‍ 8.5 ശതമാനം വരെ തീരുവ ഉണ്ടായിരുന്നെങ്കില്‍ ഇനിമുതല്‍ തീരുവയില്ലാതെ ഇവ ബ്രിട്ടിഷ് വിപണിയിലേക്ക് കയറ്റി അയയ്ക്കാനാകും.
ലെതര്‍ ഫുട് വെയര്‍, വസ്ത്രം എന്നിവയുടെ കയറ്റുമതി എളുപ്പമാകും. അതുകൂടാതെ, യുകെ ഇറക്കുമതിയുടെ ശരാശരി നികുതി 15% ല്‍ നിന്ന് 3% ആയി കുറയും, ഇത് പ്രീമിയം യുകെ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യമായ വിലയിലാകും
യുകെയിലെ ജീവിതവും എളുപ്പമാക്കും
ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ, വ്യാപാര കരാര്‍ ഇന്ത്യാക്കാര്‍ക്ക് യുകെയിലെ ജീവിതം എളുപ്പമാക്കും. സ്ഥാപനങ്ങള്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും യുകെയിലെ 36 സര്‍വീസ് മേഖലകളില്‍ പ്രവേശനം കിട്ടും. യുകെയില്‍ ഓഫീസ് പോലുമില്ലാതെ രണ്ടുവര്‍ഷത്തേക്ക് യുകെയിലെ 35 മേഖലകളില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാം. വര്‍ഷന്തോറും 60,000 ഐടി പ്രൊഫഷണലുകള്‍ക്ക് ഇത് ഗുണകരമാകുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ എന്നീ കമ്പനികള്‍ക്ക് നേട്ടമാകും.
കരാര്‍ പ്രകാരം, മൂന്നുവര്‍ഷത്തേക്ക് യുകെ സാമൂഹിക സുരക്ഷാ പേയ്മന്റുകളില്‍ നിന്ന് ഇന്ത്യന്‍ പ്രൊഫഷണനലുകളെ ഒഴിവാക്കും. യുകെ തൊഴില്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഷെഫുമാര്‍, യോഗ ടീച്ചര്‍മാര്‍, സംഗീതജ്ഞര്‍, മറ്റുകരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് സഹായകരമാകും.