ജമ്മു കശ്മീരില്‍ ഗ്രാമത്തിലെ വീടുകളില്‍ ഒളിച്ചിരുന്നും സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു; ഗ്രാമവാസികളെ മറയാക്കാനും ശ്രമം; ദുര്‍ഘട സാഹചര്യങ്ങളെ അതിജീവിച്ച് ഭീകരരെ തേടിപ്പിടിച്ച് വേട്ടയാടി സംയുക്ത ഓപ്പറേഷന്‍; 48 മണിക്കൂറിനുള്ളില്‍ വധിച്ചത് കൊടുംഭീകരന്‍ ഷാഹിദ് കുട്ടേയടക്കം ആറ് ഭീകരരെ; സൈന്യത്തിനും സിആര്‍പിഎഫിനുമൊപ്പം ജമ്മു കശ്മീര്‍ പൊലീസും; പഹല്‍ഗാമിന് പിന്നാലെ കനത്ത ജാഗ്രതയില്‍ സുരക്ഷ സേന

ജമ്മു കശ്മീരില്‍ ഭീകരരെ തേടിപ്പിടിച്ച് സംയുക്ത ഓപ്പറേഷന്‍

Update: 2025-05-16 10:40 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകര വിരുദ്ധ നടപടികള്‍ ശക്തമാക്കി സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും ഉള്‍പ്പെട്ട സംയുക്ത ഓപ്പറേഷന്‍. കശ്മീരില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ട് സുപ്രധാന ഓപ്പറേഷനുകളാണ് സുരക്ഷ സേന വിജയകരമായി പൂര്‍ത്തിയാക്കിയത്. ആറ് ഭീകരരെ വധിക്കുകയും ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ ജിഒസി വിക്ടര്‍ ഫോഴ്‌സ് മേജര്‍ ജനറല്‍ ധനഞ്ജയ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.

'സിആര്‍പിഎഫ്, സൈന്യം, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായാണ് രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ഷോപ്പിയാനിലെ കെല്ലാര്‍, പുല്‍വാമയിലെ ത്രാല്‍ എന്നിവിടങ്ങളിലാണ് ഓപ്പറേഷന്‍ നടത്തിയത്. ആറ് ഭീകരരെ വധിക്കാന്‍ കഴിഞ്ഞു. സുരക്ഷാ സേനയുടെ ഏകോപനമാണ് ഇത് സാധ്യമാക്കിയത്.' മേജര്‍ ജനറല്‍ ധനഞ്ജയ് ജോഷി പറഞ്ഞു.

''കൊല്ലപ്പെട്ട ആറ് ഭീകരരില്‍ ഒരാളായ ഷാഹിദ് കുട്ടേ രണ്ട് പ്രധാന ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജര്‍മന്‍ വിനോദസഞ്ചാരിക്കെതിരായ ആക്രമണവും ഇതില്‍ ഉള്‍പ്പെടുന്നു. ഭീകരവാദത്തിന് ഫണ്ട് ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ട്'' മേജര്‍ ജനറല്‍ ധനഞ്ജയ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു.

'കശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ സുരക്ഷാ സേനകളും അവരുടെ തന്ത്രങ്ങള്‍ അവലോകനം ചെയ്തു. ഈ അവലോകനത്തെ തുടര്‍ന്ന്, ഓപ്പറേഷനുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനമായി. ഈ തീവ്രമായ ശ്രദ്ധയുടെയും ഏകോപനത്തിന്റെയും അടിസ്ഥാനത്തില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ രണ്ട് വിജയകരമായ ഓപ്പറേഷനുകള്‍ നടത്തി.

അതില്‍ ഞങ്ങള്‍ക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഷോപ്പിയാന്‍, ത്രാല്‍ മേഖലകളിലാണ് രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ഇത് മൊത്തം ആറ് ഭീകരവാദികളെ വധിക്കുന്നതില്‍ കലാശിച്ചു. കശ്മീര്‍ താഴ്വരയിലെ ഭീകരത അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.' കശ്മീര്‍ ഐജിപി വി കെ ബിര്‍ഡി പറഞ്ഞു.

ത്രാലിലും ഷോപ്പിയാനിലും അതീവ ദുഷ്‌കരമായ ദുര്‍ഘടസാഹചര്യങ്ങളെ അതിജീവിച്ചാണ് ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കിയത്. ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സേനാവിഭാഗങ്ങള്‍ ഉറപ്പ് നല്‍കി.

മെയ് 14ന് കെല്ലാറിലാണ് ആദ്യ ഓപ്പറേഷന്‍ നടന്നത്. ഭീകരര്‍ക്ക് വേണ്ടി നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവില്‍ മൂന്ന് ഭീകരരെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം മെയ് 15ന് ത്രാലിലും സമാനമായ രീതിയിലുള്ള ഓപ്പറേഷന്‍ നടന്നു. ഇതിലും മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് സൈന്യം.

പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങി.സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചു. മലമേഖലയിലെ വനത്തില്‍ ഏറെ ദുഷ്‌കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്‍ത്തിയാക്കിയത്.

മൂന്ന് ഭീകരരെ വധിച്ചു. നാല്‍പത്തെട്ട് മണിക്കൂറിനുള്ളില്‍ അടുത്ത ഓപ്പറേഷന്‍. ത്രാലിലെ നാദേറില്‍ ഗ്രാമത്തിനകത്താണ് ഭീകരര്‍ എത്തിയത്.

ഗ്രാമത്തിലെ വീടുകളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഗ്രാമവാസികളെ മറയാക്കാന്‍ ശ്രമമുണ്ടായി. സാധാരണക്കാര്‍ക്ക് അപായമൊന്നും പറ്റാതെ വേണമായിരുന്നു ഭീകരരെ നേരിടേണ്ടത്. അതും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സേനാംഗങ്ങള്‍ക്ക് കഴിഞ്ഞു. ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച ഷാഹിദ്ദ് കുട്ടെ അടക്കമുള്ള ഭീകരരെയാണ് സൈന്യം വധിച്ചത്. വനമേഖലകളിലടക്കം സൈന്യം ഭീകരര്‍ക്കാര്‍ തെരച്ചില്‍ തുടരുകയാണ് സുരക്ഷ സേന വിശദീകരിച്ചു.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. ഇതിനുശേഷമാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയത്. ഇതിനു പിന്നാലെ കശ്മീരില്‍ ഭീകര്‍ക്കെതിരെ സേനകള്‍ പോരാട്ടം ശക്തമാക്കിയിരുന്നു.

Tags:    

Similar News